മൂവാറ്റുപുഴയിലെ ‘നല്ലവനായ എഡിസണ്‍’ പിടിയിലായപ്പോൾ തകർന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ലഹരി സിന്‍ഡിക്കേറ്റ് | What is Ketamelon NCB busts India’s biggest darknet vendor of drugs in Kerala
പുറംലോകത്തിന് അജ്ഞാതമെങ്കിലും ലഹരി ഇടപാടിൽ ഡാർക്ക്നെറ്റിൽ രാജ്യത്തെ തന്നെ മുൻനിരക്കാരനായിരുന്നു ഇയാൾ. ഇന്ത്യയിലെ ഒരേയൊരു ‘ലെവല്‍ 4’ ഡാർക്ക് വെബ് ഇടപാടുകാരാണ് പിടിയിലായതെന്നും എന്‍സിബി അറിയിച്ചു. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ എല്‍എസ്ഡി വില്‍പനക്കാർ എന്ന് കുപ്രസിദ്ധി നേടിയ ഡോ.സ്യൂസിന്റെ (Dr Seuss) ‘ഗുംഗ ദിനി’ല്‍ നിന്നാണ് ‘കെറ്റാമെലന്‍’ കാര്‍ട്ടല്‍ പ്രധാനമായും ലഹരിമരുന്ന് ശേഖരിച്ചിരുന്നതെന്നും എന്‍സിബി കണ്ടെത്തി.
‘കെറ്റാമെലന്‍’ കാര്‍ട്ടലിന് ബംഗളൂരു, ചെന്നൈ, ഭോപാല്‍, പട് ന, ഡല്‍ഹി എന്നിങ്ങനെ പ്രധാന നഗരങ്ങളിലേക്കും ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കും എല്‍എസ്ഡി എത്തിക്കുന്ന വിതരണ ശൃംഖല ഉണ്ടായിരുന്നതായാണ് വിവരം. കഴിഞ്ഞ 14 മാസത്തിനിടെ 600 പാക്കറ്റുകളാണ് ഡാര്‍ക്വെബ് വഴി ‘കെറ്റാമെലന്‍’ സംഘം വില്‍പന നടത്തിയതെന്നും എന്‍സിബി കണ്ടെത്തി.
ഡാർക്ക്നെറ്റിലൂടെ കേരളം കേന്ദ്രീകരിച്ച് രാജ്യവ്യാപകമായി ലഹരിമരുന്ന് ഇടപാട് നടത്തുന്നതില്‍ മൂവാറ്റുപുഴ സ്വദേശി എഡിസന് പങ്കുണ്ടെന്ന് എൻസിബി കൊച്ചി യൂണിറ്റിന് വ്യക്തമായത് ഒന്നര മാസം മുൻപ്. വ്യക്തമായ തെളിവോടെ എഡിസനെ പിടികൂടുകയായിരുന്നു ലക്ഷ്യം. അതിലേക്ക് വഴി തുറന്നത് ജൂൺ 28ന് കൊച്ചി ഫോറിൻ പോസ്റ്റ് ഓഫിസിൽ എത്തിയ 3 പാഴ്സലുകളാണ്. 280 എൽഎസ്ഡി സ്റ്റാംപുകൾ അടങ്ങിയ ആ പാഴ്സലുകൾ എത്തിയത് എഡിസന്റെ പേരിലായിരുന്നു.
എന്നാൽ പിറ്റേന്ന് ഞായറാഴ്ച എൻസിബി ഉദ്യോഗസ്ഥർ മൂവാറ്റുപുഴയിലെ വീട്ടുപടിക്കൽ എത്തിയപ്പോൾ എഡിസന്റെ കുടുംബം പോലും സ്തബ്ധരായി. എഡിസന്റെ മാതാപിതാക്കളും ഭാര്യയും കുഞ്ഞുമാണ് വീട്ടിലുള്ളത്. ഇവർക്കാർക്കും ഇയാളുടെ ഇടപാടുകളെപ്പറ്റി അറിയില്ലായിരുന്നു. ഒരു കാര്യം അറിയാനുണ്ടെന്നു പറഞ്ഞാണ് എൻസിബി സംഘം അയാളെ വീടിനു പുറത്തേക്കു വിളിച്ചത്.
ചില കാര്യങ്ങൾ സംസാരിച്ചു തുടങ്ങിയ ഉദ്യോഗസ്ഥർ ഞങ്ങൾക്ക് ‘കെറ്റാമെലോണി’നെക്കുറിച്ചാണ് അറിയേണ്ടത് എന്ന് പറഞ്ഞത് കേട്ട എഡിസൻ ഞെട്ടിത്തരിച്ചു.അതീവ രഹസ്യമായി പ്രവർത്തിച്ചിരുന്ന അയാൾക്ക് പിടിക്കപ്പെടില്ലെന്ന് അത്രയേറെ ഉറപ്പുണ്ടായിരുന്നു.
കഴിഞ്ഞ രണ്ടു വർഷമായി ഡാർക്ക്നെറ്റ് മാർക്കറ്റുകളിൽ സജീവമായ എഡിസൻ അതിനും നാലു വർഷം മുൻപെങ്കിലും ലഹരിയിടപാടുകൾ തുടങ്ങിയിരുന്നെന്ന് എൻസിബി വൃത്തങ്ങൾ പറയുന്നു. എറണാകുളം ജില്ലയിലെ എൻജിനീയറിങ് കോളജിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം ബെംഗളൂരു, പുനെ തുടങ്ങിയ സ്ഥലങ്ങളിൽ ഇയാൾ ജോലി ചെയ്തിരുന്നു. മെക്കാനിക്കൽ മേഖലയിലെ ഏറ്റവും മികച്ച കമ്പനികളിലായിരുന്നു ജോലി. അക്കാലത്താണ് ലഹരി ഇടപാടുകൾ തുടങ്ങിയിരുന്നതായാണ് സൂചന.
