Leading News Portal in Kerala

പെണ്‍കുഞ്ഞുങ്ങളെ പ്രസവിക്കുന്നവര്‍ക്ക് ഫീസ് ഒഴിവാക്കിയ പൂനെയിലെ ഡോക്ടറെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര | Anand Mahindra celebrates Pune doctor who waives fees for baby girl deliveries | Money


Last Updated:

വ്യക്തികള്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കുമ്പോഴാണ് യഥാര്‍ത്ഥ മാറ്റം ഉണ്ടാകുന്നതെന്ന് മറ്റൊരാള്‍ കുറിച്ചു.

News18News18
News18

പെണ്‍കുഞ്ഞുങ്ങളെ പ്രസവിക്കുന്നവരുടെ പ്രസവ ചെലവ് ഒഴിവാക്കി നല്‍കുന്ന പൂനെയിലെ ഡോക്ടര്‍ ഗണേഷ് രാഖിന്റെ അപൂര്‍വമായ കാരുണ്യ പ്രവര്‍ത്തനത്തെ പ്രശംസിച്ച് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഡോക്ടറുടെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പ് ആനന്ദ് മഹീന്ദ്ര പങ്കിട്ടു.

ഐഎഎസ് ഓഫീസര്‍ ഡി പ്രശാന്ത് നായര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ആനന്ദ് മഹീന്ദ്ര ഡോ. രാഖിനെ കുറിച്ചും അദ്ദേഹത്തിന്റെ ആശുപത്രിയില്‍ നടന്ന കാര്യങ്ങളെ കുറിച്ചും അറിഞ്ഞത്. ഒരു ദിവസ വേതന തൊഴിലാളി തന്റെ ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ കുറിച്ചും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് പ്രശാന്ത് നായര്‍ പോസ്റ്റില്‍ വിവരിച്ചിരുന്നത്. ആശുപത്രി ചെലവുകളെ കുറിച്ച് അയാള്‍ വളരെയധികം ആശങ്കാകുലനായിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

സിസേറിയന്‍ നടത്താന്‍ തന്റെ വീട് പണയപ്പെടുത്തേണ്ടി വരുമെന്ന് പോലും ആ മനുഷ്യന്‍ ഭയന്നു. കുഞ്ഞ് ജനിച്ചപ്പോള്‍ ആ പാവം മനുഷ്യന്‍ ആദ്യം ഡോക്ടറോട് തിരക്കിയത് കുഞ്ഞ് ആണോ അതോ പെണ്ണോ എന്നാണ്. നിനക്ക് ഒരു മാലാഖയെ ലഭിച്ചിരിക്കുന്നുവെന്ന് ഡോക്ടര്‍ രാഖ് അദ്ദേഹത്തിന് മറുപടി നല്‍കി. ആശുപത്രി ബില്ലിനെ കുറിച്ച് ചോദിക്കാന്‍ മടിച്ചുനിന്ന ആ വ്യക്തിയോട് ഡോക്ടര്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു, “മാലാഖമാര്‍ ജനിക്കുമ്പോള്‍ ഞാന്‍ ഒരു ഫീസും വാങ്ങാറില്ല”.

മറുപടികേട്ട് വിങ്ങിപൊട്ടിയ ആ മനുഷ്യന്‍ ഡോക്ടറുടെ കാലില്‍ വീഴുകയും അദ്ദേഹത്തെ ദൈവമെന്ന് വിളിക്കുകയും ചെയ്തുവെന്ന് നായര്‍ പോസ്റ്റില്‍ പറയുന്നുണ്ട്.

ലിംഗസമത്വം ഉയര്‍ത്തിക്കാട്ടുന്നതിനുള്ള ക്യാമ്പെയിനിനായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഡോ. ഗണേഷ് രാഖ്. ഒരു ദശാബ്ദത്തിലേറെയായി അദ്ദേഹം പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ ഫീസ് വാങ്ങാറില്ല. 2007-ലാണ് പൂനെയിലെ ഹദപ്‌സറില്‍ ഡോ. രാഖ് തന്റെ മെറ്റേര്‍ണിറ്റി മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആരംഭിച്ചത്. അന്നുമുതല്‍ ‘സേവ് ദി ഗേള്‍ ചൈല്‍ഡ്’ എന്ന പേരില്‍ അദ്ദേഹം സ്വയം ആരംഭിച്ച ക്യാമ്പെയിനിലൂടെ ആയിരത്തിലധികം പെണ്‍കുഞ്ഞുങ്ങള്‍ക്ക് ഒരു ഫീസും ഈടാക്കാതെ ജന്മം നല്‍കി.

