മദ്യപിക്കാൻ ഗ്ലാസും വെള്ളവും നൽകാത്തതിന് അയൽവാസിയെ എറിഞ്ഞു വീഴ്ത്തി മർദിച്ചു|Man attacks neighbor after he refused to bring a cup and water to booze
Last Updated:
യുവാവിന്റെ ആക്രമണത്തിൽ അയൽവാസിയുടെ കൈവിരലുകള്‍ക്ക് പൊട്ടലുണ്ടെന്ന് പൊലീസ് അറിയിച്ചു
പത്തനംതിട്ട: മദ്യപിക്കാൻ ഗ്ലാസും വെള്ളവും നൽകാൻ വിസമ്മതിച്ച അയൽവാസിയെ എറിഞ്ഞു വീഴ്ത്തി മർദിച്ച യുവാവ് പിടിയിൽ. മണക്കയം തടത്തില്‍ പുത്തന്‍വീട്ടില്‍ പ്രശാന്ത് കുമാര്‍ (36) ആണ് അറസ്റ്റിലായത്. പെരുനാട് പൊലീസാണ് പ്രതിയെ പിടികൂടിയത്. മണക്കയം ഈട്ടിമൂട്ടില്‍ വീട്ടില്‍ അനിയൻകുഞ്ഞിനാണ് (49) പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം .
അയൽവാസിയുടെ വീട്ടിൽ മദ്യകുപ്പിയുമായി എത്തിയ പ്രതി അവിടെയിരുന്ന് മദ്യപിക്കാന്‍ ഗ്ലാസും വെള്ളവും ചോദിച്ചു. വീട്ടുകാർ കൊടുക്കില്ലെന്ന് പറഞ്ഞതോടെ കുപിതനായ പ്രതി അസഭ്യം പറയാൻ തുടങ്ങി. തുടർന്ന് പ്രതിയോട് അനിയന്‍കുഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിപോകാൻ പറഞ്ഞെങ്കിലും കേട്ടില്ല. അവിടിരുന്ന് മദ്യപിക്കുമെന്ന് വെല്ലുവിളിച്ച പ്രതി അടുത്തുകിടന്ന കമ്പെടുത്ത് അയൽവാസിയെ അടിച്ചെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിൽ ഇടതുകൈവിരലിൽ പരിക്കേറ്റ അനിയന്‍കുഞ്ഞ് വീട്ടിലേക്ക് തിരികെക്കയറിയപ്പോൾ പ്രതി കല്ലെടുത്ത് എറിയുകയായിരുന്നു. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പ്രശാന്തിനെ പിടിച്ചുമാറ്റിയത്.
യുവാവിന്റെ ആക്രമണത്തിൽ അയൽവാസിയുടെ കൈവിരലുകള്‍ക്ക് പൊട്ടലുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പെരുനാട് പൊലീസ് പ്രതിയെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Pathanamthitta,Pathanamthitta,Kerala
June 14, 2025 12:57 PM IST