ഓഗസ്റ്റ് 15 മുതല്‍ IMPS ഇടപാടുകള്‍ക്ക് SBI ചാര്‍ജ് ഈടാക്കും; മറ്റ് ബാങ്കുകള്‍ എങ്ങനെ?|SBI set to revise IMPS charges from August 15 | Money
ചില അക്കൗണ്ടുകള്‍ക്ക്, പ്രത്യേകിച്ച് സാലറി അക്കൗണ്ടുകള്‍ക്കുള്ള ഇളവുകള്‍ നിലനിര്‍ത്തികൊണ്ട് എസ്ബിഐയുടെ വിലനിര്‍ണയ ഘടനയെ വ്യവസായ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി കൊണ്ടുവരാനുള്ള ക്രമീകരണമാണ് നടത്തുന്നത്.
നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ വഴി ബാങ്കുകള്‍ നല്‍കുന്ന തത്സമയ പണമിടപാട് സേവനമാണ് ഐഎംപിഎസ്. ഈ സംവിധാനം വഴി പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് കൈമാറാന്‍ സാധിക്കുക.
25,000 രൂപ വരെയുള്ള ഇടപാടുകള്‍ സൗജന്യമാണ്. 25001 മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ക്ക് രണ്ട് രൂപയും ജിഎസ്ടിയുമാണ് ഈടാക്കുക. 100001 മുതല്‍ രണ്ട് ലക്ഷം വരെയുള്ള ഇടപാടുകള്‍ക്ക് ആറ് രൂപയും ജിഎസ്ടിയുമാണ് ഈടാക്കുക. രണ്ട് ലക്ഷത്തിന് മുകളില്‍ അഞ്ച് ലക്ഷം വരെയുള്ള ഇടപാടുകള്‍ക്ക് 10 രൂപയും ജിഎസ്ടിയുമാണ് ഈടാക്കുക.
എസ്ബിഐ ബ്രാഞ്ചുകളിലെ ഐഎംപിഎസ് ഇടപാടുകള്‍ നിലവിലുള്ള ഫീസ് ശ്രേണിയില്‍ തന്നെ തുടരും. ചെറിയ തുകകള്‍ കൈമാറുന്നതിന് രണ്ട് രൂപയും ജിഎസ്ടിയും അനുവദനീയമായ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് 20 രൂപയും ജിഎസ്ടിയുമാണ് ഈടാക്കുക.
എസ്ബിഐയുടെ ഡിഫന്‍സ് സാലറി പാക്കേജ് (DSP), പാരാ മിലിട്ടറി സാലറി പാക്കേജ് (PMSP), ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സാലറി പാക്കേജ് (ഐസിജിഎസ്പി), സെന്‍ട്രല്‍ ഗവണ്‍മെന്റ് സാലറി പാക്കേജ് (ആര്‍എസ്പി), ശൗര്യ ഫാമിലി പെന്‍ഷന്‍ അക്കൗണ്ട്‌സ്, റെയില്‍വെ സാലറി പാക്കേജ്, പോലീസ് സാലറി പാക്കേജ്, കോര്‍പ്പറേറ്റ് സാലറി പാക്കേജ്, സ്റ്റേറ്റ് ഗവണ്‍മെന്റ് സാലറി പാക്കേജ്, സ്റ്റാര്‍ട്ടപ്പ് സാലറി പാക്കേജ്, ഫാമിലി സേവിംഗ്‌സ് അക്കൗണ്ട്-എസ്ബിഐ റിഷ്‌തെ ഉടമകള്‍ എന്നിവര്‍ക്ക് ഐഎംപിഎസ് ചാര്‍ജുകള്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.
മറ്റ് ബാങ്കുകള്‍ക്കു ഐഎംപിഎസ് ചാര്‍ജുകള്‍
കാനറ ബാങ്കില്‍ 1000 രൂപ വരെയുള്ള ഇടപാടുകള്‍ സൗജന്യമാണ്. 1000 മുതല്‍ 10000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് മൂന്ന് രൂപയും ജിഎസ്ടിയും നല്‍കണം. രണ്ട് ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ക്ക് 20 രൂപയും ജിഎസ്ടിയും നല്‍കണം.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 1000 രൂപ വരെയുള്ള ഐഎംപിഎസ് ഇടപാടുകള്‍ സൗജന്യമാണ്. 1001 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ ബാങ്ക് ശാഖ വഴിയാണ് നടത്തുന്നതെങ്കില്‍ ആറ് രൂപയും ജിഎസ്ടിയും നല്‍കണം. ഓണ്‍ലൈന്‍ വഴിയാണെങ്കില്‍ അഞ്ച് രൂപയും ജിഎസ്ടിയുമാണ് നല്‍കേണ്ടത്. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ ബാങ്ക് വഴിയാണ് നടത്തുന്നതെങ്കില്‍ 12 രൂപയും ജിഎസ്ടിയും ഓണ്‍ലൈന്‍ വഴിയാണ് നടത്തുന്നതെങ്കില്‍ പത്ത് രൂപയും ജിഎസ്ടിയും നല്‍കണം.
New Delhi,New Delhi,Delhi
August 14, 2025 12:35 PM IST