Leading News Portal in Kerala

മോനേ.. ഇതാണ് പൊളി ബസ് സ്റ്റാൻഡ്! മൂന്ന് നിലകളിലായി 44 പ്ലാറ്റ്ഫോമുകളും സ്മാര്‍ട്ട് സൗകര്യങ്ങളും| Viral Video Shows Stunning Infrastructure of Bhubaneswars Baramunda Bus Terminal Netizens Impressed | Money


Last Updated:

ഇന്ത്യയിലെ ഏറ്റവും ആഡംബരപൂർണമായ ബസ് സ്റ്റാൻഡ് എന്നാണ് ബാരാമുണ്ട ബസ് സ്റ്റാൻഡ് വിശേഷിപ്പിക്കപ്പെടുന്നത്

ഒഡ‍ീഷയിലെ ബാരാമുണ്ട ബസ് സ്റ്റേഷൻ (Image: X)
ഒഡ‍ീഷയിലെ ബാരാമുണ്ട ബസ് സ്റ്റേഷൻ (Image: X)

കണ്ടാൽ വിദേശത്തെ ഏതോ വിമാനത്താവളത്തിന്റെ ലക്ഷ്വറി ലോഞ്ചാണെന്ന് തോന്നും. എന്നാൽ ഇത് ഇന്ത്യയിലെ ഒരു ബസ് സ്റ്റാൻഡാണെന്ന് അറിയുമ്പോൾ തീർച്ചയായും അതിശയം തോന്നും. ഒഡീഷ ഭുവനേശ്വറിലെ മനോഹരമായി രൂപകൽപ്പന ചെയ്ത ബാരാമുണ്ട ബസ് സ്റ്റാൻഡിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

നഗരത്തിന് അഭിമുഖമായുള്ള മനോഹരമായ പ്രധാന കവാടം, വൃത്തിയുള്ള പ്രവേശന കവാടം, മികച്ച രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന പാർക്കിംഗ് ഏരിയ, വിശാലമായ ബസ് കാത്തിരിപ്പ് കേന്ദ്രം, ചുവരുകളിലെ പരമ്പരാഗത ചിത്രങ്ങൾ എന്നിവയെല്ലാം കാണികളെ ആകർഷിക്കുന്നു. ഇന്ത്യയിലെ ഏറ്റവും ആഡംബരപൂർണമായ ബസ് സ്റ്റാൻഡ് എന്നാണ് ബാരാമുണ്ട ബസ് സ്റ്റാൻഡ് വിശേഷിപ്പിക്കപ്പെടുന്നത്. ഒഡീഷ മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ ഭരണകാലത്താണ് ഈ ബസ് സ്റ്റാൻഡിന്റെ വികസനം നടന്നത്.

ബാരാമുണ്ട ബസ് സ്റ്റാൻഡ്

ബാബാസാഹേബ് ഭീംറാവു അംബേദ്കർ ബസ് ടെർമിനൽ (BBRABT) എന്നും ഇത് അറിയപ്പെടുന്നു. ഒഡീഷ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷന് (OSRTC) കീഴിൽ പ്രവർത്തിക്കുന്ന ഈ സ്റ്റാൻഡ് 2024 മാർച്ചിലാണ് ഉദ്ഘാടനം ചെയ്തത്. ഒഡീഷയിലെ വിവിധ ഭാഗങ്ങളിലേക്കും അയൽ സംസ്ഥാനങ്ങളിലേക്കുമുള്ള ബസ് സർ‌വീസുകൾക്കായി 44 പ്ലാറ്റ്‌ഫോമുകളാണ് ഇവിടെയുള്ളത്.

15.5 ഏക്കറിലായി മൂന്ന് നിലകളിലായാണ് ഈ ടെർമിനൽ നിർമിച്ചിരിക്കുന്നത്. ഒരേസമയം 100 ഓട്ടോറിക്ഷകൾക്കും, 85ലധികം ഇരുചക്ര വാഹനങ്ങൾക്കും, 20ലധികം ടാക്സികൾക്കും ഇവിടെ പാർക്ക് ചെയ്യാം. പ്രതിദിനം 30,000 യാത്രക്കാർക്കും 700-800 ബസ്സുകൾക്കും ഈ ടെർമിനൽ സേവനം നൽകുന്നു. ഏകദേശം 200 കോടി രൂപ ചിലവഴിച്ചാണ് ഒഡീഷ സർക്കാർ ഇത് നിർമിച്ചത്.

സൗകര്യങ്ങൾ

  • എ.എം.ആർ.ഐ (AMRI) ഹോസ്പിറ്റലിന്റെ വെൽനസ് കെയർ സെന്റർ.
  • ഓപ്പറേഷൻസ് കൺട്രോൾ സെന്റർ, കോൺഫറൻസ് റൂം, ബസ് ഉടമകളുടെ അസോസിയേഷൻ ഓഫീസുകൾ.
  • OSRTC ഓഫീസും ടിക്കറ്റ് കൗണ്ടറുകളും.
  • യാത്രക്കാരായ അമ്മമാർക്കായി മുലയൂട്ടൽ കേന്ദ്രം.
  • ആധുനിക രീതിയിലുള്ള ‘ആഹാർ കേന്ദ്രം’, മിഷൻ ശക്തി കഫേ തുടങ്ങിയ ഭക്ഷണശാലകൾ.

ചുരുക്കത്തിൽ, പൗരന്മാരുടെ യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നതിനും ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഒഡീഷ നടത്തുന്ന പരിശ്രമങ്ങളുടെ മികച്ച അടയാളമാണ് ബാരാമുണ്ട ബസ് സ്റ്റാൻഡ്.