ഗർഭിണിയാക്കിയ കാമുകനെ രക്ഷിക്കാൻ പെൺകുട്ടിയുടെ നുണ; 75കാരൻ 285 ദിവസം പോക്സോ കേസിൽ ജയിലിൽ| 75 year old in jail for 285 days as girls fake statement in pocso case to save boyfriend
Last Updated:
ആണ് സുഹൃത്തിനെ രക്ഷിക്കാന്‍ വേണ്ടിയാണ് വയോധികനെതിരെ മൊഴി നല്‍കിയതെന്ന് വിചാരണക്കിടെ കുട്ടി വെളിപ്പെടുത്തി
ആലപ്പുഴ: ആണ്‍സുഹൃത്തിനെ രക്ഷിക്കാന്‍ പെൺകുട്ടി നല്കിയ തെറ്റായ മൊഴിയില്‍ 75കാരന് ജയിലില്‍ കിടന്നത് 285 ദിവസം. വിചാരണയ്ക്കിടെ അതിജീവിത സത്യം തുറന്നുപറഞ്ഞതോടെയാണ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് പോക്സോ പ്രത്യേക കോടതി വയോധികനെ വെറുതെ വിട്ടത്. അതിജീവിതയുടെ പുതിയ മൊഴിപ്രകാരം ആണ്‍സുഹൃത്ത് പ്രതിയായി.
2022 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. അച്ഛന് ഉപേക്ഷിച്ച് പോയ കുട്ടി അമ്മയ്ക്കൊപ്പമായിരുന്നു താമസം. ഇവര്‍ രണ്ടുപേരും മാത്രമേ വീട്ടില്‍ താമസം ഉണ്ടായിരുന്നുള്ളൂ. ഇതേസമയം കുട്ടി പഠിക്കുന്ന സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ വയോധികന് ഈ കുടുംബവുമായി അടുപ്പത്തിലായി.
സ്കൂളിലെ സഹപാഠികളോടാണ് കുട്ടി പീഡനത്തെക്കുറിച്ചുള്ള വിവരം ആദ്യം പറഞ്ഞത്. സംഭവം അറിഞ്ഞ സ്കൂള്‍ അധികൃതര്‍ ആലപ്പുഴ നോര്‍ത്ത് പൊലീസില്‍ വിവരം അറിയിച്ചു. പിന്നാലെ, അവര്‍ വയോധികനെ അറസ്റ്റ് ചെയ്തു. ജാമ്യം ലഭിക്കാതെ വയോധികന് റിമാന്‍ഡില്‍ കഴിയവേ 2023ലാണ് കേസില്‍ വിചാരണ തുടങ്ങിയത്. കേസില്‍ ഒന്നാം സാക്ഷിയായി കുട്ടി മൊഴി നല്കി.
ആണ്‍സുഹൃത്തിനെ അറസ്റ്റ് ചെയ്ത് ആലപ്പുഴ നോര്‍ത്ത് പൊലീസ് പുതിയ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. ഈ കേസ് ഇപ്പോള്‍ ചെങ്ങന്നൂരിലെ പോക്സോ കോടതിയുടെ പരിഗണനയിലാണ്.
ഒടുവില്‍, 285 ദിവസത്തെ ജയില്‍വാസത്തിന് ശേഷം വയോധികന് ജാമ്യം ലഭിച്ചു. അതേസമയം, പുതിയ കേസ് വന്നെങ്കിലും വയോധികനെതിരെയുള്ള കേസ് അവസാനിപ്പിച്ചിരുന്നില്ല. വയോധികനെതിരെ പോക്സോ കേസ് തുടരാന്‍ കോടതിയില്‍ പൊലീസ് അഡീഷണല്‍ കുറ്റപത്രം സമര്‍പ്പിച്ചു. വയോധികന് നിരപരാധിയാണെന്ന് പെണ്‍കുട്ടി വീണ്ടും കോടതിയില്‍ മൊഴി നല്കി.
ക്ലാസ് ടീച്ചര്‍ ഉള്‍പ്പെടെ 9 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതി കുറ്റക്കാരനല്ലെന്ന് ജഡ്ജി റോയ് വര്‍ഗീസ് വിധിക്കുകയായിരുന്നു. പ്രതിയ്ക്കുവേണ്ടി അഭിഭാഷകരായ പി പി ബൈജു, ഇ ഡി സഖറിയാസ് എന്നിവര്‍ കോടതിയില്‍ ഹാജരായി.
Alappuzha,Alappuzha,Kerala
July 30, 2025 8:25 AM IST