രണ്ട് നവജാതശിശുക്കളെയും കൊന്നത് അവിവാഹിതയായ അമ്മ; 12 മണിക്കൂർ ചോദ്യംചെയ്യലിൽ കുറ്റംസമ്മതിച്ച് പ്രതികൾ; അറസ്റ്റ്| two arrested in newborn babies murder case at puthukkad thrissur
Last Updated:
ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ഭവിന് കുട്ടികളുടെ അസ്ഥികളുമായി പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. കാമുകിയായ അനീഷ പ്രസവിച്ച കുഞ്ഞുങ്ങളെ കൊന്നുകുഴിച്ചുമൂടി എന്നാണ് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്
തൃശൂര്‍: പുതുക്കാട്ട് അവിവാഹിതരായ മാതാപിതാക്കള്‍ നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് ആമ്പല്ലൂര്‍ ചേനക്കാല ഭവിന് (25), വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപ്പറമ്പില്‍ അനീഷ (22) എന്നിവരാണ് അറസ്റ്റിലായത്. 12 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് പൊലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊലപാതകത്തിനും ഗൂഢാലോചനയ്ക്കുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭവിനും അനീഷയും തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ഭവിന് കുട്ടികളുടെ അസ്ഥികളുമായി പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. കാമുകിയായ അനീഷ പ്രസവിച്ച കുഞ്ഞുങ്ങളെ കൊന്നുകുഴിച്ചുമൂടി എന്നാണ് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
2021 നവംബർ 6ന് ആദ്യ പ്രസവത്തിലെ കുട്ടിയെ യുവതിയുടെ വീട്ടിലും 2024 ഓഗസ്റ്റ് 29ന് രണ്ടാമത്തെ കുട്ടിയെ പുതുക്കാടും കുഴിച്ചുമൂടിയെന്നായിരുന്നു ഭവിന്റെ വെളിപ്പെടുത്തല്‍. രണ്ടാമത്തെ കുഞ്ഞിനെ കൊന്ന ശേഷം മുണ്ടിൽ പൊതിഞ്ഞ് ശുചിമുറിയിൽ വെച്ചു. ഓഗസ്റ്റ് 30 ന് മൃതദേഹം സഞ്ചിയിലിട്ട് ഭവിന്റെ അമ്മയുടെ വീട്ടിലെത്തി പറമ്പിൽ കുഴിച്ചിട്ടു. രണ്ടാമത്തെ കുഞ്ഞിന്റെ കുഴി നാല് മാസങ്ങൾക്ക് ശേഷം കുഴി തുറന്ന് അസ്ഥിയെടുത്തു. ആദ്യത്തെ കുഞ്ഞിന്റെ അസ്ഥി എടുത്തത് 8 മാസത്തിന് ശേഷമാണെന്നും എഫ്ഐആറില്‍ പറയുന്നു
കര്‍മങ്ങള്‍ ചെയ്യാനായാണ് കുഞ്ഞുങ്ങളുടെ അസ്ഥികള്‍ സൂക്ഷിച്ചിരുന്നത് എന്നായിരുന്നു ഭവിന്റെ വെളിപ്പെടുത്തല്‍. അനീഷ ബന്ധത്തില്‍നിന്ന് പിന്മാറാന് ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്. ഇതിനെത്തുടര്‍ന്ന് ഇരുവരും കഴിഞ്ഞദിവസം വലിയ തർക്കമുണ്ടായി. പിന്നാലെയാണ് ഭവിന് പൊലീസ് സ്റ്റേഷനിലെത്തി വെളിപ്പെടുത്തല്‍ നടത്തിയത്.
നവജാതശിശുക്കളിൽ രണ്ടാമത്തെ കുട്ടിയുടേത് കൊലപാതകമാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ആദ്യത്തെ കുട്ടി പൊക്കിള്‍കൊടി കഴുത്തിൽ കുരുങ്ങി വയറ്റിനുള്ളിൽ വെച്ച് തന്നെ മരിച്ചെന്നായിരുന്നു യുവതിയുടെ മൊഴി. എന്നാല്‍, രണ്ട് നവജാതശിശുക്കളെയും അനീഷ തന്നെ കൊന്നതാണെന്നാണ് പൊലീസ് എഫ്ഐആറില്‍ വ്യക്തമാക്കുന്നത്.
Thrissur,Thrissur,Kerala
June 30, 2025 6:44 AM IST
രണ്ട് നവജാതശിശുക്കളെയും കൊന്നത് അവിവാഹിതയായ അമ്മ; 12 മണിക്കൂർ ചോദ്യംചെയ്യലിൽ കുറ്റംസമ്മതിച്ച് പ്രതികൾ; അറസ്റ്റ്