Leading News Portal in Kerala

PM Kisan 20th Installment: പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ 20ാം ഗഡുവിതരണം ഓഗസ്റ്റ് രണ്ടിന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും|PM Kisan 20th Installment Modi To Release Next Tranche On August 2


Last Updated:

യോഗ്യരായ രാജ്യത്തെ 9.7 കോടിയിലധികം കര്‍ഷകര്‍ക്ക് തുക തങ്ങളുടെ അക്കൗണ്ടില്‍ ലഭിക്കും

News18News18
News18

പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ 20ാം ഗഡുവിതരണം ഓഗസ്റ്റ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി മോദി പിഎം കിസാന്‍ സമ്മാനനിധിയുടെ 20ാം ഗഡുവായ 2000 രൂപ വിതരണം ചെയ്യുമെന്ന് ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കി. യോഗ്യരായ രാജ്യത്തെ 9.7 കോടിയിലധികം കര്‍ഷകര്‍ക്ക് തുക തങ്ങളുടെ അക്കൗണ്ടില്‍ ലഭിക്കും.

”ഇനി കാത്തിരിക്കേണ്ട! പിഎം കിസാന്റെ 20ാം ഗഡുവിതരണം 2025 ഓഗസ്റ്റ് രണ്ടിന് ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്ന് നിങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തും. ഫോണില്‍ സന്ദേശം വന്നതിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ കിസാന്‍ സമ്മാന്‍ തുക നിങ്ങളുടെ അക്കൗണ്ടില്‍ എത്തിയെന്ന് അറിയുക,” പിഎം കിസാന്‍ സമ്മാന്‍ നിധി ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.

പദ്ധതിയുടെ 19ാമത്തെ ഗഡുവിതരണം 2025 ഫെബ്രുവരിയിലാണ് നടന്നത്. ”ഓഗസ്റ്റ് രണ്ടിന് ലഭിക്കുന്ന ഗഡു നഷ്ടമാകാതിരിക്കാന്‍ കര്‍ഷകര്‍ തങ്ങളുടെ ഇ-കെവൈസിയും മറ്റ് പരിശോധനകളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് നിര്‍ദേശിക്കുന്നു. ആധാര്‍ അടിസ്ഥാനമാക്കിയുള്ള പണ ഇടപാടിനും ഇ-കെവൈസിയ്ക്കും ഒപ്പം ഭൂമിയില്‍ വിത്ത് വിതയ്ക്കുന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ നിര്‍ബന്ധിത മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കാത്ത കര്‍ഷകരുടെ അനൂകൂല്യങ്ങള്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. കര്‍ഷകര്‍ ഈ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കുന്ന പക്ഷം അവരുടെ കുടിശ്ശിക തുക ഉള്‍പ്പെടെയുള്ളവ ലഭിക്കും, ”ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ കേന്ദ്ര കൃഷി മന്ത്രാലയം അറിയിച്ചു.

ഇ-കെവൈസി പൂര്‍ത്തിയാക്കാനുള്ള നടപടിക്രമങ്ങള്‍

ഉടന്‍ തന്നെ 20ാം ഗഡു തുക ലഭിക്കുമെന്നതിനാല്‍ യോഗ്യരായ കര്‍ഷകര്‍ ഇ-കെവൈസി നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എല്ലാ പിഎം കിസാന്‍ ഗുണഭോക്താക്കള്‍ക്കും ഇ-കെവൈസി നിര്‍ബന്ധമാണ്. ഇത് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നിങ്ങളുടെ പേര് ഗുണഭോക്തൃപട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടേക്കാം.

ലളിതമായ മൂന്ന് വഴികളിലൂടെ ഇ-കെവൈസി പൂര്‍ത്തിയാക്കാന്‍ കഴിയും. ഒടിപി അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി, ബയോമെട്രിക്ക് ഇ-കെവൈസി, ഫേഷ്യല്‍ ഒതന്റിഫിക്കേഷന്‍ എന്നിവയാണത്.

