Leading News Portal in Kerala

ഇന്ത്യയിലെ ബാങ്കുകൾ ഒക്ടോബർ 31ന് മുമ്പായി ഇന്റര്‍നെറ്റ് വിലാസം മാറാൻ തീരുമാനിച്ചത് എന്തുകൊണ്ട്? | Reserve Bank of India tells financial banks to change domain name before October 31 | Money


ഡിജിറ്റല്‍ ബാങ്കിംഗ് ഇടപാടുകള്‍ സുരക്ഷിതമാക്കുന്നതിന് പുതിയ ഇന്റര്‍നെറ്റ് വിലാസത്തിലേക്ക് മാറണമെന്നാണ് ബാങ്കുകള്‍ക്കുള്ള നിര്‍ദ്ദേശം. ഈ വര്‍ഷം ഏപ്രില്‍ മുതലാണ് ഡൊമെയ്ന്‍ മാറ്റത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. രാജ്യത്തെ എല്ലാ ബാങ്കുകളും വ്യാജ വെബ്‌സൈറ്റുകളില്‍ നിന്ന് നിയമാനുസൃതമായ വെബ്‌സൈറ്റുകളെ വേര്‍തിരിച്ചറിയാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിന് പുതിയ ഇന്റര്‍നെറ്റ് വിലാസം സ്വീകരിച്ചുതുടങ്ങണമെന്ന് ആര്‍ബിഐ നിര്‍ദ്ദേശിക്കുകയായിരുന്നു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ആര്‍ബിഐയുടെ ധനനയ അവലോകന യോഗത്തിലാണ് ഡൊമെയ്ന്‍ മാറ്റത്തിനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഫിഷിംഗ് തട്ടിപ്പുകളും ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പുകളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സൈബര്‍ സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടികൊണ്ട് ആര്‍ബിഐ ഗവര്‍ണര്‍ സജ്ഞയ് മല്‍ഹോത്രയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.

ഡിജിറ്റല്‍ തട്ടിപ്പുകളിലെ വര്‍ദ്ധന ആശങ്കാജനകമാണെന്നും എല്ലാ ധനകാര്യ സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഇതിനെതിരെ ആവശ്യമാണെന്നും അദ്ദേഹം അന്ന് പറഞ്ഞു.

എങ്ങനെയാണ് പുതിയ ഡൊമെയ്ന്‍ പ്രവര്‍ത്തിക്കുക

എല്ലാ ബാങ്കുകളും ഇതുവരെ ഉപയോഗിച്ചിരുന്ന ഇന്റര്‍നെറ്റ് ഡൊമെയിനിനു പകരം bank.in-ല്‍ അവസാനിക്കുന്ന വെബ്‌സൈറ്റുകള്‍ ഉപയോഗിക്കേണ്ടതുണ്ട്. ഉപയോക്താക്കള്‍ക്ക് നിയമാനുസൃമായ ബാങ്കിംഗ് പ്ലാറ്റ്‌ഫോമുകള്‍ തിരിച്ചറിയാനും വ്യാജ വെബ്‌സൈറ്റുകളുടെ കെണിയില്‍പ്പെടാതിരിക്കാനും ഈ മാറ്റം സഹായിക്കും.

ബാങ്കുകള്‍ക്ക് പുറമേ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കായി (എന്‍ബിഎഫ്‌സി) ഒരു fin.in ഡൊമെയ്ന്‍ ആരംഭിക്കാനും ആര്‍ബിഐ പദ്ധതിയിടുന്നുണ്ട്. ഡിജിറ്റല്‍ ധനകാര്യ മേഖലയില്‍ തട്ടിപ്പ് തടയുന്നതിനുള്ള ശ്രമങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനായാണിത്.

ഇന്ത്യയിലെ സൈബര്‍ ഭീഷണികള്‍

ഓണ്‍ലൈന്‍ ബാങ്കിംഗ്, യുപിഐ ഇടപാടുകള്‍, മൊബൈല്‍ വാലറ്റുകള്‍ എന്നിവയുടെ ഉപയോഗം രാജ്യത്ത് വ്യാപകമായി നടക്കുന്നതിനാല്‍ തട്ടിപ്പുകളും വളരെ കൂടുതലാണ്. തട്ടിപ്പുകള്‍ക്കായി പലപ്പോഴും സൈബര്‍ കുറ്റവാളികള്‍ നിയമാനുസൃതമായ ബാങ്കിംഗ് സൈറ്റുകളെ അനുകരിക്കുന്നു.

ബാങ്കുകളും എന്‍ബിഎഫ്‌സികളും തങ്ങളുടെ തട്ടിപ്പ് കണ്ടെത്തല്‍ സംവിധാനങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെടുത്തുകയും സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിന് പതിവ് സുരക്ഷാ വിലയിരുത്തലുകള്‍ നടത്തുകയും ചെയ്യണമെന്ന് ഗവര്‍ണര്‍ നിർദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള കണക്കെടുത്താല്‍ 6,32,000 തട്ടിപ്പുകളാണ് യുപിഐ വഴി മാത്രം രാജ്യത്ത് നടന്നത്. 485 കോടി രൂപ ഇതുവഴി ഇന്ത്യക്കാര്‍ക്ക് നഷ്ടമായതായും കേന്ദ്ര ധനമന്ത്രാലത്തിന്റെ കണക്കുകള്‍ പറയുന്നു. 2022-23 സാമ്പത്തിക വര്‍ഷം മുതല്‍ 27 ലക്ഷം കേസുകളില്‍ നിന്നായി 2,145 കോടി രൂപയാണ് യുപിഐ തട്ടിപ്പ് വഴി നഷ്ടമായത്. 2023-24 സാമ്പത്തിക വര്‍ഷം 13.4 ലക്ഷം കേസുകളിലായി 1,087 കോടി രൂപ നഷ്ടപ്പെട്ടു.

തട്ടിപ്പ് തടയുന്നതിനായി സര്‍ക്കാര്‍ 669,000-ലധികം സിം കാര്‍ഡുകളും 1,32,000 ഐഎംഇഐ നമ്പറുകളും ബ്ലോക്ക് ചെയ്തു. ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ (I4C) 1,700 സ്‌കൈപ്പ് ഐഡികളും 59,000 വാട്ട്‌സാപ്പ് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തു. 9,94,000 പരാതികളില്‍ നിന്നായി 3,431 കോടി രൂപ സേവ് ചെയ്തതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നു.

തട്ടിപ്പുകള്‍ തടയുന്നതിന് അന്താരാഷ്ട്ര ഇടപാടുകളിലടക്കം അധിക സുരക്ഷ ഉറപ്പാക്കാനും ആര്‍ബിഐ ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യയുടെ അതിവേഗം വളരുന്ന ഡിജിറ്റല്‍ സാമ്പത്തിക വ്യവസ്ഥ സംരക്ഷിക്കുന്നതിന് ആവശ്യമായ കൂടുതല്‍ സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തുമെന്നും തട്ടിപ്പ് പ്രവണതകള്‍ നിരീക്ഷിക്കുന്നത് തുടരുമെന്നും ആര്‍ബിഐ ഉറപ്പുനല്‍കിയിട്ടുണ്ട്.