ഐഷ എവിടെ? ബിന്ദു പത്മനാഭനും ജെയ്നമ്മയ്ക്കും പുറമെ മറ്റൊരു സ്ത്രീയെകൂടി തിരഞ്ഞ് അന്വേഷണ സംഘം| cherthala sebastian jainamma bindu padmanabhan case investigation team is looking for another woman
Last Updated:
2012 മെയ് 13നാണ് ഐഷയെ കാണാതാകുന്നത്. ബാങ്കിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഐഷ തിരിച്ചെത്തിയില്ല
2012 മെയ് 13നാണ് ഐഷയെ കാണാതാകുന്നത്. ബാങ്കിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഐഷ തിരിച്ചെത്തിയില്ല. പഞ്ചായത്ത് ജീവനക്കാരിയായി വിരമിച്ച് രണ്ട് വർഷത്തിനുള്ളിലാണ് ഐഷയുടെ തിരോധാനം. മെയ് 21ന് കുടുംബം ചേർത്തല പൊലീസിൽ പരാതി നൽകി. കുടുംബവീടിനോട് ചേർന്ന് വീട് വെക്കുന്നതിനായി ഐഷ സ്ഥലം വാങ്ങിയിരുന്നു. പണം മുഴുവനായി ഉടമയ്ക്ക് നൽകിയില്ലെന്ന് പിന്നീട് കണ്ടെത്തി. സ്ഥലമിടപാടുമായി ബന്ധപ്പെട്ട് ഐഷ, സെബാസ്റ്റ്യനെ ബന്ധപ്പെട്ടിരുന്നതായാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. ഈ സാഹചര്യത്തിലാണ് ഐഷ തിരോധാന കേസിലും ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.
അതേസമയം, വീട്ടുവളപ്പില്‍നിന്ന് കത്തിക്കരിഞ്ഞ ശരീരാവശിഷ്ടം കണ്ടെത്തിയ സംഭവത്തില്‍ കസ്റ്റഡിയിലുള്ള ചേര്‍ത്തല പള്ളിപ്പുറം ചെങ്ങുംതറ വീട്ടില്‍ സെബാസ്റ്റ്യനെ(68)തിരേ കൊലക്കുറ്റത്തിനു കേസെടുത്തു. കൊല്ലപ്പെട്ടത് ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്നമ്മയെന്ന സൂചനയില്‍ ഭാരതീയ ന്യായസംഹിത 103-ാം(ഐപിസി 302)വകുപ്പു പ്രകാരമാണ് കേസെടുത്തത്. ഇയാളെ ചൊവ്വാഴ്ച രാത്രി കോടതിയില്‍ ഹാജരാക്കി.
സെബാസ്റ്റ്യനെ ചോദ്യംചെയ്തതില്‍നിന്നാണ് കാണാതായ ജെയ്നമ്മ കൊല്ലപ്പെട്ടെന്ന സൂചന കിട്ടിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച രാത്രി കോട്ടയം ക്രൈംബ്രാഞ്ച് സംഘം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനും ഡിഎന്‍എ പരിശോധന വേഗത്തിലാക്കാനും അന്വേഷണസംഘം ശ്രമംതുടങ്ങി. ജെയ്നമ്മയുടെ സഹോദരങ്ങളായ സാവിയോ മാണിയുടെയും ആന്‍സിയുടെയും രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ശരീരാവശിഷ്ടത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്നു.
സംഭവവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യനൊപ്പം കസ്റ്റഡിയിലെടുത്ത ചേര്‍ത്തല സ്വദേശികളായ രണ്ടുപേരിലൊരാളെ ജാമ്യത്തില്‍വിട്ടു. വസ്തു ഇടനിലക്കാരന്‍ കൂടിയായ ഇയാളുടെ കണിച്ചുകുളങ്ങര കവലയ്ക്കു സമീപമുള്ള വീട്ടില്‍ ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് പരിശോധന നടത്തി. സെബാസ്റ്റ്യന്റെ സഹായിയായിരുന്ന ചേര്‍ത്തല സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ മനോജ് കസ്റ്റഡിയിലുണ്ട്. പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ ചെങ്ങുംതറ വീട്ടില്‍നിന്നാണ് തിങ്കളാഴ്ച ശരീരാവശിഷ്ടം കണ്ടെത്തിയത്. ഇതിനു മൂന്നുദിവസം മുന്‍പാണ് ജെയ്നമ്മയെ കാണാനില്ലെന്ന കേസില്‍ കോട്ടയം ക്രൈംബ്രാഞ്ച് സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുത്തത്. ഇയാളില്‍നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീട്ടുവളപ്പില്‍ പരിശോധന നടത്തിയത്.
2002ൽ ചേർത്തല കടക്കരപ്പള്ളി ആലുങ്കല്‍ പത്മനിവാസില്‍ ബിന്ദു പത്മനാഭനെ (47) കാണാതായ കേസിലും സെബാസ്റ്റ്യന്‍ ഒന്നാം പ്രതിയാണ്. ഈ കേസും ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് എസ് പി ഗിരീഷ് പി. സാരഥി, ഡിവൈഎസ്പി സ്റ്റാലിന്‍ സേവ്യര്‍, ഇന്‍സ്‌പെക്ടര്‍ എം എസ് രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
Alappuzha,Alappuzha,Kerala
July 30, 2025 9:44 AM IST