Leading News Portal in Kerala

തമിഴ്‌നാട്ടിൽ ക്ഷേത്രജീവനക്കാരനെ പോലീസുകാര്‍ ലോക്കപ്പിൽ മർദിച്ചു കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത് | Video of Sivaganga custodial violence surfaces, Madras High court pulls up Tamilnadu govt


Last Updated:

അജിത്തിന്റേത് സ്വാഭാവിക മരണമല്ലെന്നും തടങ്കലില്‍വച്ചുള്ള പീഡനത്തെ തുടർന്നുണ്ടായതാണെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു

സിവിൽ ഡ്രസ്സിലുള്ള പോലീസുകാർ 27 കാരനെ ആക്രമിക്കുന്ന ഒരു വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്
സിവിൽ ഡ്രസ്സിലുള്ള പോലീസുകാർ 27 കാരനെ ആക്രമിക്കുന്ന ഒരു വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്
സിവിൽ ഡ്രസ്സിലുള്ള പോലീസുകാർ 27 കാരനെ ആക്രമിക്കുന്ന ഒരു വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്

ശിലഗംഗ കസ്റ്റഡി മരണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ശിവഗംഗ ജില്ലയിലെ ഒരു ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനായിരുന്ന അജിത് കുമാറിനെ പോലീസുകാര്‍ ലോക്കപ്പിലിട്ട് അതിക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് മോഷണ പരാതിയെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത 27-കാരനായ അജിത് കുമാര്‍ കൊല്ലപ്പെട്ടത്.

കസ്റ്റഡി മരണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വ്യാപാകമായ പ്രതിഷേധമാണ് ഉയരുന്നത്. വിഷയത്തില്‍ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ഇന്നലെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. വ്യാപകമായ പ്രതിഷേധത്തെയും സമ്മര്‍ദ്ദത്തെയും തുടര്‍ന്ന് അജിത് കുമാറിന്റെ മരണത്തിന് ഉത്തരവാദികളായ അഞ്ച് പോലീസുകാരെ തിങ്കളാഴ്ച വൈകി അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം അജിത് കുമാറിന്റെ ശരീരത്തില്‍ ഒന്നിലധികം മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് ഗുരുതരമായ ശാരീരിക ആക്രമണം നേരിട്ടതിന്റെ തെളിവുകളാണിതെന്ന് വൃത്തങ്ങള്‍ ന്യൂസ് 18-നോട് പറഞ്ഞു.

ജൂണ്‍ 27-നാണ് അജിത് കുമാറിന്റെ മരണത്തിലേക്ക് നയിച്ച സംഭവം നടക്കുന്നത്. ക്ഷേത്രത്തില്‍ അമ്മയോടൊപ്പം ദര്‍ശനത്തിനെത്തിയ ഒരു സ്ത്രീ തന്റെ കാര്‍ പാര്‍ക്ക് ചെയ്യാന്‍ അജിത് കുമാറിനോട് സഹായം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാഹനമോടിക്കാന്‍ അറിയാത്തതിനാല്‍ ഈ യുവാവ് കാര്‍ പാര്‍ക്ക് ചെയ്യാന്‍ മറ്റുള്ളവരുടെ സഹായം തേടി. എന്നാല്‍ പിന്നീട് കാറിലുണ്ടായിരുന്ന ബാഗില്‍ നിന്ന് പത്ത് പവന്റെ ആഭരണങ്ങള്‍ മോഷണം പോയതായി ആ സ്ത്രീ പരാതിപ്പെട്ടു. അവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുപ്പുവനം പോലീസ് അജിത് കുമാറിനെയും മറ്റുള്ളവരെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തു. അതേ ദിവസം തന്നെ അവരെ വിട്ടയക്കുകയും ചെയ്തു.

എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രത്യേക അന്വേഷണ സംഘം അജിത് കുമാറിനെ വീണ്ടും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. രണ്ടാം ഘട്ട ചോദ്യചെയ്യലില്‍ അസ്വസ്ഥതയുണ്ടായതായി പരാതിപ്പെട്ടതോടെയാണ് യുവാവിനെ ആശുപത്രിയിലേക്ക് എത്തിച്ചത്. അപ്പോഴേക്കും അജിത് കുമാര്‍ മരിച്ചിരുന്നു.

അജിത്തിന്റേത് സ്വാഭാവിക മരണമല്ലെന്നും തടങ്കലില്‍വച്ചുള്ള പീഡനത്തെ തുടർന്നുണ്ടായതാണെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. സംഭവം വലിയ പൊതുജന പ്രതിഷേധത്തിന് കാരണമായി. എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാരിനെ ഇത് കടുത്ത സമ്മര്‍ദ്ദത്തിലാക്കി. യുവാവ് മരിച്ച സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി നേരത്തെ സ്വമേധയ കേസെടുത്തിരുന്നു. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവും കോടതി ഉന്നയിച്ചു. പ്രതിഷേധം രൂക്ഷമായതോടെയാണ് പ്രതികളായ പോലീസുകാരെ അറസ്റ്റ് ചെയ്തത്.