Leading News Portal in Kerala

ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങിയ വനിതാ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍|Women village officer Alappuzha harippad preetha arrested for bribe via GPay


Last Updated:

പഴയ സർവേ നമ്പർ നൽകുന്നതിനാണ് ഇവർ കൈക്കൂലി വാങ്ങിയത്

News18News18
News18

പഴയ സർവേ നമ്പർ നൽകുന്നതിന് ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ വനിതാ വില്ലേജ് ഓഫിസർ പിടിയിൽ. ആലപ്പുഴ ഹരിപ്പാട് വില്ലേജ് ഓഫീസറായ പ്രീത.പി.കെ യെ ആണ് പഴയ സര്‍വ്വേ നമ്പര്‍ നല്‍കുന്നതിന് ഗൂഗിള്‍-പേ വഴി 1,000 രൂപ കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് പിടികൂടിയത്.

ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ പരാതിക്കാരന് കൃഷി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആഗ്രി സ്റ്റാക്ക് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആവശ്യത്തിനായി വസ്തുവിന്റെ പഴയ സര്‍വ്വേ നമ്പര്‍ ആവശ്യമായി വന്നു. ഇതിനായി അദ്ദേഹം ഹരിപ്പാട് വില്ലേജ് ഓഫീസറായ പ്രീതയുടെ ഔദ്യോഗിക ഫോണ്‍ നമ്പറില്‍ വിളിച്ച് വസ്തുവിന്റെ പഴയ സര്‍വ്വേ നമ്പര്‍ ആവശ്യപ്പെട്ടപ്പോള്‍ തിരക്കായതിനാല്‍ അടുത്ത ദിവസം വിളിക്കാന്‍ പറഞ്ഞിരുന്നു.

ഇതനുസരിച്ച് അടുത്തദിവസം വില്ലേജ് ഓഫീസറെ ഫോണില്‍ വിളിച്ചപ്പോള്‍ വാട്ട്‌സ് ആപ്പ് നമ്പര്‍ നല്‍കിയ ശേഷം വസ്തുവിന്റെ വിവരം വാട്ട്‌സ് ആപ്പില്‍ അയക്കാന്‍ പറയുകയും, ഇതിലേക്ക് ഒരു ഫീസ് അടക്കണമെന്നും, തുക വാട്ട്‌സ് ആപ്പ് വഴി അറിയിക്കാമെന്നും പറഞ്ഞു. തുടര്‍ന്ന് പരാതിക്കാരന്‍ പഴയ സര്‍വ്വേ നമ്പര്‍ വാട്ട്‌സ് ആപ്പ് വഴി വില്ലേജ് ഓഫീസര്‍ക്ക് അയച്ച് കൊടുത്തപ്പോള്‍, ഗൂഗിള്‍-പേ നമ്പര്‍ തിരിച്ച് അയച്ച് കൊടുത്ത ശേഷം, അതില്‍ 1,000 രൂപ ഇട്ട് കൊടുക്കണമെന്ന് വാട്ട്‌സ് ആപ്പ് മെസ്സേജ് അയച്ച് ആവശ്യപ്പെട്ടു.

കൈക്കൂലി നല്‍കി കാര്യം സാധിക്കാന്‍ താല്പര്യമില്ലാത്ത പരാതിക്കാരന്‍ ഈ വിവരം ആലപ്പുഴ വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്ന് ഉച്ചക്ക് 01.50 മണിക്ക് പരാതിക്കാരനില്‍ നിന്നും ഗൂഗിള്‍-പേ വഴി 1,000 രൂപ കൈപ്പറ്റിയ ശേഷം വില്ലേജ് ഓഫീസിന് സമീപമുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വച്ച് ഹരിപ്പാട് വില്ലേജ് ഓഫീസറായ പ്രീത.പി.കെ യെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്യുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.