പ്രസവിച്ച് ആറാം ദിവസം പരിചയക്കാരിക്ക് കുഞ്ഞിനെ വിറ്റു; അമ്മയും കാമുകനും പിടിയിൽ| newborn baby handed over illegally young man and woman arrested in kochi | Crime
Last Updated:
സംഭവത്തിൽ അമ്മയെ ഒന്നാം പ്രതിയും ആണ്‍സുഹൃത്ത് ജോൺ തോമസിനെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസെടുത്തു
കൊച്ചി: പ്രസവിച്ച് ആറ് ദിവസം മാത്രമായ കുഞ്ഞിനെ വിറ്റ് അമ്മയും കാമുകനും. കുട്ടികൾ ഇല്ലാത്ത കടുങ്ങല്ലൂർ സ്വദേശിനിയായ 55കാരിക്കാണ് കുഞ്ഞിനെ വിൽക്കാനായി ശ്രമം നടത്തിയത്. പൊലീസ് പിടിയിലായ മാതാപിതാക്കളെ വിശദമായി ചോദ്യംചെയ്തതിലൂടെയാണ് കുഞ്ഞിനെ വിറ്റ വിവരം പുറത്തുവന്നത്. കുഞ്ഞിനെ രക്ഷപ്പെടുത്തി കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ചയാണ് സംഭവം. സംഭവത്തിൽ അമ്മയെ ഒന്നാം പ്രതിയും ആണ്‍സുഹൃത്ത് ജോൺ തോമസിനെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസെടുത്തു.
കുഞ്ഞിന്റെ മാതാവിന്റെ പരിചയക്കാരിയായ കടുങ്ങല്ലൂർ സ്വദേശിനിക്കാണ് കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ സ്വീകരിച്ചില്ലെങ്കിൽ കൊന്നുകളയുമെന്നാണ് കടുങ്ങല്ലൂർ സ്വദേശിനിയോട് മാതാപിതാക്കൾ പറഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കുന്നു. അതേസമയം, കുഞ്ഞിനെ വിൽക്കുന്നതിന് പിന്നിൽ പണമിടപാടുകൾ നടന്നിട്ടില്ലെന്നും പൊലീസ് പറയുന്നു.
പ്രസവിച്ചശേഷം കുഞ്ഞിനെ ഉപേക്ഷിക്കാനായിരുന്നു തീരുമാനം. തുടർന്നാണ് മെഡിക്കൽ കോളേജിൽനിന്ന് ഡിസ്ചാർജ് ആയതിനുശേഷം കുഞ്ഞിനെ മറ്റൊരു സ്ത്രീക്ക് വിൽക്കാൻ തീരുമാനിച്ചത്. ഇക്കാര്യം യുവതിയുടെ മറ്റൊരു സുഹൃത്ത് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പുലർച്ചെ മൂന്ന് മണിയോടെ യുവതിയും പങ്കാളിയും പിടിയിലാകുന്നത്.
ഇവരെ വിശദമായി ചോദ്യംചെയ്തതോടെയാണ് കുഞ്ഞിനെ വിറ്റ വിവരം പുറത്തറിയുന്നത്. സംഭവത്തിൽ കുഞ്ഞിനെ ഉപേക്ഷിക്കൽ, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകൾ ചേർത്ത് കുഞ്ഞിന്റെ പിതാവിന്റേയും മാതാവിന്റേയും പേരിൽ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
കുഞ്ഞിന്റെ പിതാവിനെ പൊലീസ് റിമാൻഡ് ചെയ്തു. പ്രസവിച്ചതിന്റെ ശാരീരിക അസ്വസ്ഥതകൾ ഉള്ളതിനാൽ മാതാവിനെ മഹിളാമന്ദിരത്തിൽ പാർപ്പിച്ചിരിക്കുകയാണ്. കുഞ്ഞിനെ അടുത്ത ദിവസംതന്നെ സിഡബ്ല്യൂസിക്ക് കൈമാറും.
Kochi [Cochin],Ernakulam,Kerala
August 04, 2025 6:47 AM IST