അമ്മയുടെ കാമുകനുമായി പ്രണയത്തിലായ നവവധു ഭർത്താവിനെ കൊലപ്പെടുത്തി: എട്ടുപേര്‍ അറസ്റ്റില്‍ |Newlywed who fell in love with her mother s boyfriend kills her new husband in telangana
Last Updated:
23കാരിയായ ഐശ്വര്യയെയും 35കാരനായ കാമുകന് തിരുമല റാവുവിനെയും മറ്റ് ആറുപേരെയുമാണു പോലീസ് അറസ്റ്റ് ചെയ്തത്
അമ്മയുടെ കാമുകനുമായി പ്രണയത്തിലായ നവവധു ഭര്‍ത്താവിനെ കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് നവവധുവും കാമുകനും ഉള്‍പ്പെടെ എട്ട് പേര് അറസ്റ്റിലായി. തെലങ്കാനയിലെ ജോഗുലാംബ ഗഡ് വാള് ജില്ലയിലാണ് സംഭവം. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഏതാനും ആഴ്ചകള്‍ മാത്രമെ ആയിട്ടുള്ളൂവെന്ന് പോലീസ് പറഞ്ഞു. ഗഡ്വാളിലെ രാജവീഥിനഗര്‍ സ്വദേശിയായ ഗന്ത തേജ്വേശ്വര്‍(32) ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ സ്വകാര്യ ഭൂമി സര്‍വേയറും നൃത്താധ്യാപകനുമായിരുന്നു. ഇയാളുടെ 23കാരിയായ ഭാര്യ ഐശ്വര്യയും 35കാരനായ കാമുകന് തിരുമല റാവുവിനെയും മറ്റ് ആറുപേരെയുമാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.
ജൂണ്‍ 17ന് രാവിലെ വീട്ടില്‍ നിന്ന് പോയ തേജേശ്വറിനെ കാണാതാകുകയായിരുന്നു. തൊട്ടടുത്ത ദിവസം തേജേശ്വറിനെ കാണാനില്ലെന്ന് കാട്ടി തേജേശ്വറിന്റെ സഹോദരൻ പോലീസില്‍ പരാതി നല്കി. അന്വേഷണത്തിനിടെ തേജേശ്വര്‍ പരിചയമുള്ള ചില ആളുകളോടൊപ്പം കാറില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. നാല് ദിവസത്തിന് ശേഷം ജൂണ്‍ 21ന് ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ പന്യം പട്ടണത്തിന് സമീപത്തുനിന്നുമാണ് അദ്ദേഹത്തിന്റെ മൃതദേഹം ലഭിച്ചത്.
”2024ലായിരുന്നു തേജേശ്വറിന്റെയും ഐശ്വരയുടെയും വിവാഹനിശ്ചയം. എങ്കിലും ഐശ്വര്യ തിരുമലയുമായള്ള ബന്ധം തുടര്‍ന്നു. എന്നാല്‍, വിവാഹത്തിന് ശേഷം ബന്ധം തുടരുന്നത് ബുദ്ധിമുട്ടായി. തുടര്‍ന്ന് വാടക കൊലയാളികളെ ഉപയോഗിച്ച് തേജേശ്വറിനെ കൊലപ്പെടുത്താന്‍ ഇരുവരും പദ്ധതി തയ്യാറാക്കി,” എസ് പി പറഞ്ഞു. ഇതിനായി തിരുമല കമ്മിഷന് ഏജന്റായ കുമ്മാരി നാഗേഷിനെ സമീപിച്ച് തേജേശ്വറിന്റെ ഫോണ്‍ നമ്പര്‍ നല്കി. തേജേശ്വറുമായി സൗഹൃദത്തിലായ ശേഷം കൊലപ്പെടുത്താന്‍ നിര്‍ദേശം നല്കി. നാഗേഷിനും കൂട്ടാളികള്‍ക്കും ജിപിഎസ് ട്രാക്കറും നല്കി. തേജേശ്വറിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായി അവര്‍ അത് രഹസ്യമായി അദ്ദേഹത്തിന്റെ ബൈക്കില്‍ ഘടിപ്പിച്ചു.
ജൂണ്‍ 17ന് ഭൂമി സര്‍വെ നടത്താനുണ്ടെന്ന് പറഞ്ഞ് നാഗേഷും കൂട്ടാളികളും തേജേശ്വറിനെ കര്‍ണൂലിലേക്ക് വിളിപ്പിച്ചു. മടക്കയാത്രയില്‍ വാഹനത്തിനുള്ളില്‍ വെച്ച് അവര്‍ തലയ്ക്കടിച്ചും കഴുത്ത് അറുത്തും വയറ്റില്‍ കുത്തിയും തേജേശ്വറിനെ കൊലപ്പെടുത്തി. സംഭവസ്ഥലത്തെത്തിയ തിരുമല കര്‍ണൂലിലേക്കുള്ള മറ്റൊരു വഴിയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം ഉപേക്ഷിക്കാന്‍ നിര്‍ദേശിച്ചു. വഴിയില്‍വെച്ച് കൊലയാളികള്‍ വസ്ത്രങ്ങള്‍ മാറുകയും തേജേശ്വറിന്റെ മൊബൈല്‍ ഫോണും സാധനങ്ങളും കനാലിലേക്ക് വലിച്ചെറിയുകയും ചെയ്തു.
കൊലപാതകം നടന്ന ദിവസം തേജേശ്വര്‍ വാടക തൊഴിലാളികള്‍ക്ക് ഒരു ലക്ഷം രൂപയും ജൂണ്‍ 20ന് ഒരു ലക്ഷം രൂപ കൂടിയും നല്‍കിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എട്ടു പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഐശ്വര്യയുടെ കാമുകന് തിരുമല റാവുവാണ് കേസിലെ മുഖ്യപ്രതിയെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ടി ശ്രീനിവാസ റാവു പറഞ്ഞു. കര്‍ണൂലിലെ ഒരു ഹൗസിംഗ് ഫിനാന്‍സ് കമ്പനിയില്‍ മാനേജറായി ജോലി ചെയ്തിരുന്ന തിരുമല ഓഫീസിലെ തൂപ്പുകാരിയും ഐശ്വര്യയുടെ അമ്മയുമായ സുജാതയുമായി ഏറെ നാള് പ്രണയത്തിലായിരുന്നു. എന്നാല്‍ കുറച്ചുകാലങ്ങള്‍ക്ക് ശേഷം അവരുടെ മകളുമായി അടുത്ത തിരുമല അവരെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ അതൊന്നും നിശ്ചയിച്ചപ്രകാരം നടന്നില്ല. തേജേശ്വറിനെ വിവാഹം കഴിക്കാന്‍ അമ്മയും കുടുംബവും ഐശ്വര്യയെ സമ്മര്‍ദ്ദത്തിലാക്കിയായി പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ലഡാക്കിലേക്ക് യാത്ര പോകാന്‍ ഐശ്വര്യയും തിരുമലയും പദ്ധതിയിട്ടിരുന്നതായും പോലീസ് പറഞ്ഞു.
June 28, 2025 3:53 PM IST