Leading News Portal in Kerala

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ആദ്യ വനിതാ സിഇഒ മലയാളി; പ്രിയ നായരുടെ വരവോടെ ഓഹരി വിപണിയില്‍ കമ്പനി കുതിക്കുന്നു Hindustan Unilevers first female CEO is a Malayali company is soaring in the stock market with the arrival of Priya Nair


2023 മുതല്‍ ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ബിസിനസ് വിഭാഗമായ ബ്യൂട്ടി ആന്‍ഡ് വെല്‍ബീയിംഗ് വിഭാഗം പ്രസിഡന്റാണ് പ്രിയ നായര്‍. ഡോവ്, സണ്‍സില്‍ക്ക്, ക്ലിയര്‍, വാസ്‌ലൈന്‍ തുടങ്ങി മുടി, ചര്‍മ്മസംരക്ഷണ വിഭാഗത്തിലുള്ള വിവിധ ബ്രാന്‍ഡുകളുടെ 13.2 ബില്യണ്‍ പൗണ്ടിന്റെ ബിസിനസ് ആണ് അവര്‍ കൈകാര്യം ചെയ്യുന്നത്. എച്ച്‍യുഎല്ലിന്റെ 20-ല്‍ അധികം വിപണികളിലായി വ്യാപിച്ചുകിടക്കുന്ന ഒരു പ്രധാന ബിസിനസ് വിഭാഗമാണിത്.

പ്രിയ നായരുടെ നിയമനം പ്രഖ്യാപിച്ചതിനു പിന്നാലെ ഓഹരി വിപണിയില്‍ എച്ച്‌യുഎല്‍ ഓഹരികള്‍ നേട്ടമുണ്ടാക്കി. ബിഎസ്ഇയില്‍ കമ്പനിയുടെ ഓഹരി മൂല്യം അഞ്ച് ശതമാനം വര്‍ദ്ധിച്ച് 2,518.65 രൂപയിലെത്തി. ഇതോടെ കമ്പനിയുടെ വിപണി മൂല്യം ആറ് ലക്ഷം കോടി രൂപയ്ക്കടുത്തെത്തി. നിക്ഷേപകര്‍ ഉറ്റുനോക്കുന്ന ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനിയായ എച്ച്‌യുഎല്ലിനെ സംബന്ധിച്ച് നാടകീയമായൊരു മാറ്റത്തിന്റെ സൂചനയാണ് ഈ നിയമനമെന്നാണ് വിപണിയില്‍ നിന്നുള്ള വിലയിരുത്തല്‍.

കമ്പനി വളർച്ച പ്രതിസന്ധി നേരിടുന്ന നിര്‍ണായക നിമിഷത്തിലാണ് 53-കാരിയായ പ്രിയ നായര്‍ എച്ച്‍യുഎല്ലിന്റെ തലപ്പത്തേക്ക് നിയമിക്കപ്പെടുന്നത്. ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകാലമായി അവര്‍ കമ്പനിക്കൊപ്പമുണ്ട്. മന്ദഗതിയിലുള്ള വളര്‍ച്ചയെയും ഉപഭോക്തൃ ഉത്പന്ന വിഭാഗത്തില്‍ പുതുതലമുറ ബ്രാന്‍ഡുകളില്‍ നിന്നും വര്‍ദ്ധിച്ചുവരുന്ന മത്സരക്ഷമതയെയും നേരിടാനുള്ള ധീരമായ ചുവടുവെപ്പിന്റെ സൂചനയാണ് പ്രിയ നായരുടെ സ്ഥാനക്കയറ്റം.

പ്രിയ നായരുടെ മുന്‍കാല ട്രാക്ക് റെക്കോര്‍ഡിലാണ് നിക്ഷേപകരുടെ ശുഭാപ്തി വിശ്വാസം വേരൂന്നിനില്‍ക്കുന്നത്. അതിന്റെ സൂചനയാണ് ഇവരുടെ നിയമനത്തിനു പിന്നാലെ ഓഹരി വിപണിയില്‍ ദൃശ്യമായത്. കമ്പനിയുടെ മോശം പ്രകടനം കാഴ്ച്ചവെക്കുന്ന ബിസിനസ് വിഭാഗങ്ങളില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിപ്പിക്കാന്‍ പ്രിയ നായരുടെ നേതൃത്വത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ.

