Leading News Portal in Kerala

മരുമകളെ ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി ബലാത്സംഗം ചെയ്തു ഭർതൃപിതാവ് കൊലപ്പെടുത്തി|Father-in-law raped daughter-in-law by mixing sleeping pills in food


Last Updated:

കൊലപാതകത്തിന് പിന്നാലെ ഭാര്യയെ കാണാനില്ലെന്ന് കാട്ടി യുവാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു

News18News18
News18

ഹരിയാനയിലെ ഫരീദാബാദില്‍ മരുമകളെ ഭര്‍തൃപിതാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊലപ്പെടുത്തുന്നതിന് മുമ്പ് ഭര്‍തൃപിതാവ് യുവതിയെ ബലാത്സംഗം ചെയ്തതായും മൃതദേഹം പത്തടി താഴ്ചയിൽ കുഴിച്ചിട്ടതായും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കൊലപാതകത്തില്‍ ഭര്‍തൃമാതാവിനും പങ്കുണ്ടെന്നും അവരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. എന്നാല്‍, യുവതിയുടെ ഭര്‍ത്താവ് അരുണ്‍ സിംഗ് ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുഖ്യപ്രതിയായ ഭര്‍തൃപിതാവ് ഭൂപ് സിംഗ് പോലീസ് കസ്റ്റഡിയിലാണ്. ചോദ്യം ചെയ്യലില്‍ കൊലപാതം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ഇയാള്‍ സമ്മതിച്ചതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കൊലപാതകത്തിന് പിന്നാലെ ഭാര്യയെ കാണാനില്ലെന്ന് കാട്ടി അരുണ്‍ സിംഗ് പോലീസില്‍ പരാതി നല്‍കിയിരുന്നു. മൃതദേഹം വീടിനുപുറത്ത് പത്തടി താഴ്ചയിലെടുത്ത കുഴിയില്‍ മറവ് ചെയ്യുകയായിരുന്നു. സംഭവം നടന്ന് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

രണ്ടുവര്‍ഷമുമ്പായിരുന്നു ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് സ്വദേശിയായ യുവതിയും അരുണ്‍ സിംഗുമായുള്ള വിവാഹം. ഏപ്രില്‍ 15ന് കൊലപാതകം ആസൂത്രണം ചെയ്തിരുന്നതായും സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും ഭര്‍തൃപിതാവും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഒരു മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഗൂഢാലോചനയുടെ ഭാഗമായി സംഭവം നടക്കുന്ന സമയത്ത് ഭാര്യയെ ഉത്തര്‍പ്രദേശില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പറഞ്ഞയച്ചതായി ഭൂപ് സിംഗ് പോലീസിനോട് പറഞ്ഞു. ഏപ്രില്‍ 21ന് അരുണ്‍ സിംഗ് ഭാര്യയുടെയും സഹോദരി കാജലിന്റെയും ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി. ഇത് കഴിച്ചതിന് പിന്നാലെ ഇരുവരും രണ്ട് വ്യത്യസ്ത മുറികളില്‍ കിടന്ന് ഉറങ്ങിപ്പോയി.

അര്‍ധരാത്രിയോടെ ഭൂപ് സിംഗ് മരുമകളുടെ മുറിയിലെത്തുകയായിരുന്നു. എന്നാല്‍ കൊലപ്പെടുത്തുന്നതിന് മുമ്പ് മറ്റാരെയും അറിയിക്കാതെ അയാള്‍ യുവതിയെ ബലാത്സംഗം ചെയ്തു. ഇതിന് ശേഷം ദുപ്പട്ട ഉപയോഗിച്ച് അവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ശേഷം ഭൂപ് സിംഗ് അരുണ്‍ സിംഗിനെ മുറിയിലേക്ക് വിളിച്ചുവരുത്തി. ഇരുവരും ചേര്‍ന്ന് മൃതദേഹം വീടിന് പുറത്ത് നേരത്തെ തയ്യാറാക്കി വെച്ചിരുന്ന കുഴിയില്‍ ഇടുകയും ഇഷ്ടികയും മണ്ണും ഉപയോഗിച്ച് മൂടുകയും ചെയ്തു. മലിനജലം നീക്കം ചെയ്യുന്നതിന് വേണ്ടിയെടുത്ത കുഴിയാണിതെന്ന് ഭൂപ് സിംഗ് അയല്‍വാസികളോട് പറഞ്ഞു.

രണ്ട് മാസത്തിന് ശേഷം ജൂണ്‍ 21ന് കോണ്‍ക്രീറ്റ് സ്ലാബ് കൊണ്ട് മൂടിയ കുഴിയില്‍ നിന്ന് യുവതിയുടെ മൃതദേഹം പോലീസ് കണ്ടെത്തി. കൊലപാതകം നടത്തുന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായി കുഴി തയ്യാറാക്കിയതായി പോലീസ് സ്ഥിരീകരിച്ചു. ഭൂപ് സിംഗ്, ഇയാളുടെ ഭാര്യ സോണി, മകന്‍ അരുണ്‍ സിംഗ്, മകള്‍ കാജല്‍ എന്നിവര്‍ക്കെതിരേ പല്ല പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഏപ്രില്‍ 22ന് ഉറക്കമുണര്‍ന്നപ്പോള്‍ വീടിന്റെ ഗേറ്റ് തുറന്നുകിടക്കുകയായിരുന്നുവെന്നും യുവതി ഒളിച്ചോടി പോയതാണെന്നും അവരുടെ കുടുംബാംഗങ്ങളെ അരുണ്‍ സിംഗ് അറിയിച്ചു. തുടര്‍ന്ന് യുവതിയുടെ കുടുംബം സംശയം പ്രകടിപ്പിക്കുകയും ഭര്‍തൃപിതാവിനെതിരേ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഭൂപ് സിംഗ് കുറ്റസമ്മതം നടത്തിയത്. കൊലപാതകത്തില്‍ അരുണ്‍ സിംഗ്, സഹോദരി എന്നിവരുടെ പങ്ക് സ്ഥിരീകരിച്ചാല്‍ അവരെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.