തുടക്കത്തിൽ ആവശ്യക്കാരെ കണ്ടെത്തി ചെറിയ തോതിൽ നേരിട്ടു വിൽപനയായിരുന്നു. പിന്നീട് നാട്ടിൽ തിരിച്ചെത്തി ആലുവയിൽ ഒരു റസ്റ്ററന്റ് തുടങ്ങി. എന്നാൽ കോവിഡ് സമയത്ത് അത് അടച്ചു. പിന്നീടാണ് മൂവാറ്റുപുഴയിലെ വീട് കേന്ദ്രീകരിച്ച് വലിയ തോതിൽ ലഹരിയിടപാടു തുടങ്ങിയത്.
എഡിസൺ ഡാർക്ക് വെബിൽ ചെറിയതോതിൽ മയക്കുമരുന്ന് വിൽപ്പന തുടങ്ങിയത് ആറ് വർഷം മുമ്പാണ്. പിന്നീട് ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും മയക്കുമരുന്ന് വിൽപ്പന നടത്തി. 70 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ക്രിപ്‌റ്റോകറൻസി ആസ്തികൾ എൻസിബി കണ്ടെത്തി. ഇത് വലിയ തോതിലുള്ള ഇടപാടുകളിലേക്ക് വ്യക്തമായി വിരൽ ചൂണ്ടുന്നു. സാധാരണ കേരളത്തിൽ പ്രതിവർഷം 1,000 ൽ താഴെ എൽഎസ്‌ഡി ബ്ലോട്ടുകൾ മാത്രമേ കണ്ടെത്തൂ. പക്ഷെ എഡിസൺ ഒരേസമയം 1,000 എൽഎസ്‌ഡി സ്റ്റാമ്പുകൾക്ക് ഒറ്റ ഓർഡർ നൽകിയിരുന്നു.
കുറെക്കാലമായി എഡിസൺ എൻസിബിയുടെ നിരീക്ഷണത്തിലുണ്ട് എങ്കിലും വർഷങ്ങളോളം ശ്രമിച്ചാണ് എഡിസന്റെ നെറ്റ്‍വർക്കിലേക്കു നുഴഞ്ഞുകയറാൻ കഴിഞ്ഞത്. പക്ഷേ നാട്ടുകാരടക്കം ആരും ഒരിക്കൽ പോലും അയാളെക്കുറിച്ചു മോശമായി സംസാരിച്ചിട്ടില്ല. ശാന്തനും സൗമ്യനുമായി സംസാരിക്കുന്ന, പാവത്താനായ ഒരാൾ. ഏതാണ്ട് അമർ അക്ബർ അന്തോണി സിനിമയിലെ ‘നല്ലവനായ ഉണ്ണി’യെ പോലെ ഒരാൾ. പൊതുവേ അന്തർമുഖനും വീട്ടിലേക്ക് ഒതുങ്ങിക്കൂടുന്നയാളും എന്നാണ് നാട്ടുകാരുടെ അഭിപ്രായം. എന്നാൽ വീട്ടിലേക്ക് ഒതുങ്ങിക്കൂടിയത് ഈ ഇടപാടിനായിരുന്നു എന്ന് എൻസിബി വൃത്തങ്ങൾ തിരിച്ചറിഞ്ഞു.
വീട്ടിലെത്തിയ എൻസിബി ഉദ്യോഗസ്ഥരോട് എഡിസൺ എല്ലാം സമ്മതിച്ചെന്നും ഏജൻസി വൃത്തങ്ങൾ പറഞ്ഞു.
എഡിസൺ തന്റെ ഇത്തരം വ്യാപാരങ്ങളിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചിരുന്നു. മയക്കുമരുന്ന് വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനുമായി ഇടപാടുകൾ നടത്താൻ ഇയാൾ ഒന്നിലേറെ ക്രിപ്‌റ്റോകറൻസി പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചതായി സൂചനയുണ്ട്.
എഡിസന്റെ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ 131.66 ഗ്രാം കെറ്റാമിനും 847 എല്‍എസ്ഡി സ്റ്റാംപുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഏകദേശം 35.12 ലക്ഷം രൂപ വിലമതിക്കുന്ന 131.66 കിലോഗ്രാം കെറ്റാമിന്‍, 1,127 എല്‍എസ്ഡി സ്റ്റാംപുകള്‍, 70 ലക്ഷം രൂപയ്ക്ക് തുല്യമായ ക്രിപ്‌റ്റോകറന്‍സി അടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തു.
‘ഓപ്പറേഷൻ മെലോണി’നെക്കുറിച്ചുള്ള എൻസിബി വൃത്തങ്ങളുടെ വെളിപ്പെടുത്തലിൽ തെളിയുന്നത് കേരളത്തിൽ വേരുറപ്പിച്ച് രാജ്യം മുഴുവൻ പടരാനൊരുങ്ങിയ ഒരു പടർത്തിയ ലഹരിശൃംഖലയുടെ ചിത്രമാണ്. എഡിസനൊപ്പം മറ്റൊരു മൂവാറ്റുപുഴ സ്വദേശിയെയും എൻസിബി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Thiruvananthapuram,Kerala
July 02, 2025 8:09 PM IST
മൂവാറ്റുപുഴയിലെ ‘നല്ലവനായ എഡിസണ്‍’ പിടിയിലായപ്പോൾ തകർന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ലഹരി സിന്‍ഡിക്കേറ്റ്