Leading News Portal in Kerala

മലപ്പുറത്ത് യുവാക്കളെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസ് ചുരുളഴിച്ചത് സൈബര്‍ തട്ടിപ്പിന്‍റെ പുത്തന്‍ രീതികൾ The case of abducting and beating a young man in Malappuram revealed new methods of cyber fraud


Last Updated:

യുവാക്കളെ തട്ടിക്കൊണ്ടുപോയതിന് അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതോടെയാണ് സൈബര്‍ തട്ടിപ്പ് ശൃംഖലയുടെ പുത്തന്‍ രീതികള്‍ പുറത്ത് വന്നത്

അറസ്റ്റിലായ പ്രതികൾഅറസ്റ്റിലായ പ്രതികൾ
അറസ്റ്റിലായ പ്രതികൾ

മലപ്പുറം കൊളത്തൂരില്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കാറും മൊബൈലും തട്ടിയെടുത്ത കേസ് അന്വേഷിച്ച പൊലീസ് കണ്ടെത്തിയത് സൈബര്‍തട്ടിപ്പിന്‍റെ പുത്തന്‍ രീതികള്‍. ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ തട്ടിപ്പ് സംഘത്തിന് കൈമാറി വിദേശ അക്കൌണ്ടുകളിൽ നിന്നും പണം കൈമാറ്റം ചെയ്യുന്ന സൈബർ തട്ടിപ്പിൻറെ പുത്തൻ രീതിയാണ് കൊളത്തൂർ പൊലീസ് പുറത്ത് കൊണ്ടുവന്നത്.

കഴിഞ്ഞ മെയ് 5 ന് കൊളത്തൂരിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കാറും മൊബൈൽ ഫോണുകളും തട്ടിയെടുത്ത സംഭവത്തിലെ അന്വേഷണമാണ് സൈബർതട്ടിപ്പ് സംഘത്തിലേക്ക് നയിച്ചത്.

സാമ്പത്തിക ഇടപാടിനെ ചൊല്ലി വെങ്ങാട് സ്വദേശികളായ ഹുസൈന്‍ ,സിറാജ്,അഷറഫ് എന്നിവരെ ആണ് വാഹനം തടഞ്ഞിട്ട് തട്ടിക്കൊണ്ടുപോയത്. പരാതിയുടെ അടിസ്ഥാനത്തിൽ കൊളത്തൂർ പൊലീസ് അന്വേഷണം തുടങ്ങി.മലപ്പുറം ജില്ലാപോലീസ് മേധാവി ആര്‍.വിശ്വനാഥ് ഐപിഎസ് ന്‍റെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈസ്പി എ. പ്രേംജിത്ത് ,കൊളത്തൂര്‍ ഇന്‍സ്പെക്ടര്‍ സജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം 6 അംഗ സംഘത്തെ പിടികൂടിയിരുന്നു.

ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അഞ്ചു പേരെ കൂടി പോലീസ് പിടികൂടിയത്. വെങ്ങാട് സ്വദേശി കുതിരകുന്നത്ത് അദ്നാന്‍ (27), കൊളത്തൂര്‍ സ്വദേശി തട്ടാന്‍തൊടി മുഹമ്മദ് ഫൈസല്‍ (26),കൊപ്പം ആമയൂര്‍ സ്വദേശികളായ കൊട്ടിലില്‍ മുഹമ്മദ് അബ്ദുള്‍ ഹക്കീം (36), കൊട്ടിലില്‍ മുഹമ്മദ് ജാഫര്‍ (33), കൊപ്പം പുലാശ്ശേരി സ്വദേശി സങ്കേതത്തില്‍ മുഹമ്മദ് ഹനീഫ (34) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവം നടന്നശേഷം നാട്ടില്‍ നിന്നും ഒളിവില്‍ പോയ പ്രതികളെ കൊപ്പം, ഷൊര്‍ണൂര്‍ ഭാഗങ്ങളിലെ ഒളിത്താവളത്തില്‍ നിന്നും ആണ് രാത്രിയില്‍ പോലീസ് പിടികൂടിയത്. കേസിൽ ഇതുവരെ പിടിയിലായവരുടെ എണ്ണം 11 ആയി.

