ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ വാദങ്ങൾ നിരത്തിയ 65കാരിയായ കെമിസ്ട്രി പ്രൊഫസർക്ക് ജീവപര്യന്തം| Chemistry Professor Who scientifically explain Husbands Death Gets Life Term For Murder
Last Updated:
കോടതിമുറിയില്‍ ശാന്തമായി ശാസ്ത്രീയവശങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഇവരുടെ വാദം ശ്രദ്ധിക്കപ്പെട്ടിരുന്നു. നിങ്ങളൊരു കെമിസ്ട്രി പ്രൊഫസറാണോ എന്ന് ജഡ്ജി ചോദിക്കുന്നതും അതെയെന്ന് പ്രതി മറുപടി നല്‍കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു
ഭോപാല്‍: ഭര്‍ത്താവിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ മുന്‍ കെമിസ്ട്രി പ്രൊഫസറായ സ്ത്രീക്ക് ജീവപര്യന്തം തടവ്. ഛത്തര്‍പുരില്‍ കെമിസ്ട്രി പ്രൊഫസറായിരുന്ന മമ്ത പഥക്കിന്റെ (65) ശിക്ഷയാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ജബല്‍പുര്‍ ബെഞ്ച് ശരിവെച്ചത്. കേസില്‍ മമ്ത കുറ്റക്കാരിയാണെന്ന് 2022ല്‍ ജില്ലാ കോടതി കണ്ടെത്തിയിരുന്നു. ഇതിനെതിരെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. വിശദമായ വാദത്തിന് ശേഷം ഹൈക്കോടതിയും ജീവപര്യന്തം തടവുശിക്ഷ ശരിവെയ്ക്കുകയായിരുന്നു.
2021ലാണ് മമ്തയുടെ ഭര്‍ത്താവായ റിട്ട. ഡോക്ടര്‍ നീരജ് പഥക്കിനെ(63)വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഫോറന്‍സിക് പരിശോധനയിലും സംശയങ്ങള്‍ ഉയര്‍ന്നതോടെ ഭാര്യയെ പൊലീസ് ചോദ്യംചെയ്തു. ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നും വ്യക്തമായി. തുടര്‍ന്ന് കൊലക്കുറ്റം ചുമത്തി മമ്തയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 2022ല്‍ ജില്ലാ കോടതി പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മാനസികവെല്ലുവിളി നേരിടുന്ന കുട്ടിയുള്ളതിനാല്‍ കോടതി പിന്നീട് ഇടക്കാലജാമ്യം അനുവദിച്ചു. ഇതിനിടെയാണ് ജില്ലാ കോടതിയുടെ വിധിക്കെതിരേ മമ്ത മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചത്.
കോടതിയില്‍ സ്വയം വാദം നടത്തിയതോടെ മമ്ത സോഷ്യൽ മീഡിയയിൽ അടക്കം ശ്രദ്ധനേടിയിരുന്നു. കെമിസ്ട്രി പ്രൊഫസറായിരുന്ന ഇവർ, ശാസ്ത്രീയവശങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതിയില്‍ സ്വയം വാദിച്ചത്. വൈദ്യുതാഘാതമേറ്റുള്ള പൊള്ളലും ചൂടുകാരണമുള്ള പൊള്ളലും കാണുമ്പോള്‍ ഒരുപോലെ തോന്നുമെങ്കിലും കൃത്യമായ രാസപരിശോധനയിലൂടെ മാത്രമേ ഇത് കണ്ടെത്താനാകൂവെന്നായിരുന്നു മമ്ത വാദിച്ചത്. കോടതിമുറിയില്‍ ശാന്തമായി ശാസ്ത്രീയവശങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഇവരുടെ വാദം ശ്രദ്ധിക്കപ്പെട്ടിരുന്നു. നിങ്ങളൊരു കെമിസ്ട്രി പ്രൊഫസറാണോ എന്ന് ജഡ്ജി ചോദിക്കുന്നതും അതെയെന്ന് പ്രതി മറുപടി നല്‍കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളാണ് പ്രതി പ്രധാനമായും ചോദ്യംചെയ്തിരുന്നത്. രാസപരിശോധന നടത്താതിരുന്നതും ശാസ്ത്രീയപരിശോധനകളുടെ അഭാവവും പ്രതി ചൂണ്ടിക്കാട്ടി. മാത്രമല്ല, ഭര്‍ത്താവിന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായും സ്വത്ത് തട്ടിയെടുക്കാനായി ഭര്‍ത്താവിന്റെ ബന്ധുക്കള്‍ തന്നെ കേസില്‍ കുടുക്കിയതാണെന്നും പ്രതി വാദിച്ചു.
