മരുമകളെ കാണാനില്ലെന്ന് പോലീസിൽ പരാതി; മൃതദേഹം പത്തടി താഴ്ചയില്‍ കണ്ടെത്തിയപ്പോൾ ബലാൽസംഗം ചെയ്ത കൊന്നത് അമ്മായിയപ്പൻ | Father-in-law rapes and kills daughter-in-law in Faridabad
Last Updated:
ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ഭർത്താവ് പരാതി കൊടുത്തപ്പോഴായിരുന്നു സംഭവം പുറത്തറിഞ്ഞത്
ഫരീദാബാദില്‍ 54കാരനായ ഭര്‍തൃപിതാവ് 25കാരിയായ മരുമകളെ ബലാത്സംഗം ചെയ്ത ശേഷം ചുരിദാറിന്റെ ഷോളുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം നേരത്തെ തയ്യാറാക്കി വെച്ചിരുന്ന പത്തടി താഴ്ചയിലുള്ള കുഴിയില്‍ മൃതദേഹം മറവ് ചെയ്തു. ഫരീദാബാദിലെ റോഷന്‍ നഗറില്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പായിരുന്നു കൊലപതാകം. ഏപ്രില്‍ 21ന് അര്‍ധരാത്രിയില്‍ ഭര്‍തൃപിതാവ് ഭുപ് സിംഗ് മരുമകള്‍ തനു രാജ്പുതിനെ ഷോളുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. തനുവിന്റെ ഭര്‍ത്താവും ഭര്‍തൃമാതാവും സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നില്ല. ഭുപ് സിംഗിനെ പോലീസ് അറസ്റ്റു ചെയ്തു.
വീടിന് പുറത്ത് നിര്‍മിച്ച 10 അടി താഴ്ചയുള്ള കുഴിയില്‍ നിന്ന് തനുവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ പോലീസ് കഴിഞ്ഞദിവസം കണ്ടെടുത്തു. മകളെ ഭര്‍ത്തൃവീട്ടുകാര്‍ കൊലപ്പെടുത്തിയെന്നും മൃതദേഹം മറവുചെയ്‌തെന്നും ആരോപിച്ച് തനുവിന്റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്.
ഭുപ് സിംഗിന്റെ മകന്‍ അരുണും തനുവുമായുള്ള വിവാഹം 2023ലാണ് കഴിഞ്ഞത്. ”ഇവരുടെ വിവാഹത്തിന് പിന്നാലെ വീട്ടില്‍ വഴക്ക് പതിവായിരുന്നു. കൊലപാതകം നടന്ന ദിവസം ഭുപ് സിംഗിന്റെ മകളും തനുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭുപ് സിംഗിന്റെ മകള്‍ വീടിന്റെ താഴത്തെ നിലയിലും തനു മുകളിലത്തെ നിലയിലുമാണ് കിടന്നിരുന്നത്. ഇതിനിടെ അര്‍ധരാത്രിയായപ്പോള്‍ ഭുപ് സിംഗ് തനുവിന്റെ മുറിയില്‍ കടന്നുകൂടിയശേഷം ബലാത്സംഗം ചെയ്യുകയും ചുരിദാറിന്റെ ഷോളുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം നേരത്തെ തയ്യാറാക്കി വെച്ചിരുന്ന കുഴിയില്‍ മൃതദേഹം മറവുചെയ്തു,” എസിപി സരായ് രാജേഷ് കുമാര്‍ പറഞ്ഞു.
കൊലപാതകം ഭുപ് സിംഗും കുടുംബവും നേരത്തെ ആസൂത്രണം ചെയ്തതായിരുന്നുവെന്നാണ് വിവരം. കൊലപാതകത്തിന് മുമ്പ് തന്നെ അഴുക്കുവെള്ളം പോകുന്ന ചാലിനെന്ന് പറഞ്ഞ് അവര്‍ മൃതദേഹം മറവ് ചെയ്യാനുള്ള കുഴിയെടുത്തിരുന്നു. ഇക്കാര്യം ഭുപ് സിംഗ് അയല്‍വാസികളോടും പറഞ്ഞിരുന്നു. വീടിന്റെ പ്രധാന ഗേറ്റിനോട് ചേര്‍ന്നായിരുന്നു ഇത്. കൊലപാതകം നടന്ന് പിറ്റേദിവസം രാവിലെ മേസ്തിരിയെ വിളിച്ച് കുഴിയുടെ മുകളിലിട്ട സ്ലാബ് സിമെന്റ് വെച്ച് പൂര്‍ണമായും അടച്ചു.
ഏപ്രില്‍ 25ന് തനുവിന്റ ഭര്‍ത്താവ് അരുണ്‍ സിംഗ് ഭാര്യയെ കാണുന്നില്ലെന്ന് കാട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച തനുവിന്റെ പിതാവ് പോലീസില്‍ കൊലപാതക സാധ്യത ആരോപിച്ച് പരാതി നല്‍കി. അപ്പോഴേക്കും കൊലപാതകം നടന്ന് രണ്ടുമാസം പിന്നിട്ടിരുന്നു. മരുമകള്‍ ഒളിച്ചോടിയതായി അരുണ്‍സിംഗിന്റെ അമ്മ അയല്‍വാസികളോട് പറഞ്ഞ് പരത്തി.
ഭുപ് സിംഗിന്റെ വീടിനു മുന്നില്‍ കുഴിയെടുത്തിരുന്നതായി ഒരു അയല്‍വാസി പോലീസിനെ അറിയിച്ചതാണ് കേസില്‍ വഴിത്തിരിവായത്. ”മൃതദേഹം കുഴിച്ചിട്ടശേഷം കുഴി നന്നായി അടച്ചിരുന്നു. അതിനാല്‍ മണമൊന്നും പുറത്തുവന്നില്ല. അടുത്ത ദിവസം എല്ലാം സാധാരണപോലെ കാണപ്പെട്ടു,” പോലീസ് പറഞ്ഞു. തനുവിന്റെ മൃതദേഹം പൂര്‍ണമായും ജീര്‍ണിച്ചിരുന്നതായും അതിനാല്‍ മൃതദേഹത്തിലെ മുറിവുകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും പോലീസ് വ്യക്തമാക്കി. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും അവര്‍ പറഞ്ഞു.
Faridabad,Haryana
June 26, 2025 2:40 PM IST
മരുമകളെ കാണാനില്ലെന്ന് പോലീസിൽ പരാതി; മൃതദേഹം പത്തടി താഴ്ചയില്‍ കണ്ടെത്തിയപ്പോൾ ബലാൽസംഗം ചെയ്ത കൊന്നത് അമ്മായിയപ്പൻ