ഇവരെ ചോദ്യം ചെയ്തതോടെയാണ് സൈബര്‍ തട്ടിപ്പ് ശൃംഖലയുടെ പുത്തന്‍ രീതികള്‍ പുറത്ത് വന്നത്. അറസ്റ്റിലായ മുഹമ്മദ് അബ്ദുള്‍ ഹക്കീം,മുഹമ്മദ് ജാഫര്‍ എന്നിവരുള്‍പ്പടെയുള്ള സംഘം കമ്മീഷന്‍ വ്യവസ്ഥയില്‍ ഏജന്‍റുമാര്‍ മുഖേന നാട്ടിലും പുറത്തുമുള്ള പലരുടേയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഡോളര്‍ ട്രേഡിംഗ്, ഗെയ്മിംഗ് എന്നിവയുടെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തുന്ന സംഘത്തിന് കൈമാറുന്നു. ഈ അക്കൗണ്ടുകളിലേക്ക് സൈബര്‍ തട്ടിപ്പിലൂടെ വരുന്ന ലക്ഷങ്ങള്‍ ഉടന്‍ പിന്‍വലിച്ച് തട്ടിപ്പു സംഘം പറയുന്ന വിദേശത്തുള്ള അക്കൗണ്ടിലേക്കോ ഏജന്‍റുമാര്‍ക്ക് പണമായോ കൈമാറുകയും ചെയ്യുന്നതാണ് രീതി. ഇത്തരത്തില്‍ അക്കൗണ്ടിലേക്ക് വരുന്ന പണം സംഘത്തിന് കൊടുക്കാതെ കബളിപ്പിച്ച് പോവുന്ന തട്ടിപ്പും ഒരുവശത്ത് നടക്കുന്നുണ്ട്. സൈബര്‍ തട്ടിപ്പുസംഘത്തിലെ മറ്റു കണ്ണികളുടെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും മലപ്പുറം ജില്ലാപോലീസ് മേധാവി ആര്‍.വിശ്വനാഥ് ഐപിഎസ്, ഡിവൈസ്പി എ.പ്രേംജിത്ത് എന്നിവര്‍ അറിയിച്ചു. പ്രതികളെ സൈബര്‍സെല്‍ ഉദ്യോഗസ്ഥരുള്‍പ്പടെയുള്ള സംഘം കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്.

ചെറിയ കമ്മീഷന്‍ പണത്തിന് വേണ്ടി ഇത്തരത്തില്‍ തട്ടിപ്പുസംഘത്തിന് അക്കൗണ്ട് കൈമാറുന്ന അക്കൗണ്ട് ഉടമയാണ് സൈബര്‍തട്ടിപ്പ് കേസുകളില്‍ ആദ്യം പ്രതിയാവുന്നത്. മറ്റുകണ്ണികളെ കുറിച്ച് അക്കൗണ്ട് ഉടമയ്ക്ക് അറിയാനും വഴിയില്ല. അവരൊന്നും ചിത്രത്തില്‍ വരാത്തതുകൊണ്ട് ഇത്തരം തട്ടിപ്പിന് മറ്റുള്ളവരുടെ അക്കൗണ്ടാണ് സംഘം ഉപയോഗിക്കുന്നത്. അബ്ദുള്‍ ഹക്കീം തൃശ്ശൂരില്‍ സമാന സൈബര്‍കേസില്‍ പ്രതിയായി ജയിലില്‍ കിടന്ന് ജാമ്യത്തിലിറങ്ങിയതാണ്.

മലപ്പുറം ജില്ലാപോലീസ് മേധാവി ആര്‍ .വിശ്വനാഥ് ഐ.പി.എസിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിലെ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ.പ്രേംജിത്ത് , കൊളത്തൂര്‍ സി.ഐ. സജിത്ത്, എസ് ഐ ശങ്കരനാരായണന്‍, പോലീസ് ഉദ്ദ്യോഗസ്ഥരായ ജയന്‍, ബര്‍ണാഡ് ഡേവിസ്, ഷെരീഫ് എന്നിവരും ഡാന്‍സാഫ് സംഘവുമാണ് പ്രതികളെ പിടികൂടിയത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/

മലപ്പുറത്ത് യുവാക്കളെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസ് ചുരുളഴിച്ചത് സൈബര്‍ തട്ടിപ്പിന്‍റെ പുത്തന്‍ രീതികൾ