47,000 കോടി രൂപ പോയിക്കിട്ടി;വായ്പാതട്ടിപ്പില്‍ ശതകോടീശ്വരന് നഷ്ടമായത് സമ്പത്തിന്റെ 25 ശതമാനം|Mexican Billionaire Ricardo Salinas Loses 25 percentage Wealth To Loan Scam
പ്രശസ്തമായ നോര്‍ത്ത് അമേരിക്കന്‍ ആസ്റ്റര്‍ കുടുംബവുമായി ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ‘ലോണ്‍ ടു ഓണ്‍’ എന്ന പേരിലുള്ള പദ്ധതിയുടെ പേരിലാണ് തട്ടിപ്പ് നടന്നത്. 2021ല്‍ ബിറ്റ്‌കോയിനില്‍ നിക്ഷേപിക്കുന്നതിനായി സലിനാസ് തന്റെ കുടുംബ ബിസിനസായ ഗ്രോപ്പോ ഇലക്ട്രയിലെ ഓഹരികള്‍ ഈടായി നല്‍കി 400 മില്ല്യണ്‍ ഡോളര്‍ വായ്പ തേടി. ചരിത്രപരമായി അമേരിക്കന്‍ രാജവംശവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അവകാശപ്പെട്ട ഒരു സ്വിസ് സാമ്പത്തിക ഉപദേഷ്ടാവ് സലിനാസിനെ വ്യാജ സ്ഥാപനമായ ആസ്റ്റര്‍ ക്യാപിറ്റല്‍ ഫണ്ടിലേക്ക് പരിചയപ്പെടുത്തി.
തോമസ് ആസ്റ്റര്‍ മാലോണ്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ 1.15 ശതമാനം പലിശനിരക്കില്‍ വായ്പ വാഗ്ദാനം ചെയ്തു. ഒരു പ്രൊഫഷണല്‍ വെബ്‌സൈറ്റ്, ലയന്‍-സീല്‍ ബ്രാന്‍ഡിംഗ്, ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബ്രാന്‍ഡഡ് ഓഫീസിന്റെ വീഡിയോ എന്നിവയെല്ലാം കാണിച്ച് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിയമാനുസൃതമാണെന്ന് സലിനാസിനെ വിശ്വസിപ്പിച്ചു.
എന്നാല്‍ തോമസ് എന്ന് പരിചയപ്പെടുത്തിയാള്‍ യഥാര്‍ത്ഥത്തില്‍ അമേരിക്കയിലെ ജോര്‍ജിയയില്‍ താമസിക്കുന്ന ഒരു യുക്രേനിയന്‍ കുറ്റവാളിയായിരുന്നു. ഇയാള്‍ക്കെതിരേ മയക്കുമരുന്ന് തട്ടിപ്പ്, ആഭരണ മോഷണം എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
ഈ തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ യുക്രേനിയന്‍ വംശജനും യുഎസ് പൗരനുമായ വ്‌ളാഡിമിര്‍ സ്‌ക്ലറോവ് ആയിരുന്നു.1990കളില്‍ 18 മില്ല്യണ്‍ ഡോളറിന്റെ മെഡികെയര്‍ തട്ടിപ്പ് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളിലെ പ്രതിയാണിയാള്‍. ഗ്രിഗറി മിച്ചല്‍, മാര്‍ക്ക് സൈമണ് ബെന്റ്‌ലി എന്നീ പേരുകളിലെല്ലാം ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇയാള്‍ ഗ്രൂപ്പോ ഇലക്ട്ര ഓഹരികളുടെ നിയന്ത്രണം നേടുന്നതിനായി വായ്പാ കരാര്‍ ഉപയോഗിച്ചു. ഇതുവഴി അവ വിപണിയില്‍ വില്‍ക്കുകയും ചെയ്തു.
തുടര്‍ന്ന് 2024 ജൂലൈയില്‍ ഇലക്ട്രയുടെ ഓഹരി മൂല്യത്തില്‍ 71 ശതമാനം ഇടിവ് നേരിട്ടു. ഇതിലൂടെ സലിനാസിന്റെ ആസ്തിയില്‍നിന്ന് 5.5 ബില്ല്യണ്‍ ഡോളറും കമ്പനിയുടെ വിപണി മൂലധനത്തില്‍ നിന്ന് നാല് ബില്ല്യണ്‍ ഡോളറും തുടച്ചുനീക്കി.
തട്ടിയെടുത്ത തുകയുപയോഗിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഡംബര സ്വത്തുക്കള്‍ പ്രതി വാങ്ങി. അവയില്‍ 6.45 മില്ല്യണ്‍ ഡോളറിന്റെ ന്യൂയോര്‍ക്ക് പെന്റ്ഹൗസ്, 2.67 മില്ല്യണ്‍ ഡോളറിന്റെ വിര്‍ജീനിയ മാന്‍ഷന്‍, ആറ് മില്ല്യണ്‍ ഡോളറിന്റെ ഫ്രഞ്ച് ഷാറ്റോ, ഗ്രീസില്‍ ഒരു ആഡംബര വില്ല എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
ഇലക്ട്രയുടെ വ്യാപാര പ്രവര്‍ത്തനത്തിലെ ചില ക്രമക്കേടുകള്‍ 2021ല്‍ തന്നെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ഈ തട്ടിപ്പില്‍ ഉള്‍പ്പെട്ട നിരവധി ആഗോളനിക്ഷേപകരില്‍ ഒരാളാണ് സലിനാസ്. അമേരിക്ക, യുകെ, ഏഷ്യ എന്നിവടങ്ങളിലെ നിരവധി നിക്ഷേപകരില്‍ നിന്ന് 750 മില്ല്യണ്‍ ഡോളറിന്റെ ഓഹരികള്‍ സ്‌ക്ലറോവ് തട്ടിയെടുത്തതായി കരുതുന്നുവെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലണ്ടന്‍ കോടതി ഉത്തരവിലൂടെ സലീനാസിന്റെ നിയമസംഘം 400 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം മരവിപ്പിച്ചിട്ടുണ്ട്.
ഗ്രീസിന്റെ തീരത്ത് എന്‍ചാന്‍മെന്റ് എന്ന നൗകയിലാണ് സ്‌ക്ലറോവ് ഇപ്പോള്‍ താമസിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല് താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ഇയാള്‍ അവകാശപ്പെട്ടു. കരാറിന്റെ നിബന്ധനകള്‍ പ്രകാരം നിക്ഷേപകരുടെ ഓഹരികള്‍ മൂന്നാം കക്ഷികള്‍ക്ക് കൈമാറാന്‍ കഴിയുമെന്ന് പൂര്‍ണമായി അറിയിച്ചിരുന്നുവെന്നും സ്‌ക്ലറോവ് അവകാശപ്പെടുന്നു.
New Delhi,New Delhi,Delhi
July 31, 2025 10:19 AM IST