1000 Crime stories: ഓഫീസ് ബന്ധത്തിലെ കാമാസക്തി തകർത്തത് ഒരു കുടുംബത്തെ; ആറ്റിങ്ങലിലെ ഇരട്ടക്കൊലപാതകത്തിൻ്റെ കഥ| attingal twin murder story of anushanthi and nino mathew
‘കാമാസക്തിയേക്കാള്‍ നശീകരണ ശേഷിയുള്ള രോഗം വേറെയില്ല’ എന്ന ചാണക്യവചനത്തോടെയാണ് തിരുവനന്തപുരം ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസിന്റെ വിധിന്യായം ആരംഭിക്കുന്നത്. ആലംകോട് മണ്ണൂർ പ്രദേശത്തുകാർക്ക് 11 വർഷത്തിനിപ്പുറവും നടുക്കുന്ന ഓർമയാണ് ഒരു മുത്തശിയുടെയും കൊച്ചുമകളുടെയും ഇരട്ടക്കൊലപാതകം. വിദ്യാസമ്പന്നരായ രണ്ടു ടെക്നോക്രാറ്റുകള്‍ക്കിടയില്‍ ഉടലെടുത്ത കാമാസക്തി നിറഞ്ഞ അവിഹിതബന്ധമാണ് ജീവിച്ചു തുടങ്ങിയിട്ടില്ലാത്ത ഒരു പിഞ്ചു കുഞ്ഞിന്റെയും ജീവിത സായന്തനത്തിലേക്ക് അടുത്ത ഒരു വയോധികയുടെയും ജീവനെടുക്കുന്നതിൽ കലാശിച്ചത്.
അറേബ്യയിലെ മുഴുവന്‍ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ചാലും നിനോ മാത്യൂവിന്റെ കൈയിലെ ചോരമണം പോകില്ല; പിഞ്ചുമകളെ കൊല്ലാൻ കൂട്ടുനിന്ന അനുശാന്തി മാതൃത്വത്തിനുതന്നെ അപമാനമാണ്. ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ ശിക്ഷവിധിച്ചുകൊണ്ട് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പറഞ്ഞതാണിത്. അനുശാന്തിയുടെ മൂന്നര വയസ്സുമാത്രം പ്രായമുള്ള മകളെയും കെ.എസ്.ഇ.ബി.യില്‍ അസിസ്റ്റന്റ് എന്‍ജിനിയറായ ഭര്‍ത്താവ് ലിജീഷിന്റെ അമ്മ ഓമനയെയും കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷയും രണ്ടാം പ്രതി അനുശാന്തിക്ക് ഇരട്ടജീവപര്യന്തവുമാണ് കോടതി വിധിച്ചത്.
2014 ഏപ്രിൽ 16ന് നടന്ന അരുംകൊലയിൽ 2016 ഏപ്രില്‍ 18-ന് കോടതി ഉത്തരവ് വന്നു. നിനോ മാത്യുവിനെ മരണം വരെ തൂക്കിലേറ്റാനും രണ്ടാം പ്രതി അനുശാന്തിക്ക് ഇരട്ടജീവപര്യന്തവും വിധിച്ചു. വിധിയ്ക്കെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. 2023 മേയിൽ ശിക്ഷ പുനഃപരിശോധിക്കാന്‍ തീരുമാനിച്ച ഹൈക്കോടതി നിനോയുടെ വധശിക്ഷ ഒഴിവാക്കി 25 വര്‍ഷം പരോളില്ലാത്ത തടവായി ഇളവു ചെയ്തു. അനുശാന്തിയുടെ അപ്പീല്‍ തള്ളിയ കോടതി കീഴ്കോടതി വിധി ശരിവയ്ക്കുകയും ചെയ്തു.
തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഒരു സോഫ്റ്റ്‌വെയർ കമ്പനിയില്‍ ആറു വര്‍ഷത്തോളമായി ഇരുവരും ജോലി ചെയ്തു വരികയായിരുന്നു ടീം ലീഡറായിരുന്ന അനുശാന്തിയും പ്രൊജക്ട് മാനേജറായ നിനോ മാത്യുവും. അടുത്തടുത്ത ക്യാബിനുകളിലാണ് രണ്ടുപേരുടെയും ഇരിപ്പിടം. അടുപ്പം പതിയെ പ്രണയമായി വളര്‍ന്നു. നേരത്തെ ഓഫീസിലെത്തി താമസിച്ചാണ് പലപ്പോഴും ഇവർ മടങ്ങി പോയിരുന്നത്. അനുശാന്തിയെ ദിവസവും ബസ് സ്റ്റോപ്പില്‍നിന്ന് തന്റെ കാറിലാണ് നിനോ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നതും തിരിച്ചു കൊണ്ടുവിടുന്നതും. നിനോ പല ദിവസങ്ങളിലും രാത്രിയില്‍ ആലംകോട്ടെ വീട്ടിലെത്തി അനുശാന്തിയെ കാണാറുമുണ്ടായിരുന്നു.
