‘ഇന്ത്യൻ ആർമിയുടെ രഹസ്യങ്ങൾ പാകിസ്ഥാന് കൈമാറിയ’ റിട്ടയേഡ് ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്ന് ‘പോലീസ് ‘വാങ്ങിയത് ഒരുകോടി| irel retd officer lost rs one crore in cyber fraud at kochi
Last Updated:
ലഖ്നൗവിലെ പൊലീസ് ഇൻസ്പെക്ടർ രഞ്ജിത് കുമാർ എന്ന് പറഞ്ഞായിരുന്നു വാട്സാപ്പിൽ എറണാകുളം സ്വദേശിയായ 60കാരനെ വീഡിയോ കോൾ ചെയ്ത് തട്ടിപ്പ് നടത്തിയത്
ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയവരുടെ ലിസ്റ്റിൽ പേരുണ്ട് എന്നാരോപിച്ച് 60കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയർ എർത്സ് ലിമിറ്റഡ് റിട്ടയേഡ് ഉദ്യോഗസ്ഥനായ എറണാകുളം കളമശേരി സ്വദേശിയായ 60കാരന്റെ പേരുണ്ടെന്ന് പറഞ്ഞാണ് വെർച്വൽ അറസ്റ്റ് ചെയ്ത് 1.05 കോടി രൂപ തട്ടിയെടുത്തത്.
കഴിഞ്ഞ 13ന് ലഖ്നൗവിലെ പൊലീസ് ഇൻസ്പെക്ടർ രഞ്ജിത് കുമാർ എന്ന് പറഞ്ഞായിരുന്നു വാട്സ്അപിൽ 60കാരനെ വീഡിയോ കോൾ ചെയ്ത് തട്ടിപ്പ് നടത്തിയത്. ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വിവരങ്ങൾ പാകിസ്ഥാന്റെ ഐ എസ് ഐക്ക് ചോർത്തിക്കൊടുക്കാൻ സഹായിച്ച 151 പേരുടെ ലിസ്റ്റിൽ പേരുണ്ടെന്നായിരുന്നു ഭീഷണി. ഇതിനു ശേഷം അറസ്റ്റ് വാറണ്ട് ഉൾപ്പടെ വാട്സാപ്പിലൂടെ അയച്ചു നൽകി.
ഇത്തരത്തിൽ രഹസ്യങ്ങൾ ചോർത്തി നൽകിയതിന് ആസിഫ് ഫൗഇം എന്നയാളുടെ പക്കൽനിന്നും 55 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയിട്ടുണ്ടെന്നും ഈ തുക ബാങ്ക് അക്കൗണ്ടിൽ ഉണ്ടെന്നും തട്ടിപ്പ് നടത്തിയയാൾ പരാതിക്കാരനോട് പറഞ്ഞു. ഇത് പരിശോധിക്കുന്നതിന് പരാതിക്കാരന്റെ ബാങ്കിലുള്ള മുഴുവൻ തുകയും തങ്ങൾ പറയുന്ന ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്നും ഇയാൾ ആവശ്യപ്പെട്ടു.
തന്നില്ലെങ്കിൽ ജീവന് ഭീഷണി ആകുമെന്നും ഇയാൾ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണിയിൽ ഭയന്ന എറണാകുളം സ്വദേശി ബാങ്ക് അക്കൗണ്ടിലെ മുഴുവൻ പണവും പറഞ്ഞ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തുകൊടുത്തു. തുടർന്ന് തനിക്ക് വന്ന ഫോണ്‍ കോളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇദ്ദേഹം ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞപ്പോഴാണ് നടന്നത് വെർച്വൽ അറസ്റ്റ് ഭീഷണിയാണെന്ന് അദ്ദേഹത്തിന് മനസിലായത്. തുടർന്ന് കളമശ്ശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു.
Kochi [Cochin],Ernakulam,Kerala
June 16, 2025 12:19 PM IST
‘ഇന്ത്യൻ ആർമിയുടെ രഹസ്യങ്ങൾ പാകിസ്ഥാന് കൈമാറിയ’ റിട്ടയേഡ് ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്ന് ‘പോലീസ് ‘വാങ്ങിയത് ഒരുകോടി