പിഎം കിസാന്‍ ലഭിക്കാന്‍ യോഗ്യരാണോ എന്ന് എങ്ങനെ പരിശോധിക്കാം

  • https://pmkisan.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
  • അതില്‍ ‘നോ യുവര്‍ സ്റ്റാറ്റസ് എന്നതില്‍ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറോ ആധാര്‍ നമ്പറോ നല്‍കുക
  • നിങ്ങളുടെ പേര് ഗുണഭോക്തൃ പട്ടികയില്‍ ഉണ്ടോയെന്ന് പരിശോധിക്കുക.
  • നിങ്ങളുടെ ഇ-കെവൈസി പൂര്‍ത്തിയായിട്ടുണ്ടെന്ന് ഉറപ്പാക്കുക.
എന്താണ് പിഎം കിസാന്‍ പദ്ധതി?

2019-ല്‍ ആരംഭിച്ച പിഎം കിസാന്‍ പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡിബിടി പദ്ധതിയാണ്. അന്നത്തെ ധനമന്ത്രി പിയൂഷ് ഗോയലാണ് ഇടക്കാല ബജറ്റില്‍ ഈ പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. പദ്ധതിക്ക് കീഴില്‍ യോഗ്യരായ കര്‍ഷകര്‍ക്ക് ഓരോ നാല് മാസം കൂടുമ്പോഴും 2000 രൂപ വീതം പ്രതിവര്‍ഷം 6000 രൂപ വരെ ലഭിക്കും. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം ലഭിക്കും.

പിഎം കിസാന് യോഗ്യരായവര്‍ ആര്?

പിഎം കിസാന്റെ 20ാം ഗഡുവിന് യോഗ്യത നേടുന്നതിനുള്ള നിബന്ധനകള്‍

  • ഇന്ത്യന്‍ പൗരനായിരിക്കണം.
  • സ്വന്തമായി കൃഷിഭൂമി ഉണ്ടായിരിക്കണം
  • ചെറുകിട, അല്ലെങ്കില്‍ നാമമാത്ര കര്‍ഷകനായിരിക്കണം
  • പ്രതിമാസം 10000 രൂപയോ അതില്‍ കൂടുതലോ പെന്‍ഷന്‍ സ്വീകരിക്കുന്ന വ്യക്തിയായിരിക്കരുത്.
  • ആദായ നികുതി ഫയല്‍ ചെയ്യുന്നവരാകരുത്
  • സ്ഥാപനങ്ങളുള്ള ഭൂവുടമകളായിരിക്കരുത്

പിഎം കിസാന്‍ സമ്മാന്‍ നിധിക്ക് അപേക്ഷ നല്‍കേണ്ടത് എങ്ങനെ?

  • https://pmkisan.gov.in എന്ന വെബ്‌സൈറ്റില്‍ കയറുക
  • അതില്‍ ന്യൂ ഫാര്‍മര്‍ രജിസ്‌ട്രേഷനില്‍ ക്ലിക്ക് ചെയ്യുക
  • ആധാര്‍ നമ്പറും കാപ്ചയും നല്‍കുക
  • ആവശ്യമായ വിശദാംശങ്ങള്‍ പൂരിപ്പിച്ച് നല്‍കുക.
  • അതിന് ശേഷം ‘യെസ്’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
  • ഫോം പൂരിപ്പിച്ച് നല്‍കുക. പ്രിന്റൗട്ട് എടുക്കുക

എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ കര്‍ഷകര്‍ക്ക് നേരിട്ട് പിഎം കിസാന്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളില്‍ വിളിച്ച് ചോദിക്കാവുന്നതാണ്. ഇതിനായി 155261, 011-24300606 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

മലയാളം വാർത്തകൾ/ വാർത്ത/Money/

PM Kisan 20th Installment: പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ 20ാം ഗഡുവിതരണം ഓഗസ്റ്റ് രണ്ടിന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും