ഓഹരി ഉടമകള്‍ക്ക് വിടവാങ്ങല്‍ കത്തുമായി വാറന്‍ ബഫറ്റ്; പടിയിറങ്ങുന്നത് ഇതിഹാസ നിക്ഷേപകന്‍ | Warren Buffett’s final letter to shareholders | Money
Last Updated:
ഏകദേശം ആറ് പതിറ്റാണ്ടോളമാണ് അദ്ദേഹം കമ്പനിയെ നയിച്ചത്
ലോകത്തിലെ ഏറ്റവും വിജയകരമായ നിക്ഷേപകരില്‍ ഒരാളും മനുഷ്യസ്‌നേഹിയുമായ വാറന്‍ ബഫറ്റ് തന്റെ സ്ഥാപനമായ ബെര്‍ക്ക്‌ഷെയര്‍ ഹാത്ത്‌വേയിൽ നിന്ന് പടിയിറങ്ങുന്നു. ഈ വര്‍ഷം അവസാനത്തോടെ താന്‍ കമ്പനിയിൽ നിന്ന് പടിയിറങ്ങുമെന്ന് ഓഹരി ഉടമകള്‍ക്ക് അയച്ച കത്തില്‍ അദ്ദേഹം അറിയിച്ചു. ഇതോടെ താന്‍ ‘നിശബ്ദനാകുമെന്നും’ 95കാരനായ അദ്ദേഹം അറിയിച്ചു.
ഏകദേശം ആറ് പതിറ്റാണ്ടോളമാണ് അദ്ദേഹം കമ്പനിയെ നയിച്ചത്. തന്റെ 150 ബില്ല്യണ്‍ ഡോളര്‍(ഏകദേശം 13.3 ലക്ഷം കോടി രൂപ) മൂല്യമുള്ള സമ്പത്ത് എങ്ങനെ വിതരണം ചെയ്യണമെന്നും കത്തില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ശേഷിക്കുന്ന സ്വത്തിന്റെ ഭൂരിഭാഗവും തന്റെ മൂന്ന് മക്കളുടെയും ചാരിറ്റബിള്‍ ഫൗണ്ടേഷനുകള്‍ക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ മക്കള്‍ക്ക് ഓരോ വര്‍ഷവും ഏകദേശം 500 മില്ല്യണ്‍ ഡോളര്‍(ഏകദേശം 4433 കോടി രൂപ) നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.
ഒരു വലിയ ജീവകാരുണ്യ പദ്ധതി നടപ്പിലാക്കാനുള്ള തന്റെ ആഗ്രഹം പ്രായോഗികമല്ലെന്ന് തെളിഞ്ഞതായി അദ്ദേഹം സമ്മതിച്ചു. ”ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ രാഷ്ട്രീയ തട്ടിപ്പുകാര്‍, സ്വത്ത് കൈവശപ്പെടുത്തുന്നവര്‍, തുടങ്ങിയവരെയും തെറ്റായ രീതിയിലുള്ള സ്വത്ത് കൈമാറ്റങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
പിന്‍ഗാമിയായ ഗ്രെഗ് ആബെല്‍ സിഇഒയായി പൂര്‍ണമായും ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് വരെ തന്റെ ബെര്‍ക്ക് ഷെയര്‍ ഹാത്ത്‌വെ യുടെ ക്ലാസ് എ ഓഹരികളുടെ ഒരു പ്രധാന ഭാഗം നിലനിര്‍ത്താന്‍ അദ്ദേഹം പദ്ധതിയിടുന്നു. ഇതുവരെ വാറന്‍ ബഫറ്റ് 60 ബില്ല്യണ്‍ ഡോളറിലധികം സംഭാവന ചെയ്തിട്ടുണ്ട്. അതില്‍ ഭൂരിഭാഗവും ഗേറ്റ്‌സ് ഫൗണ്ടേഷനുവേണ്ടിയാണ്. തന്റെ മൂന്ന് മക്കള്‍ക്കും ഇപ്പോള്‍ ഒരു വലിയ സമ്പത്ത് ചെലവിടാനുള്ള പക്വതയും ബുദ്ധിയും ഊര്‍ജവും സഹജാവബോധവും ഉണ്ടെന്ന് അദ്ദേഹം ഓഹരി ഉടമകള്‍ക്കുള്ള കത്തില്‍ വ്യക്തമാക്കി.
1965 മുതല്‍ കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ക്കൊപ്പം പ്രസിദ്ധീകരിച്ചിരുന്ന തന്റെ പ്രശസ്തമായ വാര്‍ഷിക കത്തുകള്‍ ഇനി എഴുതില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തന്റെ മക്കള്‍ക്കും ഓഹരി ഉടമകള്‍ക്കും എഴുതിയിരുന്ന താങ്ക്‌സ് ഗിവിംഗ് സന്ദേശം എല്ലാ വര്‍ഷവും തുടര്‍ന്നും അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ മക്കളെ ശാക്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാറന്‍ ബഫറ്റിന്റെ മക്കള്‍ക്ക് 72, 70, 67 എന്നിങ്ങനെയാണ് പ്രായം. അനുഭവത്തിന്റെയും അറിവിന്റെയും കാര്യത്തില്‍ മക്കൾ ഉന്നതസ്ഥാനത്താണെന്നും അദ്ദേഹം പ്രതികരിച്ചു.
2010ല്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, അദ്ദേഹത്തിന്റെ മുന്‍ ഭാര്യ മെലിന്‍ഡ ഗേറ്റ്‌സ് എന്നിവരുമായി ചേര്‍ന്നാണ് ദി ഗിവിംഗ് പ്ലെഡ്ജ് എന്ന ജീവകാരുണ്യ സ്ഥാപനം ബഫറ്റ് സ്ഥാപിച്ചത്. എന്നാല്‍ വൈകാതെ താന്‍ ”നിശബ്ദനാകുമെന്ന” സൂചന അദ്ദേഹം നല്‍കി.
നെബ്രാസ്‌കയിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്ന മകൾ നയിക്കുന്ന സൂസണ്‍ തോംസണ്‍ ബഫറ്റ് ഫൗണ്ടേഷന് ബെര്‍ക്ക്‌ഷെയര്‍ ഹാത്ത്‌വേ ഓഹരിയിൽനിന്ന് നിന്ന് 750 മില്ല്യണ്‍ ഡോളര്‍ പുതിയതായി സംഭാവന നല്‍കുമെന്ന് ബഫറ്റ് വ്യക്തമാക്കി. തന്റെ കുട്ടികൾക്ക് വേണ്ടിയുള്ള സംഘടനകള്‍ക്ക് ഓരോന്നിനും 250 മില്ല്യണ്‍ ഡോളര്‍ വീതവും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
മകള്‍ സൂസൺ നയിക്കുന്ന ഷെര്‍വുര്‍ഡ് ഫൗണ്ടേഷന്‍ നെബ്രാസ്‌കയിലെ ജീവിതം മെച്ചപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഭക്ഷ്യസുരക്ഷ, സംഘര്‍ഷങ്ങളുടെ ലഘൂകരണം, മനുഷ്യക്കടത്ത് തടയല്‍ എന്നിവയാണ് മകന്റെ നേതൃത്വത്തിലുള്ള ഹോവാര്‍ഡ് ജി ബഫറ്റ് ഫൗണ്ടേഷന്‍ കൈകാര്യം ചെയ്യുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളെ പിന്തുണയ്ക്കുന്ന സ്ഥാപനമായ നോവോ ഫൗണ്ടേഷനാണ് മറ്റൊരു മകനായ പീറ്റര്‍ നടത്തുന്നത്.
November 13, 2025 10:20 AM IST
