Leading News Portal in Kerala

കട കുത്തിത്തുറന്ന് 30 കുപ്പി വെളിച്ചെണ്ണ മോഷ്ടിച്ചു; ഫ്രിഡ്ജിൽ നിന്ന് സോഫ്റ്റ് ഡ്രിങ്ക് കുടിച്ച് കള്ളൻ ക്ഷീണമകറ്റി| Shop broken 30 bottles of coconut oil stolen in Aluva Kochi | Crime


Last Updated:

600 രൂപ വീതം വിലയുള്ള മുന്തിയ ഇനം 30 കുപ്പി വെളിച്ചെണ്ണയാണ് കവർന്നത്. ഫ്രിഡ്ജിൽ നിന്ന് സോഫ്റ്റ് ഡ്രിങ്ക് കുടിച്ച് ക്ഷീണമകറ്റിയശേഷമാണ് കള്ളൻ കടയിൽ നിന്ന് പോയത്

പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കൊച്ചി: കടയുടെ പൂട്ട് തല്ലിപ്പൊളിച്ച് അകത്തുകയറി 30 കുപ്പി വെളിച്ചെണ്ണ മോഷ്ടിച്ചു. ആലുവ തോട്ടുമുഖം പാലത്തിനു സമീപം പുത്തൻപുരയിൽ അയൂബ് നടത്തുന്ന ‘ഷാ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ്’ കടയിലുണ്ടായിരുന്ന സാധനങ്ങളാണ് മോഷണം പോയത്. കള്ളൻ കടയ്ക്കുള്ളിൽ കയറുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ആദ്യം തറ തുരന്നു കയറാനാണ് കളളൻ ശ്രമിച്ചത്. തുടർന്ന് പരാജയപ്പെട്ടപ്പോഴാണ് കടയുടെ പൂട്ട് തല്ലിപ്പൊളിച്ചത്.
ഇതും വായിക്കുക: നിങ്ങളും സൂക്ഷിച്ചോ! അങ്കണവാടിയിൽനിന്ന് 5 ലീറ്റ‍‍ർ വെളിച്ചെണ്ണ മോഷണം പോയി

അകത്തുകയറിയ കള്ളന്റെ കണ്ണിൽ‌ ആദ്യംപതിഞ്ഞത് നിരത്തിവച്ചിരിക്കുന്ന 30 കുപ്പി വെളിച്ചെണ്ണയാണ്. 600 രൂപ വീതം വിലയുള്ള മുന്തിയ ഇനം 30 കുപ്പി വെളിച്ചെണ്ണയാണ് കവർന്നത്. ഫ്രിഡ്ജിൽ നിന്ന് സോഫ്റ്റ് ഡ്രിങ്ക് കുടിച്ച് ക്ഷീണമകറ്റിയശേഷമാണ് കള്ളൻ കടയിൽ നിന്ന് പോയത്. വെളിച്ചെണ്ണയ്ക്കൊപ്പം പത്ത് പാക്കറ്റ് പാലും ഒരുപെട്ടി ആപ്പിളും മോഷ്ടിച്ചിട്ടുണ്ട്. മടങ്ങാൻ നേരം സിസിടിവി ക്യാമറ കണ്ടതോടെ അതിന്റെ കേബിളും അറുത്തു മുറിച്ചാണ് കള്ളൻ സ്ഥലംവിട്ടത്.

ഇതും വായിക്കുക: ‘ഓണത്തിന് സപ്ലൈകോ വഴി രണ്ട് ലിറ്റർ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ നൽകും’; മന്ത്രി ജി.ആർ. അനിൽ

വെളിച്ചെണ്ണ വില റെക്കോഡിട്ട് കുതിക്കുന്നതിനിടെയാണ് മോഷണം തുടർക്കഥയാക‌ുന്നത്. ദിവസങ്ങൾക്ക് മുൻപ് കോട്ടയത്ത് അങ്കണവാടിയില്‍ ഭക്ഷണം പാചകം ചെയ്യാനായി സൂക്ഷിച്ച 5 ലിറ്റർ വെളിച്ചെണ്ണ മോഷണം പോയിരുന്നു. മാടപ്പള്ളി പഞ്ചായത്തില്‍ പെരുമ്പനച്ചിയിലെ 32ാം നമ്പർ അങ്കണവാടിയിലാണ് മോഷണം. ഓരോ ലീറ്ററിന്റെ 5 പാക്കറ്റ് ബ്രാൻഡഡ് വെളിച്ചെണ്ണയാണ് മോഷ്ടാവ് കവർന്നത്. ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും വിതരണത്തിന് എത്തിച്ച 2.5 കിലോ റാഗിപ്പൊടിയും 4 കിലോ ശർക്കരയും മോഷണംപോയി. എന്നാൽ‌ അമൃതം പൊടിയും നുറുക്കുഗോതമ്പും പയറും ഉഴുന്നും അടക്കം മറ്റു സാധനങ്ങളിൽ കള്ളൻ തൊട്ടതുമില്ല.

മലയാളം വാർത്തകൾ/ വാർത്ത/Crime/

കട കുത്തിത്തുറന്ന് 30 കുപ്പി വെളിച്ചെണ്ണ മോഷ്ടിച്ചു; ഫ്രിഡ്ജിൽ നിന്ന് സോഫ്റ്റ് ഡ്രിങ്ക് കുടിച്ച് കള്ളൻ ക്ഷീണമകറ്റി