എട്ടുമാസം മുൻപ് കാണാതായ ജെയ്നമ്മയുടെ ഫോണിൽ നിന്ന് മിസ് കോൾ വരുന്നതെങ്ങനെ?| how sister gets a missed call from Jainammas phone who went missing for eight months
Last Updated:
മൃതദേഹാവശിഷ്ടങ്ങൾ, കാണാതായ സ്ത്രീകളിൽ ഒരാളായ കോട്ടയം ഏറ്റുമാനൂർ സ്വദേശി ജെയ്‌നമ്മയുടേതാകാനാണ് കൂടുതൽ സാധ്യതയെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.
2024 ഡിസംബർ 23നാണ് ജെയിൻ മാത്യു എന്ന ജെയ്നമ്മയെ (55) കാണാതാകുന്നത്. പാലായിൽ ധ്യാനത്തിന് പോകുകയാണെന്ന് പറഞ്ഞാണ് ജെയ്നമ്മ വീട്ടിൽ നിന്നിറങ്ങിയത്. നാലുദിവസം കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ ഭർത്താവ് അപ്പച്ചനും സഹോദരൻ സാവിയോ മാണിയും പൊലീസിൽ പരാതി നൽകി. പക്ഷേ അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല. ഏപ്രിലിൽ ഹൈക്കോടതി നിർദേശിച്ചതനുസരിച്ച് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു.
കാണാതായ ദിവസങ്ങളില്‍ ജെയ്നമ്മയുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ ചേർത്തല പള്ളിപ്പുറത്തായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. സമാനമായ മറ്റൊരു തിരോധാന കേസിൽ പ്രതിസ്ഥാനത്തുള്ള സെബാസ്റ്റ്യന്റെ വീട് ഈ പരിസരത്താണ് എന്നറിഞ്ഞ ക്രൈംബ്രാഞ്ച് രണ്ടുമാസം മുൻപ് ഇയാളെ ചോദ്യം ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണു പള്ളിപ്പുറത്തെ വീടും പരിസരവും പരിശോധിക്കാൻ തീരുമാനിച്ചത്. കോട്ടയം ക്രൈംബ്രാഞ്ച് എസ് പി ഗിരീഷ് പി സാരഥി, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി സാജൻ സേവ്യർ എന്നിവരുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം ഇന്നലെ പള്ളിപ്പുറത്തെ വീട്ടുവളപ്പിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹഭാഗങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.
മൃതദേഹഭാഗങ്ങളുടെ ഫൊറൻസിക് പരിശോധന ഇന്നലെ രാത്രി വൈകി പൂർത്തിയായി. ഡിഎൻഎ പരിശോധനയ്ക്കു ശേഷമേ മൃതദേഹം ആരുടേതാണ് എന്നു സ്ഥിരീകരിക്കാനാവൂ. ഇതിനായി ജെയ്നമ്മയുടെ ബന്ധുക്കളുടെ ഡിഎൻഎ സാംപിളുകൾ ശേഖരിക്കും.
2002ൽ ചേർത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെ(47) കാണാതായ സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ചും സെബാസ്റ്റ്യന്റെ വീട്ടിൽ സമാനപരിശോധന നടത്തിയിരുന്നു. ബിന്ദു പത്മനാഭനെ കാണാതായ പരാതിയുണ്ടായ 2017 മുതൽ സെബാസ്റ്റ്യൻ വിവിധ അന്വേഷണ സംഘങ്ങളുടെ നിരീക്ഷണത്തിലായിരുന്നു. പലതവണ പൊലീസും പിന്നീടു ക്രൈംബ്രാഞ്ചും സെബാസ്റ്റ്യന്റെ പള്ളിപ്പുറം ചെങ്ങുംതറയിൽ പരിശോധനകൾ നടത്തിയിരുന്നു.
വീടിന്റെ പലഭാഗത്തും കുഴിച്ചും വീടിനുള്ളിൽ പലരീതിയിലും നടത്തിയ പരിശോധനകളിലൊന്നും തെളിവുകളൊന്നും ലഭിച്ചില്ല. 2017 അവസാനം ഇയാളെ പൊലീസ് പിടികൂടി ചോദ്യം ചെയ്‌തെങ്കിലും ഇയാൾ പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകിയത്. നുണപരിശോധനയ്ക്ക് അനുമതി തേടി കോടതിയെ സമീപിച്ചെങ്കിലും സെബാസ്റ്റ്യൻ വിസമ്മതിച്ചതിനാൽ അതും നടന്നില്ല.
പള്ളിപ്പുറത്ത് മൃതദേഹഭാഗങ്ങൾ കണ്ടെത്തിയ പുരയിടത്തിലെ വീടിനുള്ളിൽ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് സ്വീകരണ മുറിയിൽ രക്തക്കറ കണ്ടെത്തിയത്. പിന്നാലെ ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും വീട്ടിനുള്ളിൽ പരിശോധന നടത്തി സാംപിളുകൾ ശേഖരിച്ചു.
കാണാതായ ജെയ്നമ്മയുടെ ഫോണിൽ നിന്നു കഴിഞ്ഞ ഞായറാഴ്ചയും സഹോദരിക്ക് കോൾ വന്നു. മിസ്ഡ് കോൾ ആണ് എത്തിയത്. തുടർന്ന് ഇവർ വിവരം ക്രൈംബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ടവർ ലൊക്കേഷൻ മേലുകാവിൽ ആണെന്നു കണ്ടെത്തി. തുടർന്നു അന്വേഷണ സംഘവും ബന്ധുക്കളും അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. അന്വേഷണം വഴി തെറ്റിക്കാനും ജെയ്നമ്മ മേലുകാവ് ഭാഗത്ത് ഉണ്ടെന്നു വിശ്വസിപ്പിക്കാനും സെബാസ്റ്റ്യന്റെ അറിവോടെയാണ് ഫോൺവിളി ആസൂത്രണം ചെയ്തതതെന്ന് അന്വേഷണ സംഘം പറയുന്നു.
Alappuzha,Alappuzha,Kerala
July 29, 2025 2:32 PM IST