Leading News Portal in Kerala

‘ഇന്ത്യയുടെ യുപിഐ ലോകത്തിലെ ഏറ്റവും മികച്ച പേമെന്റ് സംവിധാനമായി’: ഐഎംഎഫ്‌ | IMF terms the UPI of India the best payment facility


ഇന്ത്യയില്‍ നടക്കുന്ന ഡിജിറ്റല്‍ പണമിടപാടുകളില്‍ 85 ശതമാനവും ആഗോളതലത്തില്‍ ഏകദേശം 60 ശതമാനവും യുപിഐ ഇടപാടുകളാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പ്രതിദിനം 64 കോടിയിലധികം പണമിടപാടുകളാണ് യുപിഐ സാങ്കേതികവിദ്യ വഴി നടക്കുന്നത്. വിസ ഇടപാടുകളേക്കാള്‍ മുന്നിലാണിത്. പ്രതിദിന വിസ ഇടപാടുകള്‍ 63.9 കോടിയാണ്. 2025 ജൂണില്‍ 1,839 കോടി യുപിഐ ഇടപാടുകളാണ് നടന്നത്. 24 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ യുപിഐ വഴി നടന്നാതായാണ് കണക്ക്. ഇടപാടുകളുടെ ശതമാനം കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തെ അപേക്ഷിച്ച് വാര്‍ഷികാടിസ്ഥാനത്തില്‍ 32 ശതമാനം വര്‍ദ്ധിച്ചു. 2024 ജൂണില്‍ 1,388 കോടി യുപിഐ ഇടപാടുകളാണ് രേഖപ്പെടുത്തിയത്.

ലോകത്തില്‍ തന്നെ ഒന്നാം സ്ഥാനത്തുള്ള തത്സമയ പേയ്‌മെന്റ് സംവിധാനമാണ് ഇന്ത്യയുടെ യുപിഐ എന്നും ഐഎംഎഫ് റിപ്പോര്‍ട്ട് പറയുന്നു. വിസയുമായി താരതമ്യം ചെയ്യുമ്പോള്‍ അസാധാരണ വളര്‍ച്ചയാണ് യുപിഐ ഇടപാടുകളില്‍ ഉണ്ടായിട്ടുള്ളതെന്നും വെറും ഒമ്പത് വര്‍ഷത്തിനുള്ളിലാണ് ഈ നേട്ടമെന്നത് അദ്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും ഐഎംഎഫ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ബാങ്ക് അക്കൗണ്ടുകള്‍ക്കിടയില്‍ തല്‍ക്ഷണ പണമിടപാടുകള്‍ സാധ്യമാക്കുന്ന ഒരു തത്സമയ പേയ്‌മെന്റ് സംവിധാനമാണ് യുപിഐ. ഇമ്മീഡിയറ്റ് പേയ്‌മെന്റ് സര്‍വീസ് (ഐഎംപിഎസ്) ഇന്‍ഫ്രാസ്ട്രക്ചര്‍ അടിസ്ഥാനമാക്കിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. യുപിഐ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരൊറ്റ ആപ്പിലേക്ക് കൊണ്ടുവരുന്നു. ഫണ്ട് ട്രാന്‍സ്ഫറുകള്‍, മര്‍ച്ചന്റ് പേയ്‌മെന്റുകള്‍, പിയര്‍ ടു പിയര്‍ പേയ്‌മെന്റ് റിക്വസ്റ്റുകള്‍ തുടങ്ങിയ വിവിധ സൗകര്യങ്ങള്‍ ഇതിലുണ്ട്. ഇത് ഡിജിറ്റല്‍ ഇടപാടുകള്‍ വേഗത്തിലും സൗകര്യപ്രദവുമാക്കുന്നു.

യുപിഐയുടെ ആഗോള സ്വീകാര്യത

സമീപകാലത്ത് നിരവധി രാജ്യങ്ങള്‍ യുപിഐ അവതരിപ്പിച്ചിരുന്നു. അതുകൊണ്ട് ഇത് ഇന്ത്യയില്‍ മാത്രം ഒറ്റപ്പെട്ടുകിടക്കുന്ന ഒന്നല്ലെന്ന് ഐഎംഎഫ് പറയുന്നു. യുപിഐ വിജയഗാഥ വീട്ടില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും അതിര്‍ത്തികള്‍പ്പുറത്തേക്കും അത് സാന്നിധ്യമറിയിക്കുന്നതായും ഐഎംഎഫ് റിപ്പോര്‍ട്ട് വിശദമാക്കി.

യുഎഇ, സിംഗപ്പൂര്‍, ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക, ഫ്രാന്‍സ്, മൗറീഷ്യസ് എന്നിവയുള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിലവില്‍ യുപിഐ സജീവമാണ്. യൂറോപ്പിലേക്കുള്ള യുപിഐയുടെ ആദ്യ എന്‍ട്രിയാണ് ഫ്രാന്‍സിലത്തേത്. അതുകൊണ്ടുതന്നെ ഇതൊരു നാഴികക്കല്ലാണ്. വിദേശ ഇടപാടുകളില്‍ നേരിടുന്ന പതിവ് ബുദ്ധിമുട്ടുകളില്ലാതെ ഈ രാജ്യങ്ങളില്‍ യാത്ര ചെയ്യുന്നതോ താമസിക്കുന്നതോ ആയ ഇന്ത്യക്കാര്‍ക്ക് തടസങ്ങളില്ലാതെ പണമിടപാട് നടത്താന്‍ ഇത് സൗകര്യമൊരുക്കുന്നുവെന്നും ഐഎംഎഫ് കൂട്ടിച്ചേര്‍ത്തു.

ബ്രിക്‌സില്‍ യുപിഐ ഒരു മാനദണ്ഡമാക്കി മാറ്റാനും ഇന്ത്യ ഇപ്പോള്‍ ശ്രമിക്കുന്നുണ്ട്. ഇതിന് സാധിച്ചാല്‍ ഡിജിറ്റല്‍ പേമെന്റുകളിലെ ആഗോള സാങ്കേതിക നേതാവെന്ന നിലയില്‍ ഇന്ത്യയുടെ പ്രതിച്ഛായ മാറുമെന്ന് ഐഎംഎഫ് പറയുന്നു. മാത്രമല്ല പ്രവാസി പണമയക്കല്‍ മെച്ചപ്പെടുത്താനും സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പ്രോത്സാഹിപ്പിക്കാനും ഇത് വഴിയൊരുക്കുമെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടി.

യുപിഐ വിപ്ലവം സൃഷ്ടിച്ചതെങ്ങനെ?

നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നിയന്ത്രിക്കുന്ന ഒരു പൊതുപ്ലാറ്റ്‌ഫോമിലൂടെ യുപിഐ ബാങ്കുകളെയും ഫിന്‍ടെക് ആപ്പുകളെയും ബന്ധിപ്പിച്ചു. ഈ സമീപനത്തിന് രണ്ട് നേട്ടങ്ങളാണ് ഉണ്ടായതെന്ന് ഐഎംഎഫ് പറയുന്നു. ഒന്ന് ഉപഭോക്താക്കള്‍ക്ക് വിശ്വാസ്യത നോക്കി പേയ്‌മെന്റ് ആപ്ലിക്കേഷനുകള്‍ തിരഞ്ഞെടുക്കാനാകും. രണ്ടാമത്തേത് മികച്ച സവിശേഷതകളും സുരക്ഷയും വാഗ്ദാനം ചെയ്യാന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം രൂപപ്പെടുമെന്നതാണെന്നും ഐഎംഎഫ് വിശദീകരിച്ചു.