അഞ്ചു വയസ്സുകാരിയെ മുസ്ലീം പള്ളിയില്‍ ബലാത്സംഗം ചെയ്ത കേസിൽ കര്‍ണാടകയിൽ മതപ്രഭാഷകന്‍ അറസ്റ്റില്‍ | Religious preacher arrested for Raping 5-Year-Old girl Inside Mosque | Crime
Last Updated:
വിവിധ മുസ്ലീം പള്ളികളില്‍ ഇയാള്‍ മതപ്രഭാഷണങ്ങള്‍ നടത്തുന്നതായും പൊലീസ് അറിയിച്ചു
കര്‍ണാടകയിൽ അഞ്ച് വയസ്സുകാരിയെ ഒരു മുസ്ലീം പള്ളിക്കുള്ളില്‍ ബലാത്സംഗം ചെയ്ത കേസില്‍ മതപ്രഭാഷകനെ പോലീസ് അറസ്റ്റു ചെയ്തു. മഹാലിംഗപൂരില്‍ നിന്നുള്ള തുഫൈല്‍ അഹമ്മദ് ദാദാഫീറിനെയാണ് അറസ്റ്റ് ചെയ്തത്. ബെലഗാവി ജില്ലയിൽ 2023 ഒക്ടോബറിലാണ് സംഭവം നടക്കുന്നത്.സമൂഹ മാധ്യമങ്ങളിലൂടെയും സിസിടിവി ദൃശ്യങ്ങളിലൂടെയും കുറ്റകൃത്യം പുറത്തുവന്നതിനുപിന്നാലെയാണ് അറസ്റ്റ്.
സംഭവം നടന്നിട്ട് രണ്ട് വര്‍ഷത്തോളമായെങ്കിലും ഒരു ആക്ടിവിസ്റ്റ് സമൂഹ മാധ്യമത്തിലൂടെ വിവരങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് കേസ് പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരയെയും പ്രതിയെയും കുറ്റകൃത്യം നടന്ന സ്ഥലവും ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു.
പള്ളിക്കുള്ളിലെ സിസിടിവി ക്യാമറകളില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. എന്നാല്‍ വീഡിയോ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും പെണ്‍കുട്ടിയുടെ കുടുംബം കുട്ടിയുടെ ഭാവിയെ കുറിച്ചുള്ള ആശങ്കയും ഭയവും കാരണം പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. സംഭവത്തെക്കുറിച്ച് പോലീസ് അറിഞ്ഞപ്പോള്‍ ഔപചാരികമായി പരാതി നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പെണ്‍കുട്ടിയുടെ പിതാവിനെ സമീപിച്ചു. എന്നാല്‍ കേസില്‍ തന്നെയോ കുട്ടിയെയോ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
കുടുംബം ഔദ്യോഗികമായി പരാതി നല്‍കാന്‍ വിസമ്മതിച്ചതോടെ ബെലഗാവി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഇടപെട്ട് ഇരയ്ക്കുവേണ്ടി കേസ് രജിസ്റ്റര്‍ ചെയ്തു. ഇതേത്തുടര്‍ന്നാണ് തുഫൈല്‍ അഹമ്മദ് ദാദാഫീറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതി പ്രധാനമായും വെല്‍ഡറായും ട്രസ് സ്ട്രക്ച്ചറുകള്‍ സ്ഥാപിക്കുന്നയാളായും ജോലി ചെയ്തിരുന്നുവെന്ന് ബെലഗാവി പോലീസ് സൂപ്രണ്ട് ഡോ. എസ് ഭീമശങ്കര്‍ ഗുലേദ് പറഞ്ഞു. വിവിധ പള്ളികളില്‍ ഇയാള്‍ മതപ്രഭാഷണങ്ങള്‍ നടത്തുന്നതായും അദ്ദേഹം അറിയിച്ചു. എന്നാല്‍ കുറ്റകൃത്യം നടന്ന ദിവസം പള്ളിയില്‍ പോയത് പ്രസംഗിക്കാനല്ല മറിച്ച് വീട്ടിലെ ഒരു വഴക്കിനെത്തുടര്‍ന്നാണ് എന്നും ഡോ. ഗുലേദ് പറഞ്ഞു.
സംഭവത്തിനുശേഷം ഇരയായ പെണ്‍കുട്ടി കടുത്ത മാനസിക സംഘര്‍ഷവും ആഘാതവും നേരിട്ടു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് കുടുംബം മനസ്സിലാക്കി. എന്നാല്‍ ആ സമയത്ത് പരാതി നല്‍കിയില്ലെന്നും പോലീസ് സമീപിച്ചപ്പോഴും ഭയം കാരണം പരാതി നല്‍കാന്‍ വിസമ്മതിക്കുകയാണുണ്ടായതെന്നും അതിനാല്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ കേസെടുത്തിട്ടുള്ളതെന്നും അദ്ദേഹം വിശദമാക്കി.
സംഭവത്തില്‍ മുറഗോഡ് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
August 07, 2025 4:08 PM IST
അഞ്ചു വയസ്സുകാരിയെ മുസ്ലീം പള്ളിയില്‍ ബലാത്സംഗം ചെയ്ത കേസിൽ കര്‍ണാടകയിൽ മതപ്രഭാഷകന്‍ അറസ്റ്റില്‍