നിനോയുമായുള്ള അനുശാന്തിയുടെ ബന്ധം ഭർത്താവ് ലിജീഷ് അറിഞ്ഞപ്പോളാണ് പ്രശ്നങ്ങൾ തുടങ്ങിയത്. അനുശാന്തി ഫോണില്‍ നിനോയോട് സംസാരിക്കുന്നത് ശ്രദ്ധിച്ച ലിജീഷ് ബന്ധത്തെ ചോദ്യം ചെയ്തു. നിനോ അനുശാന്തിയ്ക്കയച്ച ചില സന്ദേശങ്ങളും ഭർത്താവ് കണ്ടു. I need u, i want u in my life എന്നിങ്ങനെയായിരുന്നു സന്ദേശങ്ങള്‍.. തനിക്കൊപ്പം ജീവിക്കാന്‍ ഇഷ്ടമല്ലെങ്കില്‍ പൊയ്ക്കോളാന്‍ ലിജീഷ് പറഞ്ഞു. എന്നാൽ തനിക്ക് കുടുംബമാണ് വലുതെന്നും നിനോയുമായുള്ള ബന്ധം തുടരില്ലെന്നുമായിരുന്നു അനുശാന്തിയുടെ മറുപടി. അങ്ങനെയെങ്കില്‍ ജോലി രാജിവയ്ക്കാന്‍ ലിജീഷ് ആവശ്യപ്പെട്ടു. ഈ വിവരം അനുശാന്തി നിനോയെ അറിയിച്ചു. ഒപ്പം ഇറങ്ങിവരണമെന്ന് നിനോ ആവശ്യപ്പെട്ടപ്പോൾ ഭര്‍ത്താവും കുഞ്ഞുമുള്ളപ്പോള്‍ പറ്റില്ലെന്നായിരുന്നു അനുശാന്തിയുടെ മറുപടി. ഇതോടെയാണ് ഒന്നിച്ചു ജീവിക്കാന്‍ ലിജീഷിനെയും മകളെയും ലിജീഷിന്റെ അമ്മയേയും ഇല്ലാതാക്കാന്‍ ഇരുവരും പദ്ധതിയിടുന്നത്.
2014 ഏപ്രില്‍ 16 ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ നിനോ ലിജീഷിന്റെ വീട്ടിലെത്തി. ബസിലാണ് എത്തുന്നത്. രാവിലെ നിനോയും അനുശാന്തിയും ഓഫീസില്‍ എത്തിയിരുന്നു. 10.54-ഓടെ ചിട്ടി പിടിക്കാനെന്ന് പറഞ്ഞാണ് നിനോ ഓഫീസില്‍ നിന്നുമിറങ്ങുന്നത്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷം കാര്‍ കഴക്കൂട്ടത്ത് ഒതുക്കിയിട്ടു. രണ്ടു ദിവസം മുമ്പ് തന്നെ വാങ്ങിയ ബേസ് ബോള്‍ ബാറ്റ് ബാഗിനുള്ളില്‍ കൊള്ളുന്ന വിധം മുറിച്ചു ചെറുതാക്കി. മുളകുപൊടി, വെട്ടുകത്തി, കത്തി, ബ്ലേഡ്, ബിയര്‍ കുപ്പി, ഒരു ഷര്‍ട്ട് എന്നിവയും ബാഗില്‍ കരുതി.