2014 മുതല്‍ 2020 വരെ എച്ച് യുഎല്‍ ഹോം കെയറിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു പ്രിയ. ഈ വിഭാഗത്തില്‍ നികുതിക്കും മറ്റ് ചെലവുകള്‍ക്കും മുമ്പുള്ള കമ്പനിയുടെ വരുമാനം ഉയര്‍ത്തികൊണ്ടുള്ള ഒരു പരിവര്‍ത്തനത്തിന് അവര്‍ നേതൃത്വം നല്‍കി. സാമ്പത്തിക വര്‍ഷം 2014-നും 2020നും ഇടയില്‍ ഹോം കെയര്‍ വിഭാഗത്തില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം 13.1 ശതമാനത്തില്‍ നിന്നും 18.8 ശതമാനമായി ഉയര്‍ന്നു. ഇത് കമ്പനിയുടെ മൊത്തം പ്രവര്‍ത്തന വരുമാനം 15 ശതമാനത്തില്‍ നിന്നും 22.3 ശതമാനമായി ഉയര്‍ത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു.

2020 മുതല്‍ 2022 വരെ ബ്യൂട്ടി ആന്‍ഡ് വെല്‍ബീയിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന പ്രിയ നായര്‍ പ്രീമിയം ഉത്പന്ന വിഭാഗത്തില്‍ തന്ത്രപരമായ വരുമാന വളര്‍ച്ചയ്ക്ക് വഴിയൊരുക്കി. ഉയര്‍ന്ന മൂല്യമുള്ള ഉത്പന്നങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഉപഭോക്തൃ മനോഭാവം പ്രയോജനപ്പെടുത്തികൊണ്ട് പ്രീമിയം വിഭാഗത്തില്‍ നിന്നുള്ള പങ്കാളിത്തം 20 ശതമാനത്തില്‍ നിന്നും 26 ശതമാനമായി ഉയര്‍ത്താന്‍ പ്രിയ നായരുടെ നേതൃത്വത്തിന് സാധിച്ചു.

ആഗോള തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒരു മുഖമാണ് പ്രിയ നായര്‍. അവരുടെ ഈ പ്രശസ്തിയും വിവിധ വിഭാഗങ്ങളില്‍ സേവനമനുഷ്ഠിച്ചതിന്റെ വൈദഗ്ദ്ധ്യവും എച്ച്‍യുഎല്ലിന്റെ വളര്‍ച്ചാ ലക്ഷ്യങ്ങള്‍ക്ക് മുതല്‍കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയില്‍ പുതിയ തന്ത്രങ്ങള്‍ കമ്പനി പ്രയോജനപ്പെടുത്താനൊരുങ്ങുന്നതിനിടയിലാണ് ഈ നേതൃമാറ്റമെന്നതും ശ്രദ്ധേയമാണ്. കമ്പനിയുടെ രണ്ട് പ്രധാന വിപണികളില്‍ ഒന്നാണ് ഇന്ത്യയെന്ന് കമ്പനിയുടെ ആഗോള സിഇഒ ഫെര്‍ണാണ്ടോ ഫെര്‍ണാണ്ടസ് അടുത്തിടെ വീണ്ടും പറഞ്ഞിരുന്നു. 2024 നവംബറില്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള പദ്ധതിയും കമ്പനി അറിയിച്ചിരുന്നു.

നോമുറ അടക്കമുള്ള ബ്രോക്കറേജ് സ്ഥാപനങ്ങളും ഈ നേതൃമാറ്റത്തെ പോസിറ്റീവായാണ് വിലയിരുത്തിയിട്ടുള്ളത്. വിപണിയിലെ മത്സരാധിഷ്ഠിതമായ വെല്ലുവിളികളെ മറികടക്കുന്നതിനും ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് വേഗം കൂട്ടാനും ഉപഭോക്തൃ വിപണിയിലെ ആവസരങ്ങള്‍ ഉപയോഗപ്പെടുത്താനും ആവശ്യമായ പ്രോത്സാഹനം കമ്പനിക്ക് ഈ നേതൃമാറ്റം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നോമുറ പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്ത്യയില്‍ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള യൂണിലിവറിന്റെ ശക്തമായ പ്രതിബദ്ധതയായിട്ടാണ് ഈ നേതൃമാറ്റത്തെ കാണുന്നതെന്നും നോമുറ അഭിപ്രായപ്പെട്ടു.

