Leading News Portal in Kerala

കൊച്ചിയിൽ ഫ്ളാറ്റുകൾ വാടകയ്ക്കെടുത്ത് ഒഎൽഎക്സിൽ വിൽക്കാനിട്ട യുവതി പിടിയിൽ Woman arrested for cheating by renting flats in Kochi and selling them on OLX


Last Updated:

ഒരേ ഫ്ളാറ്റ് കാണിച്ച് പരസ്പരം അറിയാത്തവരുടെ കയ്യിൽ നിന്ന് പണം തട്ടുന്നതാണ് ഇവരുടെ രീതിയന്ന് പൊലീസ് പറഞ്ഞു

പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചിയിൽ ഫ്ളാറ്റുകൾ വാടകയ്ക്കെടുത്ത് ഒഎൽഎക്സിൽ വിൽക്കാനിട്ട് തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാന പ്രതികളിലൊരാളായ യുവതി പിടിയിൽ. മലബാര്‍ സര്‍വീസ് അപ്പാര്‍ട്ട്മെന്റ് എല്‍എല്‍പി കമ്പനി ഉടമയായ സാന്ദ്രയെയാണ് (24) തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഫ്ളാറ്റുകൾ വാടകയ്ക്കെടുത്ത് ഉടമ അറിയാതെയാണ് സംഘം  ഒഎൽഎക്സിൽ വിൽക്കാനിട്ടത്.

കാക്കനാട്ടെയും സമീപ പ്രദേശങ്ങളിലെയും ഫ്ലാറ്റുകൾ വാടകയ്ക്കെടുത്താണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ഫ്ളാറ്റുകൾ ഒഎൽഎക്സിൽ പണയത്തിന് നൽകാമെന്ന് പരസ്യം നൽകും. പരസ്യം കണ്ട് ആവശ്യക്കാർ വരുമ്പോൾ വൻതുക പണയം വാങ്ങി കരാറുണ്ടാക്കുകയായിരുന്നു ഇവരുടെ പതിവ്. ഇത്തരത്തിൽ ഒരേ ഫ്ലാറ്റ് കാണിച്ച് മൂന്ന് പേരിൽ നിന്ന് 20 ലക്ഷത്തോളം രൂപ ഇവർ തട്ടിയെടുത്തിരുന്നു. കാക്കനാട് മാണിക്കുളങ്ങര റോഡ് ഗ്ലോബല്‍ വില്ലേജ് അപ്പാര്‍ട്ട്മെന്റിലെ ഫ്‌ളാറ്റ് 11 മാസത്തേക്ക് പണയത്തിനു ലഭിക്കാന്‍ പണം നൽകിയവരാണ് തട്ടിപ്പിനിരയായത്. ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്.

ഒരേ ഫ്ളാറ്റ് കാണിച്ച് പരസ്പരം അറിയാത്തവരുടെ കയ്യിൽ നിന്ന് പണം തട്ടുന്നതാണ് ഇവരുടെ രീതിയന്ന് പൊലീസ് പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയും സ്ഥാപനത്തിന്റെ നടത്തിപ്പുകാരനുമായ മിന്റു കെ മാണിയെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു.