Leading News Portal in Kerala

പ്രണയവിവാഹത്തെ തുടര്‍ന്ന് ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തമിഴ്നാട് എഡിജിപി അറസ്റ്റില്‍ | Tamil Nadu ADGP arrested over kidnapping boy in love marriage


Last Updated:

തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ഇടപാടുകള്‍ നടന്നതായും ആരോപണമുണ്ട്

മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് എഡിജിപി എച്ച്എം ജയറാമിനെ അറസ്റ്റ് ചെയ്തത്മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് എഡിജിപി എച്ച്എം ജയറാമിനെ അറസ്റ്റ് ചെയ്തത്
മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് എഡിജിപി എച്ച്എം ജയറാമിനെ അറസ്റ്റ് ചെയ്തത്

പ്രണയവിവാഹത്തെ തുടര്‍ന്ന് ആണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ തമിഴ്‌നാട്ടില്‍ എഡിജിപി എച്ച്എം ജയറാം അറസ്റ്റില്‍. പ്രണയവിവാഹത്തെച്ചൊല്ലിയുള്ള കുടുംബ തര്‍ക്കവുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മദ്രാസ് ഹൈക്കോടതി ജയറാമിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി പോലീസിനു മുന്നില്‍ ഹാജരാകാന്‍ എംഎല്‍എയും പുരട്ച്ചി ഭാരതം പാര്‍ട്ടിയുടെ നേതാവുമായ പൂവൈ ജഗന്‍ മൂര്‍ത്തിയോട് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജഡ്ജി രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. ”പോലീസ് അന്വേഷണത്തെ നിങ്ങള്‍ എന്തിനാണ് ഭയപ്പെടുന്നത്, ഒരു എംഎല്‍എ ജനങ്ങള്‍ക്ക് മാതൃകയായിരിക്കണം,” കോടതി പറഞ്ഞു. പാര്‍ട്ടി അംഗങ്ങളുടെ അകമ്പടിയില്ലാതെ ഹാജരാകണമെന്ന് മൂർത്തിയോട് നിർദേശിച്ച കോടതി രാഷ്ട്രീയ നേതാക്കള്‍ നിയമ നടപടി ഒഴിവാക്കാന്‍ തങ്ങളുടെ സ്വാധീനം ദുരുപയോഗം ചെയ്യരുതെന്നും മുന്നറിയിപ്പ് നല്‍കി.

തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ എംഎല്‍എയെ തടങ്കലില്‍ വയ്ക്കുന്നതില്‍ നിന്ന് അയാളുടെ അനുയായികള്‍ നിയമപാലകരെ തടഞ്ഞതായി പോലീസ് കോടതിയെ അറിയിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചുവെങ്കിലും അതില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് അന്വേഷണത്തോടുള്ള എംഎല്‍എയുടെ സഹകരണം വിലയിരുത്തുമെന്നും കോടതി സൂചന നല്‍കി.

22 വയസ്സുള്ള യുവാവും യുവതിയും തമ്മിലുള്ള പ്രണയവിവാഹമാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ പിതാവ് വനരാജ വിവാഹത്തെ എതിര്‍ത്തിരുന്നു. വിവാഹം മുടക്കാന്‍ തീരുമാനിച്ച വനരാജ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട മുന്‍ പോലീസ് കോണ്‍സ്റ്റബിളായ മഹേശ്വരിയെ സമീപിച്ചതായി ആരോപണമുണ്ട്. മഹേശ്വരി എഡിജിപി ജയറാമിനെ സമീപിച്ചതായും അദ്ദേഹം എംഎല്‍എ ജഗന്‍ മൂര്‍ത്തിയുടെ സഹായം തേടിയതായും എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു.

വരനെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ എംഎല്‍എയുടെ അനുയായികള്‍ വരന്റെ 16 വയസ്സുള്ള ഇളയ സഹോദരനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ അമ്മ പോലീസ് സഹായം തേടി. ഇതിന് ശേഷം കുട്ടിയെ വിട്ടയച്ചു. എന്നാല്‍ എഡിജിപി ജയറാമിന്റെ കാറിലാണ് കുട്ടിയെ വിട്ടയച്ചതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. വാഹനം ഓടിച്ചിരുന്നത് സര്‍വീസിലുള്ള ഒരു കോണ്‍സ്റ്റബിളായിരുന്നുവെന്നും അതില്‍ മഹേശ്വരിയും വനരാജയും ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ഇടപാടുകള്‍ നടന്നതായും ആരോപണമുണ്ട്.

2021ല്‍ തമിഴ്‌നാട്ടിലെ കില്‍വൈത്തിനകുപ്പം സംവരണ മണ്ഡലത്തില്‍ അണ്ണാഡിഎംകെ ചിഹ്നത്തില്‍ മത്സരിച്ചാണ് മൂര്‍ത്തി നിയമസഭയിലെത്തിയത്. തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചിരുന്നു.