ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാര്‍; പ്രീമിയം സ്കോച്ച് വിസ്കി വില കുറയും | Indo-UK deal to cut down prices on premium scotch whiskey
സ്വതന്ത്ര വ്യാപാര കരാര്‍ പ്രകാരം യുകെ വിസ്കിയുടെയും ജിന്നിന്റയും തീരുവ 150 ശതമാനത്തില്‍ നിന്ന് 75 ശതമാനമായും കരാര്‍ നിലവില്‍ വന്ന് പത്ത് വര്‍ഷത്തിന് ശേഷം 40 ശതമാനമായും കുറയ്ക്കും.
ജോണിവാക്കര്‍ ബ്ലാക്ക് ലേബൽ, ഷിവാസ് റീഗല്‍ തുടങ്ങിയ പ്രമീയം വിഭാഗത്തിലുള്ള മദ്യത്തിന്റെ വില കുപ്പിക്ക് 200 മുതല്‍ 300 രൂപ വരെ കുറയാന്‍ ഇടയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്ത്യയില്‍ കുപ്പിയിലാക്കുന്ന ബ്ലാക്ക് ഡോഗ്, 100 പൈപ്പേഴ്സ്, പാസ്പോര്‍ട്ട്, വാറ്റ് 69, ബ്ലാക്ക് ആന്‍ഡ് വൈറ്റ് തുടങ്ങിയ സ്കോച്ച് ബ്രാന്‍ഡുകള്‍ക്ക് വിലയില്‍ 100 മുതല്‍ 150 രൂപ വരെ കുറവുണ്ടാകും.
ഇന്ത്യന്‍ വിസ്കി വിപണിയില്‍ സ്കോച്ചിന് വളരെ ചെറിയ വിഹിതം മാത്രമാണുള്ളത്. എങ്കിലും സ്കോച്ച് വിസ്കി അസോസിയേഷന് ഡാറ്റ പ്രകാരം ലോകത്തിലെ ഒന്നാം നമ്പര്‍ സ്കോച്ച് വിസ്കി വിപണിയാണ് ഇന്ത്യ.
2024ല്‍ 190 മില്ല്യണ്‍ കുപ്പികള്‍ കയറ്റി അയച്ച് ഫ്രാന്‍സിനെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയിരുന്നതായി അസോസിയേഷന് പറഞ്ഞു. ഇന്ത്യയില്‍ ജോണി വാക്കര്‍, ചിവാസ് റീഗല്‍, ദി ഗ്ലെന്‍ലിവെറ്റ് തുടങ്ങിയ സ്കോച്ച് വിസ്കി ബ്രാന്‍ഡുകളാണ് ഏറ്റവും ജനപ്രിയമായത്. ഇവയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്കോച്ചുകളില്‍ ഒന്നാണ് ജോണി വാക്കര്‍.
മക്കാലന്, ബാലന്റൈൻസ്, ഗ്ലെന്‍ഫിഡിച്ച് എന്നിവ ഇന്ത്യയില്‍ വില്‍ക്കുന്ന മറ്റ് ശ്രദ്ധേയമായ ബ്രാന്‍ഡുകളാണ്. ഒരു ജോണിവാക്കര്‍ ബ്ലാക്ക് ലേബലിന് സാധാരണയായി(750 മില്ലി ലിറ്റര്‍) ഏകദേശം 3100 രൂപയും മക്കാലന്(750 മില്ലി ലിറ്റര്‍) ഏകദേശം 8000 രൂപയുമാണ് വില ഈടാക്കുന്നത്.
ബ്ലാക്ക് ഡോഗ്, 100 പൈപ്പേഴ്സ്, പാസ്പോര്‍ട്ട്, വാറ്റ് 69, ബ്ലാക്ക് ആന്‍ഡ് വൈറ്ര് തുടങ്ങിയ എന്‍ട്രി ലെവര്‍ സ്കോച്ചുകള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത് കുപ്പിയിലാക്കുകയാണ് ചെയ്യുന്നത്. നികുതി ലാഭിക്കുന്നതിന് വേണ്ടിയാണിത്. അവയുടെ വില 1800 രൂപയും അതിനു മുകളിലുമാണ്.
ഇന്ത്യയില്‍ സ്കോച്ച് വിസ്കിയുടെ ചരിത്രം 19ാം നൂറ്റാണ്ടില്‍ ആരംഭിച്ച ബ്രിട്ടീഷ് കൊളോണിയല്‍ ഭരണവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. ബ്രിട്ടീഷ് ഭരണമാണ് ഇന്ത്യയില്‍ സ്കോച്ച് അവതരിപ്പിച്ചത്. തുടക്കത്തില്‍ ബ്രിട്ടീഷ് സൈനികര്‍ക്കും ഭരണാധികാരികള്‍ക്കും വേണ്ടിയാണ് ഇത് ഇന്ത്യയില്‍ എത്തിച്ചത്. പിന്നീട് ഇന്ത്യയിലെ വരേണ്യവര്‍ഗത്തിന് ഇത് ലഭ്യമായി തുടങ്ങി.
കൊളോണിയല്‍ ഭരണകാലത്ത് ഇത് സാമൂഹിക പദവിയുടെ പ്രതീകമായി ഇത് മാറി. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷവും ഇന്ത്യയില്‍ ഇത് ഉപയോഗത്തിലിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ അമൃത്, പോള്‍ ജോണ്‍, റാംപൂര്‍, ഇന്ദ്രി തുടങ്ങിയ ഇന്ത്യന്‍ വിസ്കി ബ്രാന്‍ഡുകള്‍ വികസിച്ചു. അവയില്‍ ചില അന്താരാഷ്ട്ര പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടുകയും ചെയ്തു. ലോകോത്തര നിലവാരമുള്ള സിംഗിള്‍ മാള്‍ട്ട് വിസ്കികള്‍ ഉത്പാദിപ്പിക്കാന്‍ ഇത് വഴിയൊരുക്കി. എങ്കിലും സ്കോച്ചാണ് ജനപ്രീതിയില്‍ മുന്നിലുള്ളത്. പ്രത്യേകിച്ച് പ്രീമിയം, ലക്ഷ്വറി വിഭാഗങ്ങളില്‍.Indo-UK
Thiruvananthapuram,Kerala
July 25, 2025 6:09 PM IST