യുപിഐ ഇടപാടുകള്‍ക്ക് ഇനി ബയോമെട്രിക് ഓതന്റിക്കേഷന്‍; പുതിയ സംവിധാനം നാളെമുതൽ | UPI to introduce facial and fingerprint authentication soon | Money
Last Updated:
യുപിഐ ഇടപാടുകൾ കൂടുതൽ വേഗത്തിലും സുരക്ഷിതമായും സൗകര്യപ്രദമാക്കാനുമാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്
മുംബൈ: രാജ്യത്തെ പണമിടപാടുകാർക്ക് കൂടുതൽ സുരക്ഷയൊരുക്കാൻ പുതിയ സംവിധാനം വരുന്നു. ഒക്ടോബര്‍ 8 മുതല്‍ യുപിഐ വഴി നടത്തുന്ന ഇടപാടുകള്‍ക്ക് മുഖം തിരിച്ചറിയല്‍, വിരലടയാളം എന്നിവ ഉപയോഗിക്കാന്‍ സാധിക്കും. ഏകീകൃത തിരിച്ചറിയല്‍ സംവിധാനമായ ആധാറില്‍ സൂക്ഷിച്ചിട്ടുള്ള ബയോമെട്രിക് ഡാറ്റ ഉപയോഗിച്ചായിരിക്കും സ്ഥിരീകരണം നടത്തുകയെന്ന് ഇതു സംബന്ധിച്ച വൃത്തങ്ങള്‍ അറിയിച്ചു.
ഇതുവരെ ഇടപാടുകൾ നടത്താൻ ഉപയോക്താക്കൾ ഒരു ന്യൂമെറിക് പിൻ (PIN) നൽകുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. ഇതിൽ നിന്നുള്ള സുപ്രധാന മാറ്റമാണ് പുതിയ സംവിധാനം.
പുതിയ ഓതൻ്റിക്കേഷൻ രീതിക്കായി സർക്കാരിൻ്റെ ആധാർ സംവിധാനത്തിൽ സംഭരിച്ചിട്ടുള്ള ബയോമെട്രിക് ഡാറ്റയായിരിക്കും ഉപയോഗിക്കുക. ഡിജിറ്റൽ പേയ്‌മെൻ്റുകൾക്കായി മറ്റ് അംഗീകൃത മാർഗ്ഗങ്ങൾ അനുവദിച്ചുകൊണ്ടുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) പുതിയ മാർഗ്ഗനിർദ്ദേശങ്ങൾക്ക് പിന്നാലെയാണ് ഈ നീക്കം. യുപിഐ ഇടപാടുകൾ കൂടുതൽ വേഗത്തിലും സുരക്ഷിതമായും സൗകര്യപ്രദമായും നടത്താൻ ഇത് ലക്ഷ്യമിടുന്നു.
യുപിഐ പ്രവര്‍ത്തിപ്പിക്കുന്ന നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മുംബൈയില്‍ നടക്കുന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ പുതിയ ബയോമെട്രിക് സംവിധാനം പ്രദര്‍ശിപ്പിക്കാന്‍ പദ്ധതിയിടുന്നതായി വൃത്തങ്ങള്‍ പറഞ്ഞു.
ബയോമെട്രിക് ഓതൻ്റിക്കേഷൻ വരുന്നതോടെ സുരക്ഷാ നിലവാരം നിലനിർത്തിക്കൊണ്ട് തന്നെ ഉപയോക്താക്കളുടെ സൗകര്യം വർദ്ധിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, എൻപിസിഐ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.
October 07, 2025 9:21 PM IST
