Leading News Portal in Kerala

‘സഹികെട്ട് ചെയ്തതാ സാറെ’; എയ്ഞ്ചലിനെ കഴുത്തുഞെരിച്ച കൊന്ന പിതാവ് പൊലീസിനോട്| jose mon accused in daughter angel jasmin murder case statement to police


Last Updated:

‘വീട്ടിൽ എല്ലാവരെയും നിരന്തരം ഉപദ്രവിക്കും. എപ്പോഴും വഴക്ക്. പറഞ്ഞാൽ അനുസരണയില്ല. സഹികെട്ട് ചെയ്തുപോയതാ സാറെ’- പൊലീസിന്റെ ചോദ്യംചെയ്യലിൽ ജോസ്‌മോൻ പറഞ്ഞത് ഇങ്ങനെ

ജോസ് മോൻ പൊലീസ് സ്റ്റേഷനിൽ, എയ്ഞ്ചൽജോസ് മോൻ പൊലീസ് സ്റ്റേഷനിൽ, എയ്ഞ്ചൽ
ജോസ് മോൻ പൊലീസ് സ്റ്റേഷനിൽ, എയ്ഞ്ചൽ
ആലപ്പുഴ: മാരാരിക്കുളം ഓമനപ്പുഴയിൽ ജോസ്‌മോൻ മകളെ കഴുത്തുഞെരിച്ചു കൊന്നെന്ന് വിശ്വസിക്കാനാകാതെ നാട്ടുകാർ. ജോസ്‌മോനെക്കുറിച്ച് നാട്ടുകാർക്കെല്ലാം നല്ലതേ പറയാനുള്ളൂ. പ്രശ്നങ്ങൾ ഒന്നുമുണ്ടാക്കുന്ന ആളല്ലെന്നും അത്യാവശ്യം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു‌വെന്നും നാട്ടുകാർ പറയുന്നു. 28 വയസ്സുകാരിയായ മകൾ എയ്ഞ്ചൽ ജാസ്മിനെയാണ് ജോസ് മോൻ കഴുത്ത് ഞെരിച്ച് കൊന്നത്.

സഹികെട്ടാണ് അങ്ങനെ ചെയ്യേണ്ട വന്നതെന്നാണ് ജോസ്‌മോൻ പൊലീസിനോടു പറഞ്ഞത്. ‘വീട്ടിൽ എല്ലാവരെയും നിരന്തരം ഉപദ്രവിക്കും. എപ്പോഴും വഴക്ക്. പറഞ്ഞാൽ അനുസരണയില്ല. സഹികെട്ട് ചെയ്തുപോയതാ സാറെ’- പൊലീസിന്റെ ചോദ്യംചെയ്യലിൽ ജോസ്‌മോൻ പറഞ്ഞത് ഇങ്ങനെ. ഭർത്താവിന്റെ വീട്ടിൽ വഴക്കിട്ടെത്തിയ എയ്ഞ്ചൽ സ്വന്തം വീട്ടുകാരോടും വഴക്ക് കൂടി. വഴക്കിന്റെ കാരണങ്ങൾ ഇപ്പോഴും വ്യക്തമല്ല. ഇതേക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കുകയാണ്.

ചൊവ്വാഴ്ച രാത്രി 11- ഓടെ വീട്ടിൽവെച്ച് കൊലപാതകം നടത്തിയെന്നാണ് ജോസ്‌മോൻ പൊലീസിനോടു പറഞ്ഞത്. കൊലപാതക സമയത്ത് താനും ഒപ്പമുണ്ടായിരുന്നതായി എയ്ഞ്ചലിന്റെ അമ്മ ജെസിയും ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. ഇവരെയും കേസിൽ പ്രതി ചേർത്തേക്കും. കഴുത്തിലെ രണ്ടു രക്തക്കുഴലുകൾ പൊട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ബുധനാഴ്ച രാവിലെ മകൾ മരിച്ചു കിടക്കുന്നതായി ജോസ്‌മോനും ഭാര്യയും അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പഞ്ചായത്തംഗം പി ജെ ഇമ്മാനുവേൽ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തിയാണ് മൃതദേഹം ചെട്ടികാട് ആശുപത്രിയിലേക്ക് മാറ്റിയത്.

മൂന്നുവർഷം മുൻപ് വിവാഹിതയായ എയ്ഞ്ചൽ , ഭർത്താവുമായി വഴക്കിട്ട് അഞ്ചുമാസമായി സ്വന്തം വീട്ടിലായിരുന്നു. ഇവിടെ വന്നശേഷം അച്ഛനും അമ്മയും മറ്റു കുടുംബാംഗങ്ങളുമായി വഴിക്കിടുന്നത് പതിവായിരുന്നു. ജോസ്‌മോൻ തടഞ്ഞെങ്കിലും ചൊവ്വാഴ്ച രാത്രി സ്കൂട്ടറെടുത്ത് എയ്ഞ്ചൽ പുറത്തുപോയി. തിരികെയെത്തിയപ്പോൾ എയ്ഞ്ചലും ജോസ്‌മോനുമായി മൽപ്പിടിത്തമുണ്ടായി. ഇതിനിടെ തറയിൽ വീണ തോർത്തുപയോഗിച്ച് ജോസ്‌മോൻ, എയ്ഞ്ചലിനെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. ഈ സമയം ജെസിയും കൂടെയുണ്ടായിരുന്നു.

ചെട്ടികാട് സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഇൻക്വസ്റ്റ് നടപടി നടത്തിയപ്പോൾ എയ്ഞ്ചലിന്റെ കഴുത്തിലെ പാടുകണ്ട് അസ്വാഭാവികത തോന്നി. പിന്നാലെ പൊലീസ് ജോസ്‌മോനെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി. ഇൻസ്പെക്ടർ ടോൾസൻ പി ജോസഫിന്റെ ചോദ്യം ചെയ്യലിനിടയിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. കഴിഞ്ഞദിവസം തന്റെ അച്ഛൻ സേവ്യറിനെ എയ്ഞ്ചൽ മർദിച്ചതായും ജോസ്‌മോൻ മൊഴിൽ നൽകി. ബുധനാഴ്ച രാത്രി വീട്ടിലെത്തിയ പൊലീസ് എല്ലാവരെയും ചോദ്യംചെയ്ത ശേഷം വീടുപൂട്ടി സീൽ ചെയ്തു. സംസ്കാരം വ്യാഴാഴ്ച 12ന് ഓമനപ്പുഴ സെയ്ന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.