ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ മരുമകളുടെ സഹോദരി കസ്റ്റഡിയിൽ| relative in police custody for framing beauty parlour owner Sheela Sunny in fake drug case
Last Updated:
വ്യാജ ലഹരിക്കേസിൽ പൊലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിനെത്തുടർന്ന് ദുബായിലേയ്ക്ക് കടക്കുകയായിരുന്നു
തൃശൂർ ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ ബന്ധു കസ്റ്റഡിയിൽ. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയായ ലിവിയ ജോസാണ് കസ്റ്റഡിയിലുള്ളത്. യുവതിയെയും അന്വേഷണസംഘം കേസിൽ പ്രതിചേർത്തിരുന്നു. ദുബായിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് പിടിയിലായത്. ഇവർക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു ലിവിയ. വ്യാജ ലഹരിക്കേസിൽ പൊലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിനെത്തുടർന്ന് ദുബായിലേയ്ക്ക് കടക്കുകയായിരുന്നു. യുവതിയെ നാളെ കേരളത്തിലെത്തിക്കും.
ഷീല സണ്ണിയുടെ സ്കൂട്ടറിൽ വ്യാജ എൽഎസ്ഡി സ്റ്റാമ്പ് വച്ചത് ലിവിയ ജോസ് ആണെന്ന് കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി നാരായണദാസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ലിവിയയെ പ്രതിചേർത്തത്. പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും ലിവിയയുടെ പേരുണ്ട്. ഇതിനിടെയാണ് ലിവിയ ദുബായിലേക്ക് കടന്നത്.
കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബെംഗളൂരുവിൽ നിന്നാണ് നാരായണദാസിനെ കസ്റ്റഡിയിലെടുത്തത്.
2023 ഫെബ്രുവരി 27നാണ് ലഹരിമരുന്ന് കൈവശം വച്ചതിന് ഷീലാ സണ്ണിയെ എക്സൈസ് സംഘം പിടികൂടിയത്. ഇന്റർനെറ്റ് കോളിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാൽ, വ്യാജ എൽഎസ്ഡി സ്റ്റാമ്പുകളാണ് പിടികൂടിയതെന്ന് പിന്നീട് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ 72 ദിവസമാണ് ഷീല ജയിലിൽ കഴിഞ്ഞത്.
സംഭവത്തിൽ എക്സൈസിന് വ്യാജ വിവരം നൽകിയത് മരുമകളുടെ സഹോദരിയുടെ സുഹൃത്തായ തൃപ്പൂണിത്തുറ ഏരൂർ സ്വദേശി നാരായണദാസ് ആണെന്ന് കണ്ടെത്തി. എക്സൈസ് ക്രൈംബ്രാഞ്ച് നാരായണദാസിനെ അന്ന് കേസിൽ പ്രതിചേർത്തിരുന്നു. അതിനിടെയാണ് കേസ് പൊലീസിന് കൈമാറാൻ ഹൈക്കോടതി നിർദേശിച്ചതും കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചതും.
മരുമകളുടെ സ്വർണം പണയം വച്ചതുമായി ബന്ധപ്പെട്ട് ഷീലയുടെ കുടുംബവും മരുമകളുടെ കുടുംബവും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നാണ് വിവരം. കടങ്ങൾ വീട്ടാനായി ഷീലാ സണ്ണി ഇറ്റലിയിലേക്ക് പോകാൻ ശ്രമം നടത്തിയപ്പോൾ, സ്വർണത്തിന്റെ കാര്യത്തിൽ തീരുമാനമുണ്ടാക്കാതെയാണ് പോകുന്നതെന്ന് മരുമകളുടെ വീട്ടുകാർക്ക് പരാതി ഉണ്ടായിരുന്നു. തനിക്കുകൂടി അവകാശപ്പെട്ട സ്വത്ത് നഷ്ടമാകുമെന്ന ലിവിയയുടെ ചിന്തയാണ് വൈരാഗ്യത്തിന് കാരണമെന്നും പൊലീസ് പറയുന്നു.
Kochi [Cochin],Ernakulam,Kerala
June 13, 2025 2:48 PM IST