Leading News Portal in Kerala

മാനെന്ന് കരുതി വേട്ടയ്ക്ക് ഒപ്പംവന്ന യുവാവിനെ വെടിവച്ചു കൊന്ന 2 ബന്ധുക്കൾ അറസ്റ്റിൽ| Two arrested for tribesmans murder during hunting bid in Karamadai forests


Last Updated:

ശനിയാഴ്ച രാത്രിയാണ് മാൻവേട്ടയ്ക്കായി മൂവരും നാടൻ തോക്കുമായി കാട്ടിലേക്കു പോയത്. മൂവരും മദ്യലഹരിയിലായിരുന്നു.

കൊല്ലപ്പെട്ട സജിത്ത് (ഇടത്), അറസ്റ്റിലായ പ്രവീണും പാപ്പയ്യനുംകൊല്ലപ്പെട്ട സജിത്ത് (ഇടത്), അറസ്റ്റിലായ പ്രവീണും പാപ്പയ്യനും
കൊല്ലപ്പെട്ട സജിത്ത് (ഇടത്), അറസ്റ്റിലായ പ്രവീണും പാപ്പയ്യനും

കോയമ്പത്തൂർ: വേട്ടയാടാൻ വനത്തിലേക്ക് പോയ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ബന്ധുക്കളായ രണ്ടുപേർ അറസ്റ്റിൽ. കാരമട വെള്ളിയങ്കാട് കുണ്ടൂർ കെ മുരുകേശൻ (പ്രവീൺ- 37), അൻസൂർ സ്വദേശി എൻ പാപ്പയ്യൻ (കാളിസ്വാമി- 50) എന്നിവരാണ് അറസ്റ്റിലായത്. കാരമട ഫോറസ്റ്റ് റേഞ്ചിൽ പില്ലൂർ അണക്കെട്ടിനു സമീപമുള്ള അത്തിക്കടവ് വനത്തിലേക്കു വേട്ടയാടാൻ പോയ സുരണ്ടൈമല ഗ്രാമത്തിലെ സഞ്ജിത്ത് (23) ആണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രിയാണ് മാൻവേട്ടയ്ക്കായി മൂവരും നാടൻ തോക്കുമായി കാട്ടിലേക്കു പോയത്. മൂവരും മദ്യലഹരിയിലായിരുന്നു. വേട്ട തുടരുന്നതിനിടെ പാപ്പയ്യൻ മാനാണെന്ന് കരുതി സഞ്ജിത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. തുടർന്ന് പ്രതികൾ സംഭവസ്ഥലത്തു നിന്ന് കടന്നു.

പിറ്റേദിവസം രാവിലെ പ്രവീൺ വീട്ടുകാരെ വിളിച്ച് സഞ്ജിത്തിന് വെടിയേറ്റെന്ന് അറിയിച്ചു. വീട്ടുകാർ കാട്ടിലെത്തി നോക്കിയപ്പോൾ ഭവാനിപ്പുഴയ്ക്കുസമീപം സഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്തി. സമീപത്ത് പ്രവീണും പാപ്പയ്യനുമില്ലായിരുന്നു. ശരീരത്തിൽ നിരവധി സ്ഥലത്ത് നിറയെ മുറിവേറ്റിരുന്നു. ബന്ധുക്കൾ മൃതദേഹം വീട്ടിലെത്തിക്കുകയും പില്ലൂർ ഡാം പോലീസിൽ അറിയിക്കുകയുംചെയ്തു. സഞ്ജിത്തിന്റെ ശരീരത്തിൽ അഞ്ചിടത്ത് വെടിയേറ്റതായി പൊലീസ് പറഞ്ഞു.

തുടർന്ന്, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മേട്ടുപ്പാളയം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പില്ലൂർ ഡാം പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രവീണിനെ അറസ്റ്റുചെയ്തു. എന്നാൽ, കാട്ടിൽവെച്ച് മലയണ്ണാനെ പിടികൂടിയശേഷം താൻ വീട്ടിലേക്ക് പോയെന്നും പിന്നീട് സഞ്ജിത്തും പാപ്പയ്യനും വേട്ട തുടർന്നതായും പ്രവീൺ പൊലീസിന് മൊഴിനൽകി.