ലിജീഷിന്റെ അമ്മയും സ്വസ്തികയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ലിജീഷിന്റെ ഒപ്പം ജോലിചെയ്യുന്ന ആളാണെന്നും വിവാഹം ക്ഷണിക്കാന്‍ വന്നതാണെന്നും അമ്മയോട് പറഞ്ഞു. നിനോയോട് വീടിനുള്ളില്‍ കയറിയിരിക്കാന്‍ പറഞ്ഞ ശേഷം ഓമന, സ്വസ്തികയേയും കൂട്ടി അടുക്കളയിലേക്ക് പോയി. ഈ സമയം ബേസ് ബോള്‍ ബാറ്റെടുത്ത് നിനോ കുഞ്ഞിന്റെ തലയ്ക്കടിച്ചു. തടയാന്‍ ചെന്ന ഓമനയ്ക്കും അടിയേറ്റു. നിലവിളിക്കാന്‍ തുടങ്ങിയപ്പോഴേക്കും വെട്ടുകത്തിയെടുത്ത് ഇരുവരേയും വെട്ടി. കുഞ്ഞിന്റെ കഴുത്തിലും നെഞ്ചിലുമായി നാല് വെട്ടുവെട്ടി. ഓമനയുടെ കഴുത്ത് അറ്റുപോയി. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ഇരുവരുടെയും ദേഹത്തു നിന്ന് നിനോ ആഭരണങ്ങളും ഊരിമാറ്റി. മരിച്ചു കഴിഞ്ഞിട്ടും ജീവന്റെ കണിക പോലുമില്ലെന്ന് ഉറപ്പാക്കാന്‍ ഇരുവരെയും വീണ്ടും വീണ്ടും വെട്ടി.
ഓമനയും കുഞ്ഞും മരിച്ചെന്നുറപ്പാക്കിയ നിനോ ലിജീഷ് വരുന്നതും കാത്തിരുന്നു. വാതിലിനു പിന്നില്‍ മറഞ്ഞിരുന്ന് ലിജീഷിന്റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ ശേഷം കഴുത്തില്‍ വെട്ടാനോങ്ങി. മുളകുപൊടി കണ്ണില്‍ വീണെങ്കിലും ലിജീഷ് തലതിരിച്ചതിനാല്‍ ചെവിയിലും തോളിലുമായാണ് വെട്ടുകൊണ്ടത്. ചെവി മുറിഞ്ഞ് തൂങ്ങി. വെട്ടേറ്റ ലിജീഷ് നിലവിളിച്ചുകൊണ്ട് പുറത്തേക്കോടിയതോടെ നാട്ടുകാര്‍ ഓടിക്കൂടി. അതോടെ നിനോ ഓടിക്കളഞ്ഞു.
ലിജീഷിന്റെ വീട്ടില്‍ നിന്ന് രണ്ടു മിനിറ്റ് കൊണ്ടു നടന്ന് ദേശീയ പാതയിലെത്താമായിരുന്നെങ്കിലും നിനോ മാത്യു മറ്റൊരു വഴിയിലൂടെയെത്തിയാണ് ആലംകോട് ജംഗ്ഷനിൽ നിന്ന് ബസില്‍ കയറിയത്. ഈ വഴികള്‍ മുഴുവന്‍ അനുശാന്തി നിനോ മാത്യുവിന് വരച്ചുകൊടുക്കുകയും മൊബൈലില്‍ ചിത്രീകരിച്ച് കൈമാറുകയും ചെയ്തിരുന്നു. കൃത്യം നടന്നുവെന്ന വിവരമറിഞ്ഞ് അനുശാന്തി ഓഫീസില്‍ നിന്ന് നേരെ സ്വന്തം വീട്ടിലേക്ക് പോയി. കൊലപാതകം നടത്തി ഒന്നുമറിയാത്തതുപോലെ ഓഫീസിലെത്താനായിരുന്നു നിനോ മാത്യുവിന്റെ പദ്ധതി. ലിജീഷ് രക്ഷപ്പെട്ടതുകൊണ്ടും നിനോ മാത്യുവിനെ തിരിച്ചറിഞ്ഞതുകൊണ്ടും പദ്ധതി പൊളിഞ്ഞതോടെ ഇയാള്‍ താമസസ്ഥലത്തേക്കാണ് മടങ്ങിയത്. അവിടെ നിന്നും പൊലീസ് പ്രതിയെ പിടികൂടി. നിനോയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അനുശാന്തിയും പിടിയിലായി.