രണ്ട് കുട്ടികളുടെ അച്ഛനെന്ന നിലയില്‍ വീട്ടില്‍ മാലാഖമാര്‍ ജനിക്കുന്നത് എങ്ങനെയാണെന്ന് തനിക്കറിയാമെന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ടുള്ള ആനന്ദ് മഹിന്ദ്രയുടെ പോസ്റ്റ് തുടങ്ങിയത്. എന്നാല്‍ ഡോക്ടര്‍ തന്നെ ഒരു മാലാഖയാണെന്ന് അദ്ദേഹം പറഞ്ഞു. കാരുണ്യത്തിന്റെ ഉദാരതയുടെയും മാലാഖയാണ് ഡോക്ടര്‍ രാഖ് എന്നും മഹീന്ദ്ര പറഞ്ഞു. നിങ്ങളുടെ ലക്ഷ്യങ്ങളും ജോലിയും എങ്ങനെയാണ് സമൂഹത്തെ സ്വാധീനിക്കുന്നതെന്ന് സ്വയം ചോദിച്ചുകൊണ്ട് ഈ ആഴ്ച തുടങ്ങുന്നതാണ് ഏറ്റവും ശക്തമായ കാര്യമെന്ന് പ്രശാന്ത് നായരുടെ പോസ്റ്റ് ഓര്‍മ്മപ്പെടുത്തിയതായും അദ്ദേഹം കുറിച്ചു.

ആണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ സമൂഹം സന്തോഷിക്കുന്നതുപോലെ പെണ്‍കുട്ടികള്‍ ഉണ്ടാകുമ്പോഴും സമൂഹം സന്തോഷിച്ച് തുടങ്ങിയാല്‍ മാത്രമേ പെണ്‍കുഞ്ഞുങ്ങളുടെ പ്രസവത്തിന് താന്‍ ഫീസ് ഈടാക്കി തുടങ്ങുകയുള്ളൂവെന്ന് ഡോ. രാഖ് 2016-ല്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആണ്‍കുട്ടികള്‍ വളരെയധികം മുന്‍ഗണന നല്‍കുകയും ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ പെണ്‍ ഭ്രൂണഹത്യകളും ശിശുഹത്യകളും വര്‍ദ്ധിച്ചുവരികയും ചെയ്യുന്നതിനുള്ള മറുപടിയെന്ന നിലയ്ക്കാണ് ഡോക്ടര്‍ അദ്ദേഹത്തിന്റെ സംരംഭം വിഭാവനം ചെയ്തത്.

ഓണ്‍ലൈനില്‍ ഡോ. രാഖിന്റെ പ്രവര്‍ത്തനം വ്യാപകമായി പ്രചരിച്ചു. അദ്ദേഹത്തിന്റെ പ്രവൃത്തികളെ പലരും പ്രശംസിച്ചു. സര്‍ക്കാര്‍ അദ്ദേഹത്തിന്റെ പ്രവൃത്തിയെ ഔദ്യോഗികമായി അംഗീകരിക്കണമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. നമ്മുടെ ലോകത്തെ മികച്ചതാക്കാന്‍ ദൈവം അദ്ദേഹത്തെ അയച്ചുവെന്നായിരുന്നു ഒരു കമന്റ്. വ്യക്തികള്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കുമ്പോഴാണ് യഥാര്‍ത്ഥ മാറ്റം ഉണ്ടാകുന്നതെന്ന് മറ്റൊരാള്‍ കുറിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Money/

പെണ്‍കുഞ്ഞുങ്ങളെ പ്രസവിക്കുന്നവര്‍ക്ക് ഫീസ് ഒഴിവാക്കിയ പൂനെയിലെ ഡോക്ടറെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര