ബസ്സില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച ബസ് ജീവനക്കാര്‍ക്കെതിരെ കേസ് | Case against a man who tried to grope a female student in bus
Last Updated:
ബസ് ജീവനക്കാരെ വിവരം അറിയിച്ചിട്ടും യാത്രക്കാരനെ പോലീസില്‍ ഏല്പിക്കാന്‍ ബസ് ജീവനക്കാര്‍ തയ്യാറായില്ലെന്നാണ് പരാതി
ബസില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന പരാതിയിൽ സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ കേസ്. ബസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് വളാഞ്ചേരി തിരൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ പണിമുടക്കി. പീഡന വിവരം അറിയിച്ചിട്ടും നടപടി എടുത്തില്ലെന്നും, പ്രതിയെ പൊലീസിന് കൈമാറിയില്ലെന്നുമാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി. എന്നാല്‍, വിദ്യാര്‍ത്ഥിനി പരാതിപ്പെടാതിരുന്നതിനാലാണ് മുന്നോട്ട് പോകാതിരുന്നതെന്ന് ബസ് ജീവനക്കാരും പറയുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെ തിരൂരില്‍ നിന്ന് വളാഞ്ചേരിയിലേക്ക് വരികയായിരുന്ന മലാല ബസ്സിലാണ് സംഭവം. വളാഞ്ചേരി കാവുംപുറത്തെ കോളേജില്‍ പഠിക്കുന്ന കുറുകത്താണീ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായതായി പരാതി നല്‍കിയത്.
കോളേജിലേക്കുള്ള യാത്രാമധ്യേ പുതനത്താണിയില്‍ നിന്ന് ബസില്‍ കയറിയ ആള്‍ പെണ്‍കുട്ടിയെ കയറിപ്പിടിച്ചെന്ന പരാതിയില്‍ വളാഞ്ചേരി പൊലീസ് കേസ് എടുത്തു. ബസ് ജീവനക്കാരെ വിവരം അറിയിച്ചിട്ടും യാത്രക്കാരനെ പോലീസില്‍ ഏല്പിക്കാന്‍ ബസ് ജീവനക്കാര്‍ തയ്യാറായില്ലെന്നാണ് പരാതി. തുടര്‍ന്ന് പൊലീസ് ബസ് കസ്റ്റഡിയില്‍ എടുത്തു. ബസ് വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടു വളാഞ്ചേരി തിരൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി വച്ച് സമരം ചെയ്തു. ബുധനാഴ്ച രാവിലെ മുതല്‍ സ്വകാര്യ ബസ്സുകള്‍ പണിമുടക്കിയത് യാത്രക്കാരെ വലച്ചു
സംഭവത്തെ കുറിച്ചുള്ള പൊലീസ് ഭാഷ്യം ഇങ്ങനെ. കടുങ്ങാത്തുകുണ്ടില്‍ നിന്ന് ബസില്‍ കയറിയ പെണ്‍കുട്ടിക്ക് നേരെ പുത്തനത്താണിയില്‍ നിന്ന് കയറിയ ഒരാള്‍ ലൈംഗിക അതിക്രമം നടത്തി. പെണ്‍കുട്ടി പരാതിപ്പെട്ടതോടെ ചോദ്യം ചെയ്തപ്പോള്‍ ബാഗ് ദേഹത്തു തട്ടിയതാണെന്നും മാപ്പ് പറഞ്ഞെന്നും ആരോപണ വിധേയന്‍ പറഞ്ഞു. ഇതെതുടര്‍ന്ന് ഇയാളെ മാറ്റി ഇരുത്തുകയും ചെയ്തു.
ശേഷം കാവുംപുറത്തു ബസ് ഇറങ്ങേണ്ട പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുന്നതിനായി വളാഞ്ചേരി വരെ യാത്ര ചെയ്‌തെങ്കിലും വളാഞ്ചേരി എത്തിയപ്പോള്‍ ആരോപണ വിധേയന്‍ കാവുമ്പുറത്ത് ഇറങ്ങിയതായി ബസ് ജീവനക്കാര്‍ അറിയിക്കുകയും തങ്ങള്‍ക്ക് സമയം ഇല്ലെന്ന് പറഞ്ഞു പെണ്‍കുട്ടിയെ സ്റ്റാന്‍ഡില്‍ ഇറക്കി വിട്ട് പോയെന്നുമാണ് പരാതി.
ശേഷം ക്ലാസില്‍ എത്തിയ പെണ്‍കുട്ടി വിഷമത്തോടെ ഇരിക്കുന്നത് ശ്രദ്ധയില്‍ പെട്ട അധ്യാപകര്‍ വിവരം തിരക്കുകയും സംഭവം വീട്ടുകാരെ അറിയിക്കുകയുമായിരുന്നു. പിന്നീട് വീട്ടുകാര്‍ ഇടപെട്ടാണ് പരാതി നല്‍കിയത്. അതേസമയം, ബസില്‍ വച്ച് പരാതി ഉള്ളതായി പെണ്‍കുട്ടി പറഞ്ഞില്ലെന്നും അതുകൊണ്ടാണ് കേസുമായി മുന്നോട്ട് പോകാതിരുന്നത് എന്നുമാണ് ബസ് ജീവനക്കാരുടെ വാദം. പിടിച്ചെടുത്ത ബസ് വിട്ടു കിട്ടിയില്ലെങ്കില്‍ അടുത്ത ദിവസം വളാഞ്ചേരിയില്‍ നിന്ന് ഒരു ബസും തിരൂര്‍ വളാഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തില്ലെന്ന് ബസ് ജീവനക്കാര്‍ അറിയിച്ചു.
Thiruvananthapuram,Kerala
July 30, 2025 11:46 AM IST
ബസ്സില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച ബസ് ജീവനക്കാര്‍ക്കെതിരെ കേസ്