Leading News Portal in Kerala

ഓഹരിവിപണി അടിപതറിയപ്പോൾ നിക്ഷേപകരിലെ പുലി വാറന്‍ ബഫറ്റിന് 127 കോടി ഡോളറിന്റെ നേട്ടം|Warren Buffett the veteran investor gains127 billion amid the stock market crash


Last Updated:

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി യുഎസ് ഓഹരി വിപണികള്‍ ഏകദേശം അഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്

News18News18
News18

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതുതായി പ്രഖ്യാപിച്ച താരിഫുകളെ നേരിടാന്‍ മിക്ക നിക്ഷേപകരും പാടുപെടുമ്പോള്‍ യുഎസിലെ മുതിര്‍ന്ന നിക്ഷേപകനായ വാറന്‍ ബഫറ്റ് ഓഹരി വിപണികളില്‍ നിന്ന് നേട്ടം കൊയ്യുന്നത് തുടരുകയാണ്. യുഎസ് പ്രസിഡന്റായി ട്രംപ് രണ്ടാമതും അധികാരത്തിലെത്തിയശേഷം 184 രാജ്യങ്ങള്‍ക്കു മേലാണ് യുഎസ് താരിഫുകള്‍ പ്രഖ്യാപിച്ചത്. ഇതിന്റെ ഫലമായി ആഗോള വിപണികള്‍ കൂപ്പുകുത്തുകയും വാള്‍ട്രീറ്റിന്റെ മൊത്തം മൂല്യത്തില്‍ ഏകദേശം എട്ട് ട്രില്ല്യണ്‍ ഡോളറിന്റെ ഇടിവ് സംഭവിക്കുകയും ചെയ്തു.

ഇത്രയൊക്ക സംഭവവികാസങ്ങള്‍ ഉണ്ടായിരുന്നിട്ടും വാറന്‍ ബഫറ്റിനെ അതൊന്നും ബാധിച്ചതേയില്ല. പകരം അദ്ദേഹത്തിന്റെ സമ്പത്തില്‍ 127 കോടി ഡോളര്‍ ചേര്‍ക്കപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ അദ്ദേഹത്തിന്റെ ആസ്തി 155 ബില്ല്യണ്‍ ഡോളറാണ്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി യുഎസ് ഓഹരി വിപണികള്‍ ഏകദേശം അഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. 2020 മാര്‍ച്ചിലെ കോവിഡ് 19 വ്യാപനത്തിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണിത്. എങ്കിലും ബഫറ്റ് തന്റെ കമ്പനിയിലെ നിക്ഷേപങ്ങളില്‍ നിന്ന് ലാഭം നേടിക്കൊണ്ടിരിക്കുകയാണ്.

അപ്രതീക്ഷിതമായുണ്ടാകുന്ന തിരിച്ചടികളും തകര്‍ച്ചയും ഒഴിവാക്കാന്‍ അദ്ദേഹം ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാന ഏറ്റെടുക്കലുകളില്‍ പണം നിക്ഷേപിക്കുന്നതില്‍നിന്ന് അദ്ദേഹം വിട്ടുനിന്നു. വിപണി മാന്ദ്യം പ്രവചിച്ചായിരിക്കാം അദ്ദേഹം ഇപ്രകാരം ചെയ്തത്. 2024ല്‍ വിപണികള്‍ കുതിച്ചുയര്‍ന്നപ്പോള്‍ ബഫറ്റിന്റെ കമ്പനി 134 ബില്ല്യണ്‍ ഡോളറിന്റെ ഓഹരികള്‍ വിറ്റഴിക്കുകയും 334 ബില്ല്യണ്‍ ഡോളര്‍ പണം സമാഹരിക്കുകയും ചെയ്തു.

നിലവില്‍ മറ്റു നിക്ഷേപകര്‍ കനത്ത തിരിച്ചടി നേരിടുമ്പോള്‍ ആപ്പിള്‍, ബാങ്ക് ഓഫ് അമേരിക്ക തുടങ്ങിയ യുഎസ് ടെക്ക് സ്റ്റോക്കുകളിലെ തന്റെ നിക്ഷേപം അദ്ദേഹം കുറച്ചു. എന്നാല്‍, ഇതുകൊണ്ട് ജാപ്പനീസ് വ്യാപാര ഭീമന്മാര്‍ക്ക് അദ്ദേഹം ഇരട്ടി നഷ്ടം വരുത്തി.

ഈ വര്‍ഷമാദ്യം ജപ്പാനിലെ അഞ്ച് വലിയ വ്യാപാര സ്ഥാപനങ്ങളായ മിറ്റ്‌സുയി, മത്സുബിഷി, സുമിറ്റോമോ, ഇറ്റോച്ചു, മരുബെനി എന്നിവയിലുള്ള തന്റെ വിഹിതം ബഫറ്റ് വര്‍ധിപ്പിച്ചിരുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഈ സ്ഥാപനങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ട്.

റെഗുലേറ്ററി ഫയലിംഗുകള്‍ പ്രകാരം, മിറ്റ്സുയി & കമ്പനിയില്‍ 9.82%, മിത്സുബിഷി കോര്‍പ്പറേഷനില്‍ 9.67%, സുമിറ്റോമോ കോര്‍പ്പറേഷനില്‍ 9.29%, ഇറ്റോച്ചു കോര്‍പ്പറേഷനില്‍ 8.53%, മരുബെനി കോര്‍പ്പറേഷനില്‍ 9.30% എന്നിങ്ങനെയാണ് ബഫറ്റിന്റെ ബെര്‍ക്ക്ഷെയറിന് ഇപ്പോൾ ഓഹരികളുള്ളത്. ഇതിലൂടെ ബെര്‍ക്ക്‌ഷെയര്‍ ഹാത്ത് വേയുടെ വിപണി മൂല്യം 1.14 ട്രില്ല്യണ്‍ ഡോളറിന് മുകളിലായി. ടെസ്‌ല പോലെയുള്ള കമ്പനികളെ ഇത് മറികടന്നു.

വാരന്‍ ബഫറ്റ് ആധിപത്യം തുടരുന്നതിനിടെ ഇലോണ്‍ മസ്‌കിന്റെ ആസ്തി 130 ബില്ല്യണ്‍ ഡോളര്‍ കുറഞ്ഞ് 302 ബില്ല്യണ്‍ ഡോളറിലെത്തി. ജെഫ് ബെസോസിനും 45.2 ബില്ല്യണ്‍ ഡോളര്‍ നഷ്ടം രേഖപ്പെടുത്തി. മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് 28.1 ബില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്.