Leading News Portal in Kerala

GST 2.0 | വില കുറച്ചപ്പോൾ മാരുതി സുസുക്കിയുടെ ഏറ്റവും വിലകുറഞ്ഞ കാർ ഏത് ? What is the cheapest Maruti car after gst cuts | Money


Last Updated:

ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറച്ചതോടെ കാര്‍ വിലയില്‍ ആകെ 8.5 ശതമാനത്തിന്റെ കുറവാണ് പ്രതിഫലിക്കുക

News18News18
News18

ജിഎസ്ടി നിരക്ക് കുറച്ചതോടെ രാജ്യത്തെ കാര്‍ വിലകളില്‍ മാറ്റം നിലവില്‍ വന്നു. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി ഉള്‍പ്പെടെയുള്ള കമ്പനികള്‍ കാര്‍ വിലയില്‍ വലിയ കുറവുകളാണ് വരുത്തിയിരിക്കുന്നത്. 11 വര്‍ഷത്തിന് ശേഷം മാരുതിയുടെ ആള്‍ട്ടോയെ പിന്തള്ളി മിനി എസ്‌യുവിയായ എസ്-പ്രസ്സോ ഏറ്റവും വില കുറഞ്ഞ കാറായി മാറി. കാര്‍ വിപണിയില്‍ ഏറ്റവും ഡിമാന്‍ഡുള്ള എസ് പ്രസ്സോ, ആള്‍ട്ടോ, വാഗണ്‍ ആര്‍, സെലേരിയോ എന്നിവയുടെ വിലക്കുറവ് വ്യാഴാഴ്ചയാണ് കമ്പനി പ്രഖ്യാപിച്ചത്. ഇത് ജിഎസ്ടിയിലെ ഇളവ് കൂടി ഉൾപ്പെടുത്തിയാണിത്. വിലക്കുറവ് 9 ശതമാനം മുതല്‍ 24 ശതമാനം വരെയാകുമെന്ന് കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

എസ്-പ്രസ്സോയുടെ അടിസ്ഥാന മോഡലിന്റെ വിലയില്‍ 18 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് വിലയില്‍ 76,000 രൂപയുടെ കിഴിവ് ലഭിക്കും. ഇതോടെ കാറിന്റെ വില 3.49 ലക്ഷം രൂപയായി കുറയും. അതേസമയം, ആള്‍ട്ടോയുടെ വില 12.5 ശതമാനം അഥവാ 53,100 രൂപയാണ് കുറയുക. ഇതോടെ കാറിന്റെ വില 3.69 ലക്ഷം രൂപയിൽ ആരംഭിക്കും. വിലക്കുറവ് പ്രഖ്യാപിക്കുന്നതിന് മുമ്പ് എസ്-പ്രസ്സോയുടെയും ആള്‍ട്ടോയുടെയും വില യഥാക്രമം 4.26 ലക്ഷം രൂപയും 4.23 ലക്ഷം രൂപയുമായിരുന്നു.

എസ്-പ്രസ്സോയുടെ പരമാവധി വിലക്കുറവ് ഏകദേശം 1.3 ലക്ഷം രൂപയും ആള്‍ട്ടോയുടേത് പരമാവധി 1.08 ലക്ഷം രൂപയുമാണ്.

വിലക്കയറ്റം കാരണം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഡിമാന്‍ഡ് ഏറ്റവും താഴ്ന്ന നിലയില്‍ തുടരുന്ന എന്‍ട്രി ലെവല്‍ മോഡലുകളുടെ ആവശ്യകത വര്‍ധിപ്പിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ മാരുതിയുടെ ചെറുകാറുകളുടെ വില്‍പ്പനയില്‍(ആള്‍ട്ടോ, എസ്-പ്രസ്സോ) 35 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു.

പുതിയതിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന ഇരുചക്രവാഹന ഉടമകളെയും ചെറുകാറുകളുടെ വിലക്കുറവ് ആകര്‍ഷിക്കുമെന്ന് മാരുതി സുസുക്കി പ്രതീക്ഷിക്കുന്നു.

വില്‍പ്പന സ്തംഭനാവസ്ഥയിലുള്ള വിഭാഗത്തെ പുനരുജ്ജീവിപ്പിക്കുമോ?

”കാറിന്റെ ഉയര്‍ന്ന വില, ഉയര്‍ന്ന ഡൗണ്‍ പേയ്‌മെന്റ് വില, ഉയര്‍ന്ന ഇഎംഐ എന്നിവയാണ് ചെറുകാറുകളുടെ വിഭാഗത്തില്‍ വില്‍പ്പനയെ ബാധിച്ചിരുന്ന ഘടകങ്ങള്‍. ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറച്ചതോടെ കാര്‍ വിലയില്‍ ആകെ 8.5 ശതമാനത്തിന്റെ കുറവാണ് പ്രതിഫലിക്കുക,” മാരുതി സുസുക്കി മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് വിഭാഗം സീനിയര്‍ എക്‌സിക്യുട്ടിവ് ഓഫീസര്‍ പാര്‍ഥോ ബാനര്‍ജി പറഞ്ഞു.

മാരുതിയുടെ മറ്റ് രണ്ട് ചെറുകാറുകളായ സെലേരിയോ, വാഗണ്‍ ആര്‍ എന്നിവയും സ്‌പെഷ്യല്‍ ഓഫറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെലേരിയോയുടെ വില 4.69 ലക്ഷം രൂപയായി കുറയും. 17 ശതമാനം അഥവാ 94,100 രൂപയുടെ കുറവാണ് ഉണ്ടാകുക. അതേസമയം, വാഗണ്‍ ആറിന് 79,600 രൂപ കുറച്ച് 4.98 ലക്ഷം രൂപയായി. 13 ശതമാനത്തിന്റെ കുറവാണ് വിലയിലുണ്ടായിരിക്കുന്നത്.

ഇതൊരു ‘പരിമിത കാല ഓഫര്‍’ ആയിരിക്കുമെന്നും ഡിസംബര്‍ അവസാനത്തോടെ ഇത് പുനഃപരിശോധിക്കുമെന്നും ബാനര്‍ജി പറഞ്ഞു.

ജിഎസ്ടി നിരക്ക് കുറയ്ക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം ഡീലര്‍മാരെ അലട്ടുന്ന നഷ്ടപരിഹാര സെസ് സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ വിവിധ സ്ഥാപനങ്ങള്‍ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.