Leading News Portal in Kerala

ആരോരുമറിയാതെ! നവവധുവും കാമുകനായ അമ്മാവനും ചേര്‍ന്ന് നവവരനെ കൊലപ്പെടുത്തിയ ഗൂഢാലോചന പുറത്ത് Bihar woman and her lover uncle plotted murder of her newly wed husband


Last Updated:

ബന്ധുവിനെ സന്ദര്‍ശിച്ച് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നവവരൻ വെടിയേറ്റ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു

പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അ‍‍ജ്ഞാതരായ ആളുകളുടെ വെടിയേറ്റ് ഭർത്താവ് കൊല്ലപ്പെട്ട് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ബീഹാര്‍ സ്വദേശിനിയായ ഗുഞ്ചയുടെ വീടിന് പുറത്ത് അപ്രതീക്ഷിതമായി ചിലരെത്തിയത്. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന അമ്മാവനുമായി ചേര്‍ന്ന് ഭര്‍ത്താവിന്റെ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അവരെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസായിരുന്നു അത്.

കര്‍ഷകനും ബീഹാറിലെ ഔറംഗബാജ് സ്വദേശിയുമായ പ്രിയാന്‍ഷു കുമാര്‍(31) ജൂണ്‍ 24നാണ് അജ്ഞാതരായ ആളുകളുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ജൂലൈ രണ്ടിന് ഗുഞ്ചയെ പോലീസ് അറസ്റ്റു ചെയ്തു. പിതാവിന്റെ സഹോദരിയുടെ ഭര്‍ത്താവായ ജീവന്‍ സിംഗുമായി ഗുഞ്ച വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നും പ്രിയാന്‍ഷുവുമായി വീട്ടുകാര്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. പ്രിയാന്‍ഷുവിനെ കൊലപ്പെടുത്താന്‍ ഗുഞ്ചയും ജീവനും വാടക കൊലയാളികളെ ഏര്‍പ്പെടുത്തുകയായിരുന്നുവെന്ന് സംശയിക്കുന്നു. കേസുമായി ബന്ധപ്പെട്ട് മറ്റ് രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. എന്നാല്‍ ജീവന്‍ സിംഗ് ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

കൊലപാതകം നടക്കുമ്പോള്‍ പ്രിയാന്‍ഷുവിന്റെയും ഗുഞ്ചയുടെയും വിവാഹം കഴിഞ്ഞിട്ട് 45 ദിവസം മാത്രമെ കഴിഞ്ഞിരുന്നുള്ളൂ. ജൂണ്‍ 24ന് ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയിലെ ഒരു ബന്ധുവിനെ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് പ്രിയാന്‍ഷു വെടിയേറ്റ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ”വൈകുന്നേരം 7.30ന് വീട്ടിലേക്ക് മോട്ടോര്‍ സൈക്കിളില്‍ വരുമ്പോഴാണ് അജ്ഞാതരായ അക്രമികള്‍ റോഡില്‍വെച്ച് വെടിയുതിര്‍ത്തത്,” പ്രിയാന്‍ഷുവിന്റെ ഇളയ സഹോദരന്‍ ഹിമാന്‍ഷു പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ ഗുഞ്ച അറസ്റ്റിലാകുന്നത് വരെ കൊലപാതകത്തില്‍ അവര്‍ക്കുള്ള പങ്ക് വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നുവെന്നും ഹിമാന്‍ഷു പറഞ്ഞു.

പ്രിയാന്‍ഷുവിനെ ഉടന്‍ തന്നെ നബിനഗറിലെ റഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. ഇത് സംഭവിച്ച് ഒരാഴ്ചയ്ക്ക് ശേഷം ഗുഞ്ചയെ പോലീസ് അറസ്റ്റ് ചെയ്തു. ഗുഞ്ചയ്ക്ക് അമ്മാവനുമായി വിവാഹേതരബന്ധമുണ്ടായിരുന്നതായും പോലീസ് വ്യക്തമാക്കി.

ഗുഞ്ചയ്ക്ക് വന്ന നിരവധി വിവാഹാലോചനകള്‍ അമ്മാവന്‍ മുടക്കിയിരുന്നതായി ഔറംഗബാദ് എസ്പി അംബരീഷ് രാഹുല്‍ പറഞ്ഞു. ”ഒടുവില്‍ പ്രിയാന്‍ഷുവുമായി അമ്മാവന്‍ ഗുഞ്ചയുടെ വിവാഹം ഉറപ്പിച്ചു. വിവാഹത്തിന് ശേഷവും ഗുഞ്ചയും അമ്മാവനും തമ്മിലുള്ള ബന്ധം തുടര്‍ന്നു. ഇത് ഗുഞ്ചയുടെ ദാമ്പത്യബന്ധത്തില്‍ അസ്വസ്ഥതകള്‍ക്ക് കാരണമായി. തുടര്‍ന്ന് പ്രിയാന്‍ഷുവിനെ കൊലപ്പെടുത്താന്‍ ഗുഞ്ചയും അമ്മാവനും തീരുമാനിക്കുകയായിരുന്നു,” പോലീസ് പറഞ്ഞു.

പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രിയാന്‍ഷുവിന്റെ മരണത്തില്‍ തനിക്ക് പങ്കുള്ളതായി ഗുഞ്ച സമ്മതിച്ചു.   പ്രിയാന്‍ഷുവിന്റെ യാത്രാ വിവരങ്ങള്‍ ഗുഞ്ച ജീവന്‍ സിംഗിന് കൈമാറി. തുടര്‍ന്ന് സിംഗാണ് വാടക കൊലയാളികളെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചത്. അതേസമയം, അറസ്റ്റിലായ മറ്റ് രണ്ട് പ്രതികള്‍ ക്വട്ടേഷൻ സംഘത്തിന് സിം കാര്‍ഡുകള്‍ നല്‍കിയതായി ആരോപണമുണ്ട്.

15 വര്‍ഷത്തോളമായി താൻ അമ്മാവനുമായി പ്രണയത്തിലാണെന്ന് ഗുഞ്ച പോലീസിനോട് പറഞ്ഞു. പ്രിയാൻഷുവുമായുള്ള വിവാഹബന്ധത്തില്‍ താന്‍ അസന്തുഷ്ടയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അറസ്റ്റിലായ മൂന്ന് പ്രതികളും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ജീവന്‍ സിംഗിനും ഒളിവില്‍ പോയ മറ്റ് പ്രതികളെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.