ഇലക്ട്രിക് ട്രക്ക് വാങ്ങിയാൽ വാഹനത്തിന് 9.6 ലക്ഷം രൂപ വരെ ഇന്‍സെന്റീവ് | Electric trucks to get an incentive of above nine lakhs
Last Updated:
എന്‍2, എന്‍3 വിഭാഗങ്ങളിലെ ഇലക്ട്രിക് ട്രക്കുകള്‍ വാങ്ങുന്നതിന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതാണ് പദ്ധതി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Narendra Modi) ഗ്രീന്‍ മൊബിലിറ്റി ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ട്രക്ക് (ഇ-ട്രക്ക്) ഇന്‍സെന്റീവ് സ്കീം ആരംഭിച്ചു. പ്രധാനമന്ത്രി ഇ-ഡ്രൈവ് പദ്ധിയുടെ ഭാഗമായാണ് ഇ-ട്രക്ക് സ്കീം അവതരിപ്പിച്ചിരിക്കുന്നത്. കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ്, സ്റ്റീല്‍ വകുപ്പ് മന്ത്രി എച്ച്ഡി കുമാരസ്വാമിയാണ് പദ്ധതി പ്രഖ്യാപിച്ചത്.
എന്‍2, എന്‍3 വിഭാഗങ്ങളിലെ ഇലക്ട്രിക് ട്രക്കുകള്‍ വാങ്ങുന്നതിന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതാണ് പദ്ധതി. കാര്‍ബണ്‍ പുറംന്തള്ളല്‍ കുറച്ചുകൊണ്ട് അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കാത്ത ഗതാഗത ബദല്‍ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. രാജ്യത്ത് ഓടുന്ന ട്രക്കുകളില്‍ മൂന്ന് ശതമാനം മാത്രമേ ഡീസല്‍ ട്രാക്കുകള്‍ വരുന്നുള്ളൂവെങ്കിലും ഗതാഗതവുമായി ബന്ധപ്പെട്ട കാര്‍ബണ്‍ പുറംന്തള്ളലില്‍ 42 ശതമാനം സംഭവന ചെയ്യുന്നത് ഇവയാണ്. ഇലക്ട്രിക്കിലേക്കുള്ള ചുവടുമാറ്റം ഇന്ത്യയുടെ പാരിസ്ഥിതിക ലക്ഷ്യങ്ങളെ സംബന്ധിച്ച് നിര്‍ണായകമാണ്.
ഇ-ട്രക്ക് ഇന്‍സെന്റീവ് സ്കീമിനുകീഴില്‍ 3.5 ടണ്‍ മുതല്‍ 55 ടണ്‍ വരെ മൊത്തം വാഹന ഭാരം വരുന്ന ഇലക്ട്രിക്ക് ട്രക്കുകള്‍ വാങ്ങാൻ സാമ്പത്തിക ആനുകൂല്യം ലഭിക്കും. പരമാവധി സബ്സിഡി ഒരു വാഹനത്തിന് 9.6 ലക്ഷം രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക മുന്‍കൂര്‍ കിഴിവായി വാഹനത്തിന്റെ വിലയില്‍ നല്‍കും. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തില്‍ പിഎം ഇ-ഡ്രൈവ് പോര്‍ട്ടല്‍ വഴിയായിരിക്കും സ്കീം ലഭ്യമാക്കുക.
വിശ്വാസ്യത ഉറപ്പാക്കുന്നതിന് കര്‍ശനമായ വാറന്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടും. ബാറ്ററികള്‍ക്ക് അഞ്ച് വര്‍ഷം അല്ലെങ്കില്‍ അഞ്ച് ലക്ഷം കിലോമീറ്റര്‍, വാഹനങ്ങള്‍ക്കും മോട്ടോറുകള്‍ക്കും അഞ്ച് വര്‍ഷം അല്ലെങ്കില്‍ 2.5 ലക്ഷം കിലോമീറ്റര്‍ വാറന്റി നല്‍കും. പഴയതും മലിനീകരണമുണ്ടാക്കുന്നതുമായ ട്രക്കുകള്‍ ഉപേക്ഷിക്കുന്നതിനുള്ള നിര്‍ബന്ധിത വ്യവസ്ഥയും പദ്ധതിയുടെ പരിസ്ഥിതി പ്രാധാന്യം എടുക്കുകാണിക്കുന്നു.
5,600 ഇ-ട്രക്കുകള്‍ ഇതിനകം വിന്യസിപ്പിച്ചിട്ടുണ്ട്. 100 കോടി രൂപ ചെലവില്‍ 1,100 ഇ-ട്രക്കുകള്‍ ഡല്‍ഹിയില്‍ മാത്രം വിന്യസിപ്പിച്ചതായാണ് കണക്ക്. സിമന്റ്, സ്റ്റീല്‍, തുറമുഖങ്ങള്‍, ലോജിസ്റ്റിക്സ്, തുടങ്ങിയ പ്രധാന മേഖലകളെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്കുകീഴില്‍ ആഭ്യന്തര നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിന് ടാറ്റ മോട്ടോഴ്സ്, അശോക് ലെയ്ലാന്‍ഡ്, വോള്‍വോ ഐഷര്‍ തുടങ്ങിയ മുന്‍നിര നിര്‍മ്മാതാക്കള്‍ ഇതിനകം തന്നെ മേഖലയില്‍ സജീവമാണ്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെയില്‍ 150 ഇ-ട്രക്കുകള്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ വാടകയ്ക്കെടുത്ത വാഹനങ്ങളില്‍ 15 ശതമാനം വൈദ്യുതിയിലേക്ക് മാറ്റാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുക, കാര്‍ബണ്‍ പുറംന്തള്ളല്‍ കുറയ്ക്കുക, വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതിക്കുള്ളത്. 2070 ഓടെ ഇന്ത്യയെ നെറ്റ് സീറോ എമിഷനിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാനും പദ്ധതി സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Thiruvananthapuram,Kerala
July 15, 2025 6:00 PM IST