Leading News Portal in Kerala

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ റിമാൻഡിൽ | Father dies after been beaten by the son the accused remanded


അമിതമായ മൊബൈൽ ഫോൺ ഉപയോഗവും, വീഡിയോ ഗെയിം ആസക്തിയുമായിരുന്നു സിജോയ് എന്ന 19കാരനെ ഈയൊരു കൃത്യത്തിലേക്ക് നയിച്ചത്. രണ്ട് പെൺമക്കളുള്ള സുനിൽകുമാർ- ലളിത ദമ്പതികൾക്ക് ഏറെ വൈകി കിട്ടിയ മകനായിരുന്നു സിജോയ്. കുടുംബത്തിന്റെ ലാളന യുവാവിനെ നിയന്ത്രിക്കാൻ കഴിയാത്ത അക്രമ സ്വഭാവത്തിലേക്ക് നയിച്ചു എന്ന് പറയപ്പെടുന്നു.

കൊറോണ കാലത്ത് പഠന ഉപകരണമായി ലഭിച്ച മൊബൈൽ ഫോൺ പിന്നീട് വീഡിയോ ഗെയിം കളിക്കും, സാമ്പത്തിക ഇടപാടുകളോടുകൂടിയ ഇൻറർനെറ്റ് ഇടപാടുകളിലേക്കും വഴി മാറിയപ്പോൾ രക്ഷിതാക്കൾ നിയന്ത്രണം ഏർപ്പെടുത്തിയത് സിജോയെ കൂടുതൽ ചൊടിപ്പിച്ചു.

അടുത്തിടെ സിജോ ആവശ്യപ്പെട്ട ഒരു മോട്ടോർ ബൈക്ക് വാങ്ങി നൽകിയെങ്കിലും മൈലേജ് പോരാത്തതിന് മറ്റൊരു ബൈക്ക് വാങ്ങി നൽകണമെന്ന ശാഠ്യംവും, കുടുംബ വസ്തുവിൽ നിന്നുള്ള അഞ്ചു സെന്റ് സുനിൽകുമാർ മൂത്ത മകൾക്ക് നൽകിയതും, സിജോ മാതാപിതാക്കളെ കയ്യേറ്റം ചെയ്യുന്ന തലത്തിലേക്ക് എത്തി.

പഞ്ചായത്ത് അംഗം ഉൾപ്പെടെ ഇടപെട്ട് സിജോയെ കൗൺസിലിംഗിന് വിധേയനാക്കിയിരുന്നുവെങ്കിലും ഡോക്ടർമാർ കാര്യമായ തകരാറുകൾ ഒന്നും തന്നെ സിജോയിൽ കണ്ടെത്തിയിരുന്നില്ല.

എന്നാൽ സിജോ മാതാപിതാക്കളെ മർദ്ദിക്കുന്നത് പതിവായതോടെ ഇവർ വെൺപകലിലെ വീട് വിട്ട് കാഞ്ഞിരംകുളത്ത് വീട് വാടകയ്ക്കെടുത്ത് പോവുകയായിരുന്നു.

ബേക്കറി ഉടമ കൂടിയായ സുനിൽകുമാർ എല്ലാ ദിവസവും പതിവ് തെറ്റിക്കാതെ ഭക്ഷണം എത്തിക്കുകയും, പോക്കറ്റ് മണിയായി 150 രൂപ നൽകുകയും ചെയ്യ്തിരുന്നു. ഭക്ഷണം എത്തിക്കുന്ന സമയത്തൊക്കെയും പ്രകോപനം കൂടാതെ സിജോ സുനിലിനെ മർദ്ദിക്കുന്നതും പതിവായിരുന്നത്രേ

ഇത്തരത്തിലായിരുന്നു കഴിഞ്ഞ പതിനൊന്നാം തീയതി ഭക്ഷണവുമായി എത്തിയ സുനിലിനെ സിജോ ആക്രമിക്കുന്നതും, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുനിൽകുമാർ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതും.

കാൽവഴുതി പടിക്കെട്ടിൽ നിന്നും വീണതായിരുന്നു എന്നായിരുന്നു സുനിൽ കുമാർ ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഓപ്പറേഷന് വിധേയനാകുന്നതിന് തൊട്ടുമുമ്പേ ഭാര്യയോട് മകൻ ആക്രമിച്ച വിവരം പറഞ്ഞു. തുടർന്ന് സുനിൽകുമാർ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തെ തുടർന്ന് നെയ്യാറ്റിൻകര പോലീസ് സിജോയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്തതിനുശേഷം മൃതദേഹം കഴിഞ്ഞ ദിവസം രാത്രി വീട്ടുവിളപ്പിൽ സംസ്കരിച്ചു. ഫോറൻസിക് വിരലടയാള വിദഗ്ധർ സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.