Leading News Portal in Kerala

എസ്‌ഐപി മുതല്‍ സ്വര്‍ണ ബോണ്ടുകള്‍ വരെ ; 50 ലക്ഷം രൂപയുടെ സമ്പാദ്യമുള്ള 28-കാരി|SIPs To Gold Bonds This 28-Year-Old Built a 50 Lakh Corpus | Money


Last Updated:

50,000 രൂപയുടെ പ്രതിമാസ എസ്‌ഐപിയില്‍ നിന്നാണ് തന്റെ നിക്ഷേപ യാത്ര ആരംഭിച്ചതെന്ന് യുവതി പറയുന്നു

News18News18
News18

ധാരാളം പണം സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. 30 വയസ്സ് ആകുമ്പോഴേക്കും കോടീശ്വരന്മാരാകാന്‍ ആഗ്രഹിക്കുന്നവരാണ് മിക്കയാളുകളും. എന്നാല്‍ ഇത് അത്ര എളുപ്പമല്ല. പക്ഷേ, അസാധ്യമായ കാര്യവുമല്ല.

കൃത്യമായ സാമ്പത്തിക ആസൂത്രണത്തിലൂടെ ഈ ലക്ഷ്യം കൈവരിക്കാനാകും. ഇതിന് നേരത്തെയുള്ള സമ്പാദ്യം, തന്ത്രപരമായ നിക്ഷേപം, വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ എന്നിവ ആവശ്യമാണ്. മാത്രമല്ല, സ്ഥിരമായി സമ്പാദിക്കുക, അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക, നിക്ഷേപം പരമാവധി നടത്തുക, വിരമിക്കല്‍ സംഭാവനകള്‍ നടത്തുക, ഒന്നിലധികം വരുമാന സ്രോതസ്സുകള്‍ കണ്ടെത്തുക തുടങ്ങിയ ഘടകങ്ങളും സാമ്പത്തികമായ ഉന്നമനത്തിന് ആവശ്യമാണ്.

ലക്ഷകണക്കിന് കോടി രൂപയുടെ ആസ്തികള്‍ നമ്മള്‍ എപ്പോഴും സ്വപ്‌നം കാണുമ്പോള്‍ 28 വയസ്സുള്ള ഒരു ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍ അത് യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്. 50 ലക്ഷം രൂപയാണ് ഇത്ര ചെറിയ പ്രായത്തില്‍ തന്നെ ഇവരുടെ സമ്പാദ്യം.

റെഡ്ഡിറ്റില്‍ പങ്കുവെച്ച ഒരു കുറിപ്പിലൂടെയാണ് യുവതി തന്റെ സമ്പാദ്യത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. വളരെ വിശദമായി അവര്‍ തന്റെ സേവിങ്‌സിനെ കുറിച്ച് പോസ്റ്റില്‍ പറയുന്നുണ്ട്. മ്യൂച്വല്‍ ഫണ്ടുകള്‍, സോവറിന്‍ ഗോള്‍ഡ് ബോണ്ട് (എസ്ജിബി), പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്) എന്നിവ ഉള്‍പ്പെടെ 50 ലക്ഷം രൂപയിലധികമാണ് 28-കാരിയുടെ സമ്പാദ്യം.

50,000 രൂപയുടെ പ്രതിമാസ എസ്‌ഐപിയില്‍ നിന്നാണ് തന്റെ നിക്ഷേപ യാത്ര ആരംഭിച്ചതെന്ന് അവര്‍ പറയുന്നു. ക്രമേണ പ്രതിമാസ നിക്ഷേപം 85,000 രൂപയായി വര്‍ദ്ധിപ്പിച്ചുവെന്നും അവര്‍ പറയുന്നുണ്ട്. ഇന്ന് മ്യൂച്വല്‍ ഫണ്ടില്‍ 27.42 ലക്ഷം രൂപയും സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍ 18.15 ലക്ഷം രൂപയും പിപിഎഫില്‍ 4.73 ലക്ഷം രൂപയും സമ്പാദ്യമുണ്ടെന്നും ആകെ സമ്പാദ്യം 50.30 ലക്ഷം രൂപയാണെന്നും അവര്‍ പോസ്റ്റില്‍ വിശദമാക്കി.

സാമ്പത്തികാസൂത്രണത്തിന്റെ ഈ മാതൃക കണ്ട് സോഷ്യല്‍ മീഡിയ അവരെ പ്രശംസിച്ചു. പലരും ഇതിനെ പ്രചോദനമായാണ് വിശേഷിപ്പിച്ചത്. ചിലര്‍ തങ്ങളുടെ നിക്ഷേപ അനുഭവങ്ങളും പങ്കുവെച്ചു. എസ്ജിബിയില്‍ വലിയ പുരോഗതി നേടാനായില്ലെന്നും ഭാവിയില്‍ ചെറിയ യൂണിറ്റുകള്‍ വാങ്ങുന്നത് തുടരാമെന്നാണ് കരുതുന്നതെന്നും എന്നാല്‍ സര്‍ക്കാര്‍ ക്രമേണ ഇത് നല്‍കുന്നത് നിര്‍ത്തിയെന്നും ഒരാള്‍ കുറിച്ചു.

നിങ്ങളുടെ പ്രായത്തില്‍ ഞാന്‍ ഇതുവരെ സമ്പാദ്യം ആരംഭിച്ചിട്ടില്ലെന്നായിരുന്നു ഒരു പ്രതികരണം. ചിലര്‍ പെണ്‍കുട്ടിയെ അഭിനന്ദിച്ചു. എസ്ജിബിക്ക് പകരം ബ്ലൂ ചിപ് ഓഹരികള്‍ കൈവശം വെച്ചിട്ടുണ്ടെന്ന് ഒരാള്‍ കുറിച്ചു. ചിലര്‍ തങ്ങളുടെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോയെ കുറിച്ചുള്ള വിവരങ്ങളും പോസ്റ്റിനു താഴെ പങ്കുവെച്ചു.

വളരെ ചെറിയ പ്രായത്തില്‍ തന്നെ സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിന് പേഴ്‌സണല്‍ ഫിനാന്‍സിന്റെ അടിസ്ഥാന കാര്യങ്ങളില്‍ പ്രാവിണ്യം നേടുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുക. സ്റ്റോക്കുകളിലോ മ്യൂച്വല്‍ ഫണ്ടുകളിലോ നിക്ഷേപിക്കുന്നതിന് മുമ്പ് ഇവയെ കുറിച്ച് ആവശ്യമായ അറിവ് നേടുകയും ആഴത്തിലുള്ള വിപണി ഗവേഷണം നടത്തുകയും ചെയ്യുക.