രോഹിത് ജാവയുടെ പിന്‍ഗാമിയായാണ് പ്രിയ നായര്‍ എത്തുന്നത്. 2023-ല്‍ കമ്പനിയുടെ സിഇഒയും എംഡിയുമായി സ്ഥാനമേറ്റ രോഹിത് രണ്ട് വര്‍ഷം പ്രവര്‍ത്തിച്ച ശേഷമാണ് സ്ഥാനമൊഴിയുന്നത്. എന്നാല്‍ അദ്ദേഹത്തിന് അഞ്ച് വര്‍ഷമായിരുന്നു കാലാവധി. ഇത് പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് പ്രിയ നായരുടെ സ്ഥാനക്കയറ്റം. അസ്ഥിരമായിരുന്ന ബിസിനസ് സാഹചര്യത്തില്‍ കമ്പനിയെ മുന്നോട്ടുനയിച്ചത് രോഹിതാണ്.

പ്രതിസന്ധി ഘട്ടത്തില്‍ രോഹിത് കമ്പനിയെ നന്നായി നയിച്ചുവെന്നും വില്‍പ്പന മെച്ചപ്പെടുത്തുകയും സ്ഥിരത കൈവരിക്കുകയും ചെയ്യുന്നതിലൂടെ കമ്പനിയുടെ ഘടനാപരമായ മാറ്റത്തില്‍ തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും നുവാമ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇക്വിറ്റീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്‌നീഷ് റോയ് അറിയിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി എച്ച്‍യുഎല്ലിന്റെ വളര്‍ച്ച മന്ദഗതിയിലായിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ വരുമാനത്തില്‍ 2-3 ശതമാനത്തിന്റെ കുറഞ്ഞ വളര്‍ച്ച മാത്രമാണുണ്ടായിരുന്നത്. പുതുതലമുറ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും പ്രത്യോകിച്ച് ബ്യൂട്ടി ആന്‍ഡ് പേഴ്‌സണല്‍ കെയര്‍ വിഭാഗത്തില്‍ മത്സരം ശക്തമായതിനെ തുടര്‍ന്നായിരുന്നു ഇത്.

എന്നാല്‍ സമീപകാലത്തുണ്ടായ തിരിച്ചടികള്‍ക്കിടയിലും വിപണി വിദഗ്ദ്ധര്‍ കമ്പനിയുടെ പ്രകടനത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിപ്പിച്ചു. കമ്പനിയുടെ ഓഹരി വില 2,600 രൂപ വരെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എച്ച്‍യുഎല്ലിന്റെ ഓഹരി ഒന്നില്‍ നിന്നുള്ള നേട്ടം 2025-28 സാമ്പത്തിക വര്‍ഷത്തോടെ 8.5 ശതമാനം ഉയരുമെന്നും വിപണി വിലയിരുത്തുന്നു.

മറ്റ് വിഭാഗങ്ങളില്‍ നേതൃത്വം വഹിച്ചപ്പോള്‍ പ്രകടമാക്കിയ വിജയം പ്രിയ നായര്‍ക്ക് കമ്പനിയുടെ തലപ്പത്തും ആവര്‍ത്തിക്കാന്‍ കഴിയുമോ എന്നാകും നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്. കൂടാതെ എച്ച് യുഎല്ലിന്റെ സ്തംഭിച്ച വളര്‍ച്ചാ എഞ്ചിൻ വീണ്ടും വേഗത്തിലാക്കാന്‍ അവര്‍ക്ക് സാധിക്കുമോയെന്നും നിക്ഷേപകര്‍ നിരീക്ഷിക്കും.

മലയാളം വാർത്തകൾ/ വാർത്ത/Money/

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ആദ്യ വനിതാ സിഇഒ മലയാളി; പ്രിയ നായരുടെ വരവോടെ ഓഹരി വിപണിയില്‍ കമ്പനി കുതിക്കുന്നു