വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ കാർ ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ|si attacked during vehicle inspection in idukki friends of accused are in police custody
Last Updated:
ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ കാലിന്റെ അസ്ഥിക്ക് പൊട്ടലുണ്ട്
ഇടുക്കി: വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാർ ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. കേസിലെ പ്രതികളായ ഇടുക്കി മണിയാറൻകുടി സ്വദേശി മുഹമ്മദ് ഷെരീഫിന്റെയും തൊടുപുഴ വെങ്ങല്ലൂർ സ്വദേശി ആഫിസ് നിസാറിന്റെയും സുഹൃത്തുക്കളാണ് പൊലീസിന്റെ പിടിയിലായത്. മുവാറ്റുപുഴ കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിലെ എസ്ഐ ഇ.എം. മുഹമ്മദിന് നേരെയാണ് ആക്രമണം ഉണ്ടായത്. മുഹമ്മദ് ഷെരീഫാണ് എസ് ഐയെ ഇടിച്ച് വീഴ്ത്തിയത്. അതേസമയം, പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെ കദളിക്കാട് പെട്രോളിങ്ങിനിടയാണ് സംഭവം. വഴിയരികിൽ കാർ നിർത്തിയിട്ടിരിക്കുന്നതിൽ അസ്വാഭാവികത തോന്നിയ എസ് ഐ മുഹമ്മദ് വാഹനത്തിൽ ഉണ്ടായിരുന്ന യുവാക്കളോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. യുവാക്കൾ ഇതിന് തയ്യാറായില്ല. പിന്നീട് വാഹനം മുൻപോട്ടെടുത്ത യുവാക്കൾ എസ്ഐയെ റോഡിൽ ഇടിച്ചു വീഴ്ത്തി. തുടർന്ന് ശരീരത്തിന് മുകളിലൂടെ വാഹനം കയറ്റിയിറക്കിയ ശേഷം യുവാക്കൾ രക്ഷപ്പെടുകയായിരുന്നു.
ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ കാലിന്റെ അസ്ഥിക്ക് പൊട്ടലുണ്ട്. കഴുത്തിലും കൈയിലും പരിക്കേറ്റു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. രണ്ടു പേർക്കുമേതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
June 15, 2025 12:09 PM IST