Leading News Portal in Kerala

മദ്യപാനികൾക്ക് ഇന്‍ഷുറന്‍സ് ക്ലെയിം കിട്ടില്ലേ? സുപ്രീം കോടതി പറഞ്ഞതെന്ത്? alcoholics Cant get Insurance Claim What Supreme Court say


Last Updated:

ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതാണ് സുപ്രീം കോടതിയുടെ വിധി

News18News18
News18

മരണകാരണത്തിന് മദ്യപാനവുമായി ബന്ധമില്ലെങ്കില്‍ പോലും ലൈഫ് ഇന്‍ഷുറന്‍സ് എടുക്കുന്നതിന് മുമ്പായി മദ്യപാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവയ്ക്കുന്നത് ക്ലെയിം നിഷേധിക്കാന്‍ കാരണമായേക്കും. ഇതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് അടുത്തിടെ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ്. ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതാണ് സുപ്രീം കോടതിയുടെ ഈ വിധി. 2013ല്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന്(എല്‍ഐസി) ജീവന്‍ ആരോഗ്യ പോളിസി വാങ്ങിയ ആളുടെ ഭാര്യ നൽകിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.

ഇന്‍ഷുറന്‍സ് എടുക്കാനായി അപേക്ഷ നല്‍കിയപ്പോള്‍ അതില്‍ വര്‍ഷങ്ങളായി താന്‍ അമിതമായി മദ്യം കഴിക്കുന്നുണ്ടെന്ന കാര്യം ഉപഭോക്താവ് വെളിപ്പടുത്തിയിരുന്നില്ല. പോളിസി എടുത്ത് ഒരു വര്‍ഷത്തിനുള്ളില്‍ ഇയാളെ കടുത്ത വയറുവേദനയെ തുടര്‍ന്ന് ഹരിയാനയിലെ ഝജ്ജാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ അയാള്‍ക്ക് ഹൃദയാഘാതം ഉണ്ടാകുകയും ആരോഗ്യം മോശമാകുകയും മരണപ്പെടുകയും ചെയ്തു. എന്നാല്‍, ഇയാളുടെ ചികിത്സയ്ക്ക് ചെലവായ തുക ലഭിക്കുന്നതിനായി മരണശേഷം ഇയാളുടെ ഭാര്യ ക്ലെയിമിനായി അപേക്ഷിച്ചു. എന്നാല്‍ മരിച്ചയാളുടെ മദ്യപാനശീലത്തെക്കുറിച്ച് വെളിപ്പെടുത്താത്തത് ചൂണ്ടിക്കാട്ടി എല്‍ഐസി അത് നിരസിച്ചു. സ്വയം വരുത്തി വയ്ക്കുന്ന രോഗങ്ങള്‍, അമിത മദ്യപാനം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ എന്നിവയ്ക്കുള്ള കവറേജ് തങ്ങളുടെ പോളിസിയില്‍നിന്ന് വ്യക്തമായും ഒഴിവാക്കിയതാണെന്ന് എല്‍ഐസി വാദിച്ചു. താന്‍ മദ്യപിക്കുന്ന കാര്യം ആ വ്യക്തി മറച്ചുവെച്ചതിനാല്‍ എല്‍ഐസി ക്ലെയിം അസാധുവാക്കി കണക്കാക്കി.

കേസിന്റെ തുടക്കത്തില്‍ ജില്ലാ ഉപഭോക്തൃ ഫോറം മരണപ്പെട്ടയാളുടെ ഭാര്യക്ക് അനുകൂലമായാണ് വിധി പുറപ്പെടുവിച്ചത്. എല്‍ഐസി അവര്‍ക്ക് 5.21 ലക്ഷം രൂപ നല്‍കാനും ഉത്തരവിട്ടു. കരള്‍ സംബന്ധമായ ആരോഗ്യപ്രശ്‌നമല്ല, മറിച്ച് ഹൃദയാഘാതം മൂലമാണ് വ്യക്തിയുടെ മരണം സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന, ദേശീയ ഉപഭോക്തൃ കമ്മിഷനുകള്‍ ഈ തീരുമാനം ശരിവെച്ചു. എങ്കിലും എല്‍ഐസി തങ്ങളുടെ നിലപാടിൽ ഉറച്ചുനില്‍ക്കുകയും വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു.

വിധിന്യായത്തില്‍ എല്‍ഐസിയെ പിന്തുണച്ച സുപ്രീം കോടതി ഉപഭോക്തൃഫോറങ്ങളുടെ വിധികള്‍ റദ്ദാക്കുകയും ചെയ്തു. ഇത് ഒരു സാധാരണ ഇന്‍ഷുറന്‍സ് പോളിസിയല്ലെന്നും മറിച്ച് കര്‍ശനമായ നിബന്ധനകളുള്ള ഒരു പ്രത്യേക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണെന്നും ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും ഊന്നിപ്പറഞ്ഞു.

മരിച്ചയാള്‍ ദീര്‍ഘകാലമായി മദ്യപിച്ചിരുന്നതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ”ഈ അവസ്ഥ ഒറ്റ രാത്രികൊണ്ട് ഉണ്ടായതാകാന്‍ സാധ്യതയില്ല. പോളിസി വാങ്ങിയ സമയത്ത് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്താതിരുന്നത് ക്ലെയിം നിരസിക്കാന്‍ മതിയായ കാരണമാണ്. മദ്യം ഒറ്റ രാത്രികൊണ്ട് കരള്‍ രോഗത്തിന് കാരണമാകില്ലെന്നും” കോടതി നിരീക്ഷിച്ചു. പോളിസി വാങ്ങുന്നതിന് വളരെ മുമ്പ് തന്നെ മരിച്ചയാളുടെ മദ്യപാനശീലം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ടാകാമെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്നാല്‍ ഹര്‍ജിക്കാരിയുടെ നിലവിലെ സാമ്പത്തികസ്ഥിതി പരിശോധിച്ച സുപ്രീം കോടതി എല്‍ഐസി അവര്‍ക്ക് ഇതിനോടകം നല്‍കിയ മൂന്ന് ലക്ഷം രൂപ തിരികെ നല്‍കേണ്ടതില്ലെന്നും ഉത്തരവിട്ടു.