കോടതിയിലെ ദൃശ്യങ്ങള്‍ വൈറലായതോടെ സ്വയം കേസ് വാദിക്കാനിറങ്ങിയ മമ്ത പഥക്കിന് സാമൂഹികമാധ്യമങ്ങളിലടക്കം വലിയ പിന്തുണ ലഭിച്ചിരുന്നു. ഇതോടെ ഏറെ ഗൗരവത്തോടെയാണ് കോടതി കേസ് പരിഗണിച്ചത്. മുതിര്‍ന്ന അഭിഭാഷകനെ അമിക്കസ് ക്യൂറിയായും നിയോഗിച്ചു. തുടര്‍ന്ന് വിശദമായ വാദത്തിന് ശേഷം സാഹചര്യത്തെളിവുകളും മറ്റുതെളിവുകളും ചൂണ്ടിക്കാട്ടിയാണ് പ്രതി കുറ്റക്കാരിയാണെന്ന് ഹൈക്കോടതിയും കണ്ടെത്തിയത്. പ്രതിയുടേത് ഗുരുതരസ്വഭാവമുള്ള കുറ്റകൃത്യമാണെന്നും കോടതി വിലയിരുത്തി.
മമ്തയുടെ വാദങ്ങള്‍ ശരിവെയ്ക്കുന്ന തെളിവുകളില്ലെന്നാണ് കോടതി കണ്ടെത്തിയത്. മാത്രമല്ല, പ്രതിക്ക് ഭര്‍ത്താവിനെ സംശയമായിരുന്നുവെന്നും നേരത്തേ ക്രൂരമായി ഉപദ്രവിച്ചിരുന്നതായും കോടതി പറഞ്ഞു. നല്ലൊരു അമ്മയായിരുന്നുവെന്ന മമ്തയുടെ വാദത്തോട് പ്രതി ഒരു സ്‌നേഹനിധിയായ അമ്മയായിരിക്കാമെന്നും അതേസമയം, പ്രതി സംശയാലുവായ ഒരു ഭാര്യയായിരുന്നുവെന്നും കോടതി പ്രതികരിച്ചു.
2021 ഏപ്രില്‍ 29-നാണ് മമ്തയുടെ ഭര്‍ത്താവ് ഡോ. നീരജ് പഥക്കിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ദാമ്പത്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് വേര്‍പിരിഞ്ഞതിന് ശേഷം ദമ്പതിമാര്‍ വീണ്ടും ഒരുമിച്ച് ജീവിതം ആരംഭിച്ചശേഷമായിരുന്നു സംഭവം. ഭര്‍ത്താവിനെ മമ്തയ്ക്ക് സംശയമായിരുന്നുവെന്നും പൊലീസ് പറഞ്ഞിരുന്നു.
നീരജിന്റെ പഥക്കിന്റെ മരണം ഷോക്കേറ്റാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതാണ് കേസില്‍ നിര്‍ണായകമായത്.ഭാര്യയില്‍നിന്നുള്ള ഉപദ്രവത്തെക്കുറിച്ച് ഇദ്ദേഹം ഒരു ബന്ധുവിനെ ഫോണില്‍വിളിച്ച് പറഞ്ഞതും തെളിവായി.
ഭാര്യ ദിവസങ്ങളോളം തന്നെ കുളിമുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും ഭക്ഷണം പോലും നിഷേധിച്ചെന്നും മര്‍ദിച്ചെന്നും നീരജ് പറഞ്ഞിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ പൊലീസ് ഇടപെട്ടതോടെ മമ്ത ഭര്‍ത്താവിനെ മോചിപ്പിച്ചു. അന്നേദിവസം തന്നെയാണ് നീരജിന്റെ മരണം സംഭവിച്ചതും. എന്നാല്‍, താന്‍ ഭക്ഷണവുമായി പോയപ്പോള്‍ ഭര്‍ത്താവിനെ മരിച്ചനിലയില്‍ കണ്ടെന്നായിരുന്നു മമ്തയുടെ മൊഴി.
Bhopal,Bhopal,Madhya Pradesh
July 31, 2025 8:28 AM IST
ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ വാദങ്ങൾ നിരത്തിയ 65കാരിയായ കെമിസ്ട്രി പ്രൊഫസർക്ക് ജീവപര്യന്തം