സാമൂഹമാധ്യമം വഴിയാണ് നിനോ മാത്യുവും അനുശാന്തിയും കൊലപാതകം ആസൂത്രണം ചെയ്തത്. വീടിന്റെ മുറികളും വീട്ടിലെത്തി കൊല നടത്തി പിന്നിലൂടെ വയലിലിറങ്ങി റോഡിലെത്തേണ്ട വഴികളും വരെ അനുശാന്തി മൊബൈലില്‍ ചിത്രീകരിച്ച് വാട്ട്‌സ് ആപ്പിലൂടെ നിനോ മാത്യുവിന് കൈമാറിയിരുന്നു. പരസ്പരമുള്ള വാട്ട്സ്ആപ്പ് ചാറ്റും സാമൂഹിക മാധ്യമങ്ങളിലെ സന്ദേശങ്ങളും കേസിൽ നിർണായക തെളിവായി. അങ്ങനെ കൊലപാതകത്തിന് ഇരുവരും ദിവസങ്ങളെണ്ണി കാത്തിരുന്നു. അന്വേഷണം വഴിതെറ്റിക്കാന്‍ വേണ്ടതെല്ലാം നിനോ മാത്യു ചെയ്തിരുന്നു. ഒരിക്കലും അന്വേഷണം തങ്ങളിലേക്കെത്തില്ലെന്നും അങ്ങനെ ഒരുമിച്ച് ജീവിക്കാമെന്നുമാണ് ഇരുവരും കരുതിയിരുന്നത്. ചോദ്യം ചെയ്യുമ്പോഴും തെളിവെടുപ്പ് നടത്തുമ്പോഴും കൂസലില്ലാതെയായിരുന്നു ഇരുവരും മറുപടി പറഞ്ഞിരുന്നതും.
വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമായിരുന്നു നിനോ മാത്യു. ഇയാളുടേത് പ്രണയവിവാഹവുമായിരുന്നു. അനുശാന്തിയുമായി ബന്ധമായതോടെ ഭാര്യയുമായി പിണക്കത്തിലായി. അനുശാന്തിയെ കൊണ്ടുവിടുന്നതിനും തിരിച്ചാക്കുന്നതിനും ടെക്‌നോപാര്‍ക്കില്‍ മറ്റൊരു കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇയാളുടെ ഭാര്യ സാക്ഷിയായിരുന്നു. നിനോ മാത്യുവിന് അനുശാന്തിയോടുള്ള അടുപ്പം അതിരുവിടുന്നുവെന്ന് മനസ്സിലാക്കി ഇയാളുടെ പിതാവ് ഉപദേശരൂപത്തിലെഴുതിയ കത്ത് അന്ന് പൊലീസ് കണ്ടെടുത്തതാണ്.
പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ച ശിക്ഷ പുനഃപരിശോധിക്കാന്‍ ഹൈക്കോടതി തീരുമാനിക്കുന്നത് 2023 മേയിലാണ്. ഇതിനായി മിറ്റിഗേഷന്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. മിറ്റിഗേഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മെയ് 24ന് നിനോ മാത്യുവിന്റെ വധശിക്ഷയില്‍ ഹൈക്കോടതി ഇളവു നൽകിയത്. നിനോ മാത്യുവിന്റെ വധശിക്ഷ 25 വര്‍ഷം പരോളില്ലാത്ത തടവായി ഇളവു ചെയ്തു. എന്നാൽ അനുശാന്തിയുടെ അപ്പീല്‍ തള്ളിയ കോടതി കീഴ്കോടതി വിധി ശരിവയ്ക്കുകയാണ് ചെയ്തത്.. പ്രതികള്‍ തമ്മിലുള്ള അവിഹിതബന്ധമാണ് ഓമനയുടെയും സ്വസ്തികയുടെയും കൊലപാതകത്തില്‍ കലാശിച്ചതെന്നു കോടതി ചൂണ്ടിക്കാട്ടി. ക്രിമിനല്‍ ഗൂഢാലോചനയുടെ കാര്യത്തിലും അശ്ലീല ചിത്രങ്ങള്‍ കൈമാറിയതിലുമെല്ലാം കീഴ്‌ക്കോടതിയുടെ കണ്ടെത്തലുകള്‍ ശരിവെച്ചു. പ്രതി മാനസാന്തരപ്പെടാനുള്ള സാധ്യതയാണ് മിറ്റിഗേഷൻ റിപ്പോർട്ടിലുള്ളതെന്നും ക്രിമിനൽ പശ്ചാത്തലം ഇല്ലെന്ന കാര്യവും റിപ്പോർട്ടിലുണ്ടെന്നും കോടതി വ്യക്തമാക്കി.
അന്നത്തെ ആഘാതത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന ലിജീഷ് ഇപ്പോൾ പുനർവിവാഹിതനാണ്. നിനോ മാത്യുവും അനുശാന്തിയും ജയിലിലും. പ്രതികൾ വീണ്ടും മേൽക്കോടതിയിൽ അപ്പീൽ പോകാനാണ് സാധ്യത.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
July 07, 2025 2:04 PM IST
1000 Crime stories: ഓഫീസ് ബന്ധത്തിലെ കാമാസക്തി തകർത്തത് ഒരു കുടുംബത്തെ; ആറ്റിങ്ങലിലെ ഇരട്ടക്കൊലപാതകത്തിൻ്റെ കഥ