വിദ്യാര്‍ത്ഥിയെ ഒന്നരവർഷം ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയുടെ മാനസികനില പരിശോധിക്കും Mumbai School Teacher who sexually abused student for a year and a half to be Undergo Psychiatric Test
Last Updated:
സ്‌കൂളിലെ മറ്റേതെങ്കിലും വിദ്യാര്‍ത്ഥികളും ഇത്തരത്തില്‍ ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്
മുംബൈയില്‍ 11-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സ്‌കൂള്‍ അധ്യാപികയുടെ മാനസികനിലയറിയാന്‍ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. 40-കാരിയായ അധ്യാപികയുടെ മാനസികാരോഗ്യത്തെ കുറിച്ച് മനസ്സിലാക്കുന്നതിനായി അവരെ വൈദ്യപരിശോധന നടത്തണമെന്ന് പോലീസ് പ്രത്യേക പോക്‌സോ കോടതിയെ അറിയിക്കുകയായിരുന്നു.
ചോദ്യംചെയ്യലിനിടെ താൻ മാനസിക പ്രശ്‌നങ്ങളുള്ളയാളാണെന്ന് അധ്യാപിക അവകാശപ്പെട്ടേക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതേതുര്‍ന്നാണ് മാനസിക നില പരിശോധിക്കാനുള്ള ആവശ്യം കോടതിയെ അറിയിച്ചത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. അവരുടെ മകന്‍ അധ്യാപിക നല്‍കിയ ആന്റി- ആന്‍സൈറ്റി മരുന്നുകള്‍ കഴിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയായിരുന്നു ഇത്.
വിദ്യാര്‍ത്ഥിയെ ഈ അധ്യാപികയെ നേരിട്ട് കാണാൻ പ്രേരിപ്പിച്ച അവരുടെ പെൺ സുഹൃത്ത് ഒളിവിലാണ്. ഇതുവരെ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇരയായ വിദ്യാര്‍ത്ഥിയുടെ സഹപാഠികളുമായി സംസാരിക്കാനും പോലീസ് തീരുമാനിച്ചതായാണ് വിവരം. സ്‌കൂളിലെ മറ്റേതെങ്കിലും വിദ്യാര്‍ത്ഥികളും ഇത്തരത്തില്‍ ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടോ എന്നറിയാനാണ് പോലീസിന്റെ ശ്രമം.
വിദ്യാര്‍ത്ഥിക്ക് അമിത ഉത്കണ്ഠ നേരിട്ടതിനെ തുടര്‍ന്ന് അധ്യാപിക നല്‍കിയ മരുന്നുകളെ കുറിച്ച് അറിയാന്‍ പോലീസ് സംഘം മെഡിക്കല്‍ ഷോപ്പ് ഉടമകളെയും ചോദ്യം ചെയ്തിരുന്നു. 2024-ല്‍ ഈ അധ്യാപിക സ്‌കൂളില്‍ നിന്ന് രാജിവെച്ചിരുന്നു. വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ തുടങ്ങി അഞ്ച് മാസത്തിനുശേഷമാണ് അധ്യാപികയുടെ രാജി. ഇതിനെ കുറിച്ചും രാജിയുടെ കാരണവും പോലീസ് അന്വേഷിക്കുന്നുണ്ട്. മാനേജ്‌മെന്റ് അതൃപ്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് അധ്യാപിക സ്‌കൂള്‍ വിട്ടുപോയതെന്നാണ് സ്‌കൂള്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നത്.
ആദ്യം ലൈംഗികമായി പെരുമാറാന്‍ ശ്രമിച്ച അധ്യാപികയോട് വിദ്യാര്‍ത്ഥി വിമുഖത പ്രകടിപ്പിച്ചിരുന്നു. നിരന്തരം കുട്ടി ഒഴിഞ്ഞുമാറിയതോടെയാണ് അധ്യാപിക അവരുടെ പെണ്‍ സുഹൃത്തുവഴി കുട്ടിയെ സ്വാധീനിക്കാനും നേരിട്ട് കാണാനും ശ്രമിച്ചത്. വിദ്യാര്‍ത്ഥികളും പ്രായമായ സ്ത്രീകളും തമ്മിലുള്ള ബന്ധം സാധാരണമാണെന്ന് ഇവര്‍ വിദ്യാര്‍ത്ഥിയോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
അധ്യാപികയെ നേരിട്ട് കാണാന്‍ വിസമ്മതിച്ച കുട്ടിയെ തന്റെ സെഡാനില്‍ ഇവര്‍ നിര്‍ബന്ധിച്ച് കൂട്ടികൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് പലതവണ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് വിദ്യാര്‍ത്ഥിയെ കൂട്ടികൊണ്ടുപോയി ലഹരി നല്‍കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. മാസങ്ങള്‍ പിന്നിട്ടപ്പോള്‍ വിദ്യാര്‍ത്ഥിക്ക് ഉത്കണ്ഠ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. ഇതോടെയാണ് അധ്യാപിക ഉത്കണ്ഠ കുറയ്ക്കുന്നതിനുള്ള ആന്റി ആന്‍സൈറ്റി മരുന്നുകള്‍ നല്‍കാന്‍ തുടങ്ങിയത്.
ഒരു വര്‍ഷത്തോളം അധ്യാപിക വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപയോഗിച്ചു. ഒടുവില്‍ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ അവന്റെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധിക്കുകയും അവനെ ചോദ്യംചെയ്യുകയും ചെയ്തു. ഇതോടെയാണ് വിദ്യാര്‍ത്ഥി കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. സ്‌കൂളില്‍ നിന്ന് പാസ് ഔട്ട് ആകാനയതിനാല്‍ മകനുമായുള്ള ബന്ധം അധ്യാപിക ഉപേക്ഷിക്കുമെന്ന് കരുതി മാതാപിതാക്കള്‍ ആദ്യം പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ സ്‌കൂളില്‍ നിന്ന് പാസ് ഔട്ട് ആയിട്ടും അധ്യാപിക വിദ്യാര്‍ത്ഥിയെ ബന്ധപ്പെടാന്‍ ശ്രമിച്ചതോടെയാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്. വീണ്ടും കാണണമെന്ന് അധ്യാപിക ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നുണ്ട്. തുടര്‍ന്ന് വനിതാ അധ്യാപികയ്‌ക്കെതിരെ പോക്‌സോ നിയമം, ഭാരതീയ ന്യായ സംഹിത, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Mumbai,Maharashtra
July 03, 2025 4:44 PM IST