Leading News Portal in Kerala

രണ്ട് കൊലപാതകങ്ങൾ ഏറ്റുപറഞ്ഞ മുഹമ്മദലി ആദ്യം കൊലപ്പെടുത്തിയത് കണ്ണൂർ സ്വദേശിയെ എന്ന് സംശയം | Muhammadali who confessed two murders might have killed a Kannur native in Kozhikkod


Last Updated:

കൊലപാതകത്തിനു മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്നെന്നു പറയുന്ന ‘കഞ്ചാവ് ബാബു’വിനെ കണ്ടെത്താനും ശ്രമം ആരംഭിച്ചു

News18News18
News18

കോഴിക്കോട്: വർഷങ്ങൾ‌ക്ക് ശേഷം കൊലപാതകത്തിന്റെ വെളിപ്പെടുത്തൽ നടത്തിയ മുഹമ്മദലിയുമായി പൊലീസ് അന്വേഷണം പുരോ​ഗമിച്ചു. രണ്ട് ജില്ലകളിലെയും പൊലീസ് ഒരുമിച്ചാണ് അന്വേഷണം നടത്തുന്നത്. മുഹമ്മദലി ആദ്യം കൊലപ്പെടുത്തിയത് കണ്ണൂർ ഇരട്ടി സ്വദേശിയെ എന്നാണ് സൂചന. ഇരിട്ടിയിലെ ചെറുപ്പക്കാരാണ് ഇയാളെ കൂടരഞ്ഞിയിൽ ജോലിക്കായി കൊണ്ടുവന്നതെന്നു കൂടരഞ്ഞി സ്വദേശിയും ഈ സംഘത്തിനു ജോലി നൽകിയ ജോസഫിന്റെ മകനുമായ ദേവസ്യ പറഞ്ഞു.

മരണത്തിനു 3 ദിവസങ്ങൾക്കു ശേഷം ഇരിട്ടിയിൽ നിന്നു നാലംഗ സംഘം മരിച്ചയാളുടെ വിവരങ്ങൾ തിരക്കാൻ കൂടരഞ്ഞിയിൽ വന്നിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. മരിച്ചത് മകനാണോ എന്ന സംശയം ഉയർത്തിയാണ് ഇരിട്ടിയിൽ നിന്ന് എത്തിയത്. ഇവരെ കണ്ടെത്താനുള്ള ശ്രമമാണ് തിരുവമ്പാടി പൊലീസ് ആരംഭിച്ചത്. അതേസമയം 1980ൽ കൂടരഞ്ഞിയിൽ കൂലിപ്പണിക്ക് വന്നിരുന്നതു മുഴുവൻ പാലക്കാട് ഭാഗത്തു നിന്നുള്ളവരാണെന്നാണ് നാട്ടുകാർ പറയുന്നത്.

രണ്ടു ദിവസം മാത്രം ജോലി ചെയ്തതിനാൽ അയാളുടെ പേരോ മറ്റു വിവരങ്ങളോ അറിയില്ലെന്നാണ് ദേവസ്യ പറയുന്നത്. ആഴമില്ലാത്ത, വെള്ളം കുറഞ്ഞ തോട്ടിൽ വീണാണ് മരണം. ശ്വാസകോശത്തിൽ മണ്ണും ചെളിയും കയറിയതാണ് മരണകാരണം എന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. മരണത്തിനു മാസങ്ങൾക്കു ശേഷം അയാളുടെ പിതാവ് കൂടരഞ്ഞിയിൽ വന്ന് അന്വേഷിച്ചു പെയെന്നും ഇദ്ദേഹം വ്യക്തമാക്കി.

വെള്ളയിൽ ബീച്ചിൽ 1989ൽ കണ്ടെത്തിയ മൃതദേഹത്തിന്റെ പൊരുളുകൾ ചികയാൻ സിറ്റി പൊലീസ് കമ്മിഷണർ ഏഴംഗ ക്രൈം സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. കൂടരഞ്ഞിയിൽ 1986ൽ മരിച്ച അജ്ഞാതന്റെ വേരുകൾ തേടി തിരുവമ്പാടി പൊലീസ് ഇരിട്ടിയിലേക്കും പാലക്കാട്ടേക്കും അന്വേഷണം വ്യാപിപ്പിച്ചു. മലപ്പുറം വേങ്ങര പൊലീസ് മുഹമ്മദലിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി മൊഴിയെടുക്കാനാണ് തീരുമാനം.

വെള്ളയിൽ ബീച്ചിൽ 1989ൽ കണ്ടെത്തിയ അജ്ഞാത മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം ‌‌‌റിപ്പോർട്ട് ശേഖരിക്കുന്നുണ്ട്. വെള്ളയിൽ കൊലപാതകത്തിനു മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്നെന്നു പറയുന്ന ‘കഞ്ചാവ് ബാബു’വിനെ കണ്ടെത്താനും ശ്രമം ആരംഭിച്ചു. മുഹമ്മദലിക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങളെത്തുടർന്നാണോ ഇത്തരം മൊഴികളെന്ന സംശയവും നിലനിൽക്കുന്നുണ്ട്. ആ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്.