Leading News Portal in Kerala

ബോസുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തിൽ തൊഴിൽരഹിത യുവാവ് കാമുകിയെ കൊലപ്പെടുത്തി|Unemployed man kills girlfriend on suspicion of having an affair with boss


Last Updated:

കൊലപാതകശേഷം യുവതിയുടെ മൃതദേഹത്തിനൊപ്പം പ്രതി രണ്ട് ദിവസം കഴിഞ്ഞതായി പൊലീസ് പറയുന്നു

News18News18
News18

പ്രണയത്തിന്റെ പേരിലും അവിഹിതം സംശയിച്ചുമുള്ള കൊലപാതകങ്ങള്‍ രാജ്യത്ത് തുടര്‍ക്കഥയാകുകയാണ്. ആഴ്ചയില്‍ രണ്ടും മൂന്നും കൊലപാതക സംഭവങ്ങളാണ് ഇത്തരത്തില്‍ പുറത്തുവരുന്നത്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഏറ്റവും പുതുതായി ഇത്തരമൊരു കൊലപാതകം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജൂണ്‍ 27-നാണ് സംഭവം നടക്കുന്നത്. ഒരുമിച്ച് താമസിച്ചിരുന്ന കാമുകിയെ കാമുകന്‍ ദാരുണമായി കൊലപ്പെടുത്തി. ചാക്കിൽ പൊതിഞ്ഞ് സൂക്ഷിച്ച മൃതദേഹത്തിനൊപ്പം ഇയാൾ രണ്ട് ദിവസം കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇരുവര്‍ക്കുമിടയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിതിക സെന്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് ബജാരിയ പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ ശില്‍പ കൗരവ് അറിയിച്ചു. പ്രതിയായ സച്ചിന്‍ രജ്പുതുമായി ലിവ്-ഇന്‍ ബന്ധത്തിലായിരുന്നു റിതിക സെന്‍. ഇരുവരും ഒരുമിച്ച് വാടക വീട്ടിലാണ് താമസിച്ചിരുന്നതെന്നും ശില്‍പ കൗരവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

റിതിക ജോലി ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ സച്ചിന്‍ രജ്പുത് തൊഴില്‍രഹിതനായിരുന്നു. റിതിക സെന്നിന് അവരുടെ ഓഫീസിലെ ബോസുമായി അവിഹിതബന്ധമുണ്ടെന്ന സംശയമാണ് കൊലയ്ക്ക് കാരണം. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വലിയ വഴക്കുണ്ടാകുകയും രോഷാകുലനായ സച്ചിന്‍ റിതികയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് മൃതദേഹം ചാക്കില്‍ പൊതിഞ്ഞ് സൂക്ഷിച്ചു. ഇയാള്‍ രണ്ട് ദിവസം മുഴുവനും മൃതദേഹത്തിനൊപ്പം കഴിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ഈ സമയത്ത് പ്രതി നിയന്ത്രണമില്ലാതെ മദ്യപിച്ചിരുന്നതായും റിപ്പോര്‍ട്ടിൽ പറയുന്നു.

കൊലപാതകത്തെ തുടർന്ന് രണ്ട് ദിവസം കഴിഞ്ഞ് സച്ചിന്‍ തന്റെ സുഹൃത്തിനെ കാണുകയും അയാളുമൊത്ത് മദ്യപിക്കുകയും ചെയ്തു. ഇതിനിടയില്‍ കൊലപാതകത്തിന്റെ കാര്യം തുറന്നുപറഞ്ഞെങ്കിലും മദ്യലഹരിയില്‍ ആയിരുന്നതിനാല്‍ സുഹൃത്ത് അത് വിശ്വസിച്ചില്ല. പിറ്റേന്ന് രാവിലെയും പ്രതി കുറ്റസമ്മതം ആവര്‍ത്തിച്ചു. അന്ന് വൈകുന്നേരത്തോടെ സുഹൃത്ത് പോലീസിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് സച്ചിനും റിതികയും വാടകയ്ക്ക് താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് പോലീസ് എത്തുകയും റിതിക സെന്നിന്റെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. ഷീറ്റില്‍ പൊതിഞ്ഞ് കിടക്കയില്‍ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹം അഴുകി തുടങ്ങിയിരുന്നുവെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

സമീപകാലത്തായി സമാനമായ നിരവധി കേസുകള്‍ ഉണ്ടായിട്ടുണ്ട്. ബംഗളൂരുവില്‍ ലിവ്-ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം ബിബിഎംപി ട്രക്കില്‍ തള്ളിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിധവയായ 40 കാരിയായ സ്ത്രീ പ്രതിയുമായി 18 മാസമായി പ്രണയത്തിലായിരുന്നു. എന്നാല്‍ അവരുടെ ബന്ധം വഷളായി. ഒരു തര്‍ക്കത്തിനിടെ പ്രതി അവരെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ തന്റെ ലിവ്-ഇന്‍ പങ്കാളിയെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ഡല്‍ഹിയിലും ഒരാളെ അറസ്റ്റ് ചെയ്തു. മണിപ്പൂരില്‍ നിന്നുള്ള ഇവര്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഡല്‍ഹിയില്‍ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു.