കരിപ്പൂരിൽ ഒരുകിലോ MDMAയുമായി ഒമാനിൽനിന്നെത്തിയ യുവതി അറസ്റ്റിൽ; സ്വീകരിക്കാനെത്തിയ 3 പേരും പിടിയിൽ| young woman who arrived from oman arrested at Karipur Airport with MDMA hidden in candy packets
Last Updated:
മസ്കറ്റ് വിമാനത്താവളത്തിൽനിന്നു കരിപ്പൂരിലെത്തിയ പത്തനംതിട്ട വഴുമുറ്റം നെല്ലിവലയിൽ എൻ എസ് സൂര്യ (31)യുടെ ലഗേജിൽനിന്നാണ് എംഡിഎംഎ കണ്ടെടുത്തത്
കോഴിക്കോട്: മിഠായി പായ്ക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോയോളം എംഡിഎംഎയുമായി ഒമാനിൽനിന്ന് കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യുവതി പൊലീസിന്റെ പിടിയിലായി. ഇവരെ സ്വീകരിക്കാനെത്തിയ 3 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാവിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മസ്കറ്റ് വിമാനത്താവളത്തിൽനിന്നു കരിപ്പൂരിലെത്തിയ പത്തനംതിട്ട വഴുമുറ്റം നെല്ലിവലയിൽ എൻ എസ് സൂര്യ (31)യുടെ ലഗേജിൽനിന്നാണ് എംഡിഎംഎ കണ്ടെടുത്തത്.
സൂര്യയെ സ്വീകരിക്കാനെത്തിയ തിരൂരങ്ങാടി മൂന്നിയൂർ സ്വദേശികളായ അലി അക്ബർ (32), സി പി ഷഫീർ (30), വള്ളിക്കുന്ന് സ്വദേശി എം മുഹമ്മദ് റാഫി (37) എന്നിവരെയും ഇൻസ്പെക്ടർ എ അബ്ബാസലിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിലെ പരിശോധനകൾ കഴിഞ്ഞു പുറത്തിറങ്ങി സ്വീകരിക്കാനെത്തിയവരോടൊപ്പം പുറപ്പെടാൻ ഒരുങ്ങുമ്പോൾ പൊലീസ് പിടികൂടുകയായിരുന്നു. രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് സംഘം വിമാനത്താവളത്തിലെത്തി നിരീക്ഷണം ആരംഭിച്ചിരുന്നു.
സൂര്യ ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് മസ്കറ്റിലേക്ക് പോയത്. കഴിഞ്ഞ 16ന് മസ്ക്കറ്റിലെത്തിലെത്തിയതായാണു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ദിവസങ്ങൾക്കുള്ളിൽത്തന്നെ സൂര്യ നാട്ടിലേക്കു മടങ്ങുകയും ചെയ്തു. എംഡിഎംഎ നാട്ടിലെത്തിക്കാൻ കാരിയർ ആയി പോയതാകാമെന്നാണ് പൊലീസ് നിഗമനം. ലഹരിക്കടത്തിന് വനിതാ യാത്രക്കാരെ ഉൾപ്പെടുത്തിയ സംഭവം മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ, വലിയ അളവിൽ എംഡിഎംഎ പിടികൂടുന്നത് വനിതാ യാത്രക്കാരിയിൽ നിന്ന് പിടികൂടുന്നത് കരിപ്പൂരിൽ ഇതാദ്യമാണ്.
Kozhikode [Calicut],Kozhikode,Kerala
July 21, 2025 6:39 AM IST