8 അക്കൗണ്ടുകൾ വഴി കോടികളുടെ ഇടപാട്; കേരളത്തിലേക്കെത്തുന്ന MDMAയുടെ പണം സ്വീകരിച്ചിരുന്ന സ്ത്രീ പിടിയിൽ|Transactions worth crores through 8 accounts Woman arrested for accepting money for MDMA arriving in Kerala
Last Updated:
എംഡിഎംഎയുമായി രാമനാട്ടുകര സ്വദേശിയായ ഫാസിര്‍ പിടിയിലായതോടെയാണ് കോടികളുടെ ഇടപാടിന്റെ ലഹരി വിൽപ്പനയുടെ ചുരുളഴിയുന്നത്
കോഴിക്കോട്: കേരളത്തിലേക്കെത്തുന്ന എംഡിഎംഎയുടെ പണം ബാങ്ക് അക്കൗണ്ടിലൂടെ സ്വീകരിച്ചിരുന്ന ബിഹാര്‍ സ്വദേശിനി അറസ്റ്റിൽ. പട്‌ന സ്വദേശിയായ സീമാ സിന്‍ഹയാണ് കോഴിക്കോട് എക്‌സൈസ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. 98 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ഫാസിര്‍, മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പിടിയിലായതിന് പിന്നാലെ കേസ് അന്വേഷണം എക്‌സൈസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
ഫാസിറിനേക്കൂടാതെ കോഴിക്കോട് പന്തീരാങ്കാവ് പുത്തൂര്‍മഠം സ്വദേശിയായ അബ്ദുള്‍ ഗഫൂറിനെയും എംഡിഎംഎ ബെംഗളൂരുവില്‍നിന്നും സംഘടിപ്പിക്കുന്നതിനും ഇതിന്റെ പണം സീമയുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുന്നതിനും അറസ്റ്റ് ചെയ്തിരുന്നു.
ഇവര്‍ക്ക് എംഡിഎംഎ സംഘടിപ്പിച്ച് കൊടുക്കുന്നതെന്ന് കോഴിക്കോട് കരുവന്‍തിരുത്തി സ്വദേശിയായ പ്രജീഷ് എന്നയാളാണെന്ന് ഇതോടെ എക്‌സൈസിന് വിവരം ലഭിച്ചു. ഇയാള്‍ നല്‍കിയ അക്കൗണ്ടിലേക്കായിരുന്നു പണം അയച്ചതെന്ന് ഫാസിറും അബ്ദുല്‍ ഗഫൂറും മൊഴി നല്‍കി. എക്‌സൈസ് പ്രജീഷിനെ അറസ്റ്റ് ചെയ്തതോടെയാണ് ബിഹാര്‍ സ്വദേശിനിയിലേക്ക് അന്വേഷണമെത്തുന്നത്.
മൂവരും ചേര്‍ന്നാണ് എംഡിഎംഎയുടെ വിലയായ 1,05,000 രൂപ സീമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചിട്ടുള്ളതെന്ന് ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ തെളിഞ്ഞു. പിന്നാലെ ഹാജരാകാന്‍ ആവശ്യപ്പെട്ട് സീമ സിന്‍ഹയ്ക്ക് നോട്ടീസ് നല്‍കിയെങ്കിലും അവര്‍ ഹാജരായില്ല.
തുടര്‍ന്ന് എക്‌സൈസ് ക്രൈം ബ്രാഞ്ച് സംഘം സീമയെ അന്വേഷിച്ച് അവര്‍ താമസിച്ചിരുന്ന ഹരിയാണയിലെ ഗുരുഗ്രാമിലെ ഫാസില്‍പുരിലെത്തിയെങ്കിലും അവർ പട്‌നയിലേക്ക് കടന്നിരുന്നു. താല്‍ക്കാലിക മേല്‍വിലാസം വെച്ച് രേഖകള്‍ നിർമ്മിച്ച് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയ ശേഷം മയക്കുമരുന്നുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുകയാണ് സീമയുടെ രീതി.
ഇതിനായി നൈജീരിയന്‍ സ്വദേശികളേയും ഉപയോഗിച്ചിരുന്നു. സീമയുടെ എട്ടു ബാങ്ക് അക്കൗണ്ടുകളിലൂടെ ഏതാനും ദിവസങ്ങള്‍ കൊണ്ട് കോടികളുടെ പണമിടപാടാണ് നടന്നിരുന്നതെന്ന് എക്‌സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്.
Kozhikode,Kerala
July 19, 2025 5:59 PM IST
8 അക്കൗണ്ടുകൾ വഴി കോടികളുടെ ഇടപാട്; കേരളത്തിലേക്കെത്തുന്ന MDMAയുടെ പണം സ്വീകരിച്ചിരുന്ന സ്ത്രീ പിടിയിൽ