വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയെ അധിക്ഷേപിച്ച റവന്യൂ ഉദ്യോഗസ്ഥൻ അറസ്റ്റിൽ | senior kerala revenue official arrested for derogatory comments against ahmedabad plane crash victim renjitha
Last Updated:
വൻദുരന്തത്തിൽ നാടാകെ വിറങ്ങലിച്ച് നിൽക്കുമ്പോഴായിരുന്നു ദുരന്തത്തിൽ ജീവൻപൊലിഞ്ഞ മലയാളി യുവതിയെ സമൂഹത്തിലെ ഉന്നതനായ ഉദ്യോഗസ്ഥനായ പവിത്രൻ ഫേസ്ബുക്ക് വഴി പരസ്യമായി അപമാനിച്ചത്
അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിത നായരെ സമൂഹ മാധ്യമത്തിൽ അപമാനിച്ച കാസർഗോഡ് വെള്ളരിക്കുണ്ട് ജൂനിയർ സൂപ്രണ്ട്/ ഡെപ്യൂട്ടി തഹസിൽദാർ പവിത്രൻ അറസ്റ്റിൽ. വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെത്തി രാവിലെ കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റ് ഹൊസ്ദുർഗ് പോലീസ് ഉച്ചയോടെ രേഖപ്പെടുത്തി മൊഴിയെടുത്തു. ഇനി കോടതിയിൽ ഹാജരാക്കും.
ഇംഗ്ലണ്ടിൽ നേഴ്സ് ആയിരുന്ന രഞ്ജിതയെ അവരുടെ മരണത്തിന് മണിക്കൂറുകൾക്കുള്ളിൽ ലൈംഗികമായും തൊഴിൽപരമായും ജാതീയമായും അധിക്ഷേപിച്ച് സമൂഹ മാധ്യമത്തിൽ പ്രതികരിച്ച പവിത്രനെ സര്‍ക്കാർ സസ്പെൻഡ‍് ചെയ്തിരുന്നു. കാസർകോട് ജില്ലാ കലക്ടർ കെ.ഇമ്പശേഖരനാണ് ഇയാളെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. പോസ്റ്റ് വിവാദമായതിന് പിന്നാലെ ഒട്ടേറെപ്പേർ മുഖ്യമന്ത്രിക്ക് ഓൺലൈനായി പരാതി നൽകിയിരുന്നു.
വെള്ളിയാഴ്ച രാവിലെ ന്യൂസ് 18 വാർത്ത പുറത്തുവിട്ടതിന് തൊട്ടുപിന്നാലെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട റവന്യൂമന്ത്രി കെ രാജൻ ഇടപെട്ടാണ് മുതിർന്ന റവന്യൂ ഉദ്യോഗസ്ഥനെതിരെ നടപടി വന്നത്. അതി ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
കാസർകോട് ജില്ലാ കലക്ടർ കെ.ഇമ്പശേഖരനാണ് ഇയാളെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.
വൻദുരന്തത്തിൽ നാടാകെ വിറങ്ങലിച്ച് നിൽക്കുമ്പോഴായിരുന്നു ദുരന്തത്തിൽ ജീവൻപൊലിഞ്ഞ മലയാളി യുവതിയെ ഫേസ്ബുക്ക് വഴി ഇയാൾ പരസ്യമായി അപമാനിച്ചത്. അസഭ്യം നിറഞ്ഞ രീതിയിലായിരുന്നു ഉദ്യോഗസ്ഥന്റെ കമന്റുകൾ. രഞ്ജിതയെ ജാതീയമായും അധിക്ഷേപിച്ചു.
വിമാനാപകടത്തിൽ മരിച്ച രഞ്ജിതയുടെ അനുശോചന പോസ്റ്റിന് താഴെയാണ് ഇയാൾ സമൂഹത്തിലെ ഉന്നതനായ ഒരു ഉദ്യോഗസ്ഥനെന്ന നില പോലും മറന്ന് പവിത്രൻ ആദ്യം അശ്ലീല കമന്റിട്ടത്. അപകടം നടന്ന് നിമിഷങ്ങൾക്കകമായിരുന്നു ഇത്. മരിച്ച സ്ത്രീയുടെ തൊഴിലിനെയും സമുദായത്തെയും കുറിച്ച് മ്ലേച്ഛമായ അശ്ളീലഭാഷയിലായിരുന്നു കമന്റുകൾ.
കേരള സർക്കാർ ജോലിയിൽനിന്ന് ലീവെടുത്ത് വിദേശത്തേയ്ക്ക് പോയതു കൊണ്ടാണ് അപകടത്തിൽ രഞ്ജിത മരിക്കാനിടയായതെന്നാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചൊരു പോസ്റ്റിൽ അദ്ദേഹം കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റു കമന്റുകൾ തികഞ്ഞ അശ്ലീലമാണ്. രഞ്ജിതയുടെ പടത്തിന് ആദരാഞ്ജലികൾ എന്നെഴുതി പങ്കുവച്ച മറ്റൊരു പോസ്റ്റിൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്നും കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്.
പോസ്റ്റ് വിവാദമായതോടെ മാപ്പപേക്ഷിച്ചു ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും ഇയാൾക്കെതിരെ വ്യാപകമായ പ്രതിഷേധം ഉണ്ടായി. വിമാനാപകടത്തിനുശേഷം മരിച്ചവരെ തിരിച്ചറിഞ്ഞ് മലയാളികൾ ഉണ്ടെന്നറിഞ്ഞപ്പോൾ സോഷ്യൽ മീഡിയയിൽ ഇട്ട ഒരു പോസ്റ്റിലാണ് അശ്ലീല കമന്റിട്ടത്. പിന്നീട് സമാനമായ പോസ്റ്റും ഇട്ടു. പോസ്റ്റ് പിൻവലിച്ചെങ്കിലും ഇതിന്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചു. പലരും മുഖ്യമന്ത്രിയെയും റവന്യൂ മന്ത്രിയെയും ടാഗ് ചെയ്തു കൊണ്ട് സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ചിരുന്നു.
മുൻമന്ത്രിയും എംഎല്‍എയും സിപിഐ നേതാവുമായ ഇ ചന്ദ്രശേഖരനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചതിനും പവിത്രനെ 9 മാസം മുൻപ് സസ്പെൻഡ് ചെയ്തിരുന്നു. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാറായിരിക്കെ കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ഇത്.
Kasaragod,Kerala
June 13, 2025 4:25 PM IST