Leading News Portal in Kerala

ബെംഗളുരുവിൽ 100 കോടിയോളം രൂപയുടെ ചിട്ടി തട്ടിപ്പ് നടത്തി മലയാളി ദമ്പതികൾ ഫ്ലാറ്റടക്കം വിറ്റ് മുങ്ങി| Keralite couple missing after rs 100 crore chitty fraud from bangaluru


Last Updated:

കഴിഞ്ഞ വ്യാഴാഴ്ച വരെ നിക്ഷേപകർക്ക് പലിശയിനത്തിൽ നൽകാനുള്ള പണം കൃത്യമായി ഇവർ നൽകിയിരുന്നതിനാൽ ആർക്കും സംശയം തോന്നിയില്ല

ടോമിയും ഷൈനിയുംടോമിയും ഷൈനിയും
ടോമിയും ഷൈനിയും

ബെംഗളുരുവിൽ 100 കോടിയോളം രൂപയുടെ വൻ ചിട്ടി തട്ടിപ്പ് നടത്തി മലയാളി ദമ്പതികൾ മുങ്ങിയതായി പരാതി. മലയാളികളുൾപ്പെടെ ആയിരത്തിലധികം ആളുകളുടെ പണവുമായാണ് ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമി എ വിയും ഷൈനി ടോമിയും മുങ്ങിയത്. ബെംഗളുരു രാമമൂർത്തി നഗറിൽ എ&എ ചിട്ട് ഫണ്ട്‍സ് എന്ന കമ്പനിയുടെ ഉടമകളായ ഇരുവരും 100 കോടിയോളം രൂപയുടെ വൻ തട്ടിപ്പ് നടത്തിയതായാണ് പരാതി. 20 വർഷമായി ചിട്ടി നടത്തി വന്നിരുന്ന ഇവർ പ്രധാനമായും ആരാധനാലയങ്ങളും മലയാളി അസോസിയേഷനുകളും കേന്ദ്രീകരിച്ചായിരുന്നു നിക്ഷേപം വാങ്ങിയെടുത്തിരുന്നത്.

265 പേരാണ് ചിട്ടികമ്പനിക്കെതിരെ ഇതുവരെ പരാതി നൽകിയത്. കേസെടുത്ത രാമമൂർത്തി നഗർ പൊലീസ് പ്രതികൾ വിദേശത്തേക്ക് കടന്നിരിക്കാനുള്ള സാധ്യതയടക്കം പരിശോധിക്കുകയാണ്.കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഇവരെക്കുറിച്ച് ഒരു വിവരവുമില്ല. ഫോൺ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. താമസിച്ചിരുന്ന ഫ്ലാറ്റടക്കം വിൽപന ന‌ടത്തിയാണ് രണ്ട് പേരും മുങ്ങിയത്. ഇക്കാര്യം കമ്പനിയിലെ ജീവനക്കാരെ പോലും അറിയിച്ചിരുന്നില്ല. രേഖകളിൽ 1300-ഓളം ഇടപാടുകാരുള്ളതിനാൽ തട്ടിപ്പിന്‍റെ വ്യാപ്തി ഇനിയും കൂടാനാണ് സാധ്യത.

പണം നഷ്ടപ്പെട്ട നൂറുകണക്കിന് പേരാണ് രാമമൂർത്തി നഗർ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നത്. ബെംഗളുരു നഗരത്തിലെ പല ഭാഗങ്ങളിൽ നിന്നുള്ള മലയാളികളാണ് ഇതിൽ ഭൂരിഭാഗം പേരും. ആരാധനാലയങ്ങൾ വഴിയും റസിഡൻസ് അസോസിയേഷനുകൾ വഴിയുമാണ് ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമിയും ഷൈനിയും ആളുകളെ ചേർത്തിരുന്നത്. 2005 മുതൽ പ്രവർത്തിക്കുന്ന കമ്പനിയാണിത്. ബാങ്ക് പലിശയേക്കാൾ കൂടുതൽ പലിശ നൽകിയാണ് ഇവർ നിക്ഷേപകരെ ആകർഷിച്ചിരുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച വരെ നിക്ഷേപകർക്ക് പലിശയിനത്തിൽ നൽകാനുള്ള പണം കൃത്യമായി ഇവർ നൽകിയിരുന്നതിനാൽ ആർക്കും സംശയം തോന്നിയില്ല. പിന്നീടാണ് ഒരു മുന്നറിയിപ്പുമില്ലാതെ താമസിച്ചിരുന്ന ഫ്ലാറ്റ് പോലും വിറ്റ് ടോമിയും ഭാര്യയും മുങ്ങിയത്.